തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മന്ത്രി കെ.ടി.ജലീലിന് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ മൊഴികളിൽ വൈരുദ്ധ്യവും അവ്യക്തതയും ഉള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യക്തമാക്കി. അദ്ദേഹത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. മൊഴികളും രേഖകളും ഒത്തുനോക്കി സ്വപ്നയും സരിത്തുമടക്കമുള്ള പ്രതികളിൽ നിന്ന് വ്യക്തതതേടിയ ശേഷമാവും ജലീലിനെതിരായ അടുത്തനടപടി. ജലീലിന്റെ വിദേശയാത്രകളും വിദേശ ഇടപാടുകളും യു. എ. ഇ കോൺസുലേറ്റിലെ സ്വകാര്യ സന്ദർശനങ്ങളും കോൺസുൽ ജനറലുമായുള്ള ഇടപാടുകളും അന്വേഷിക്കും.
ജലീലിന്റെ മൊഴികൾ
സുഹൃത്തായ കോൺസുൽ ജനറലിനെ റംസാൻ മതാചാരത്തിന് സഹായിച്ചതാണ്. ഭക്ഷ്യകിറ്റും മതഗ്രന്ഥവും ഏറ്റെടുത്തത് അങ്ങനെയാണ്. ലോകമെമ്പാടും യു.എ.ഇ എംബസികളിലെയും കോൺസുലേറ്റുകളിലെയും റംസാൻ ഉപചാരമാണത്.
കൊവിഡായതിനാൽ വിതരണം ചെയ്യാതെ മലപ്പുറത്ത് സൂക്ഷിച്ചിട്ടുള്ള മതഗ്രന്ഥങ്ങൾ കോൺസുലേറ്റിനെ തിരിച്ചേൽപ്പിക്കാം.
പുസ്തകങ്ങളുമായി പോയ സർക്കാർ വാഹനത്തിൽ മതഗ്രന്ഥങ്ങൾ മലപ്പുറത്തെത്തിച്ചത് യു.എ.ഇയുമായി സൗഹൃദം കൂട്ടുന്നതാണ്.
250പാക്കറ്റുകളിൽ കാർഗോയിലെത്തിച്ച മതഗ്രന്ഥങ്ങളിൽ 32പാക്കറ്റാണ് സി ആപ്റ്റ് മലപ്പുറത്തെത്തിച്ചത്. ബാക്കി എവിടെയെന്ന് അറിയില്ല
കോൺസുൽ ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്നയുടെ ആവശ്യപ്രകാരമാണ് പാഴ്സൽ കൊണ്ടുപോയത്.
മൊഴികളിൽ അവ്യക്തത
കോൺസുലേറ്റിന് വാഹനങ്ങളുള്ളപ്പോൾ 32പാക്കറ്റുകൾ മലപ്പുറത്തെത്തിക്കാൻ സർക്കാർ വാഹനം ഉപയോഗിച്ചതെന്തിന്?
രേഖയില്ലാതെ സർക്കാർ വാഹനത്തിൽ പാഴ്സൽ കയറ്റിയതെന്തിന്?
സി-ആപ്‌റ്റിന്റെ മറ്റൊരു വാഹനം ബംഗളുരുവിലേക്ക് പോയത് എന്തിന്?
വിദേശയാത്രകൾ, കോൺസുലേറ്ര് ബന്ധം, വിദേശത്തെ ഇടപാടുകൾ
തുടങ്ങിയവയെ പറ്റിയുള്ള മറുപടികളും തൃപ്തികരമല്ല.
ഈ കണക്കാണ് കുരുക്ക്
ഡിപ്ലോമാറ്റിക് കാർഗോ ആയി 250പാക്കറ്റുകളിൽ മതഗ്രന്ഥമെന്ന പേരിൽ 4478 കിലോ കാർഗോയാണ് കോൺസുലേറ്റ് ജനറലിന്റെ പേരിൽ എത്തിച്ചത്.
രേഖകളിൽ ഓരോപാക്കറ്റിനും തൂക്കം 17.91കിലോ.
സി-ആപ്‌റ്റിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത ഒരു മതഗ്രന്ഥത്തിന് തൂക്കം 576ഗ്രാം. @ഒരു പാക്കറ്റിൽ 31ഗ്രന്ഥങ്ങൾ.
250പാക്കറ്റുകളുടെ തൂക്കം 4464കിലോഗ്രാം.
എയർവേ ബില്ലിലെ തൂക്കവും സാമ്പിൾ പരിശോധനയിലെ തൂക്കവും തമ്മിൽ 14 കിലോയുടെ വ്യത്യാസം.
സി ആപ്റ്റ് എത്തിച്ച 32പാക്കറ്റുകളിൽ 992മതഗ്രന്ഥങ്ങൾ.
250പാക്കറ്റുകളിലെ 7750 മതഗ്രന്ഥങ്ങളിൽ ശേഷിച്ച 6758എണ്ണം എവിടെ?
ഇ.ഡിയുടെ സംശയം
1)പ്രോട്ടോക്കോൾ ഓഫീസറുടെ ക്ലിയറൻസില്ലാതെ കള്ളക്കടത്തായി എത്തിച്ച കാർഗോയിൽ മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണവും വിദേശകറൻസിയും കടത്തിയോ?
2) ലോക്ക്ഡൗണിലെ പൊലീസ് പരിശോധന ഒഴിവാക്കാൻ കേരളാസ്റ്റേറ്റ് ബോർഡ് വച്ച അടച്ചുമൂടിയ ലോറി ഉപയോഗിച്ചോ
3)ജലീലുമായി വിദേശത്ത് ദുരൂഹഇടപാടുകൾ നടത്തിയിട്ടുണ്ടോ ? വിമാനത്താവളങ്ങളിൽ മന്ത്രിയുടെ ഗ്രീൻചാനൽ സൗകര്യം ദുരുപയോഗിച്ചോ?
4)പ്രോട്ടോക്കോൾ ലംഘിച്ച് കോൺസുലേറ്റ് ജനറലുമായി സൗഹൃദമുണ്ടാക്കിയ ജലീൽ, മറ്റെന്തെങ്കിലും ക്രമക്കേടുകൾ നടത്തിയോ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |