തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,80,212 മെരിറ്റ് സീറ്റുകളിൽ 2,22,522എണ്ണത്തിലേക്കാണ് അലോട്ട്മെന്റ് നടത്തിയത്. അവശേഷിക്കുന്നത് 57,878 സീറ്റുകളാണ്. ആകെ 4,76,046 വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്. 13,6420 ജനറൽ സീറ്റുകളിൽ 13,6417 എണ്ണത്തിലേക്കും അലോട്ട്മെന്റ് പൂർത്തിയായി.
അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്ന് രാവിലെ ഒൻപത് മുതൽ 19 വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login -SWS ലിങ്കിൽ ലോഗിൻ ചെയ്ത് First Allot Results ലൂടെ പരിശോധിക്കാം. അപേക്ഷയിൽ രജിസ്റ്രർ ചെയ്ത മൊബൈലിലേക്ക് അലോട്ട്മെന്റ് സ്റ്റാറ്റസ് എസ്.എം.എസ് ആയും ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലെറ്ററിലുള്ള തീയതിയിലും സമയത്തുമാണ് സ്കൂളുകളിലെത്തി പ്രവേശനം നേടേണ്ടത്. ആദ്യ ഓപ്ഷനിൽ അഡ്മിഷൻ ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഓൺലൈനായും ഫീസടയ്ക്കാൻ സൗകര്യമുണ്ട്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് താത്കാലിക പ്രവേശനമോ സ്ഥിരം പ്രവേശനമോ നേടാം. താത്കാലിക പ്രവേശനം ലഭിക്കുന്നവർ ഫീസടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽകാലിക പ്രവേശനം നേടാതിരിക്കുന്നവരെ അടുത്ത അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. സ്പോർട്സ് ക്വോട്ട അലോട്ട്മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |