തിരുവനന്തപുരം: സ്വർണക്കടത്ത് നടത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്ത മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു.
യൂത്ത് കോൺഗ്രസ്, യുവമോർച്ച, യൂത്ത് ലീഗ് എന്നീ സംഘടനകളാണ് സമരവുമായി തെരുവിലിറങ്ങിയത്.
സെക്രട്ടേറിയറ്റ് നടയായിരുന്നു പ്രധാന സമര വേദി. യൂത്ത് കോൺഗ്രസ് യുവമോർച്ച മാർച്ച് സംഘർഷത്തിൽ കലാശിച്ചു.പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ജലപീരങ്കി,ഗ്രനേഡ്,കണ്ണീർവാതകം എന്നിവ പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തൃശൂരിൽ പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് ബി.ജെ.പിക്കാർ നടത്തിയ പ്രകടനത്തിനുനേരെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയിൽ പാർട്ടി സംസ്ഥാന വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണന് കണ്ണിന് പരിക്കേറ്റു.
കൊല്ലത്തും കോഴിക്കോട്ടും തൃശൂരും യുവമോർച്ച യൂത്ത് കോൺഗ്രസ് മാർച്ചുകൾക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസുകാരും പൊലീസും ഏറ്റുമുട്ടി. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ വീട്ടിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.ആലപ്പുഴ കളക്ടറേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിലെ സംഘർഷം ഷാനിമോൾ ഉസ്മാൻ എം.എൽ.എ കളക്ടറേറ്റ് കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയാക്കി.യുവമോർച്ച പ്രവർത്തകർ കോട്ടയത്ത് എംസി റോഡ് ഉപരോധിച്ചു. തൊടുപുഴയിലും യുവമോർച്ച പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |