തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റും ഡ്രൈവിംഗ് പരിശീലനവും ഇന്നു മുതൽ പുനരാരംഭിക്കും. കർശന നിയന്ത്രണങ്ങളോടെയാണ് ടെസ്റ്റിനും പരിശീലനത്തിനും അനുമതി നൽകിയിട്ടുള്ളത്.
ലോക്ക്ഡൗണിന് മുമ്പ് ലേണേഴ്സ് എടുത്തവർക്കും ടെസ്റ്റിൽ പരാജയപ്പെട്ടവർക്കും മാത്രമാണ് അദ്യഘട്ടത്തിൽ അനുമതി നൽകുക. സാമൂഹിക അകലം പാലിച്ച് 50 ശതമാനം പേർക്ക് മാത്രമേ ടെസ്റ്റിന് അവസരം നൽകുകയുള്ളൂ. കണ്ടൈൻമെന്റ് സോണുകളിൽ ടെസ്റ്റ് അനുവദിക്കില്ല. രോഗലക്ഷണങ്ങൾ ഉള്ളവരെയും പ്രവേശിപ്പിക്കില്ല. 65 വയസിന് മുകളിലുള്ളവരെയും ഗർഭിണികളെയും ടെസ്റ്റിൽ പങ്കെടുപ്പിക്കില്ല. റോഡ് ടെസ്റ്റിൽ ഒരാളെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ.
ടെസ്റ്റിനു വരുന്നവർക്കും ഡ്രൈവിംഗ് പഠിക്കുന്നവർക്കും പരിശീലകർക്കും ഗ്ലൗസ്,മാസ്‌ക്,ഫേസ്ഷീൽഡ് എന്നിവ നിർബന്ധമാണ്. ഒരുസമയം ഒരാൾക്ക് മാത്രമേ പരിശീലനം നൽകാവൂ. ഒരോരുത്തരും വാഹനം ഓടിച്ച ശേഷം സ്റ്റിയറിംഗ്,ഗിയർ ലിവർ,സീറ്റ് ബെൽറ്റ്,ഹാൻഡിൽ,മിറർ,സ്വിച്ച് എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. വാഹനത്തിൽ എ.സി ഉപയോഗിക്കരുത്. ഗ്ലാസുകൾ താഴ്തി ഇടണം. അണുനാശിനി വാഹനത്തിൽ സൂക്ഷിച്ചിരിക്കണം. ദിവസവും വാഹനം വൃത്തിയാക്കണം.
കെട്ടികിടക്കുന്നത് 7 ലക്ഷം അപേക്ഷകൾ
ഡ്രൈവിംഗ് ടെസ്റ്റിനു വേണ്ടി വിവിധ ആർ.ടി ഓഫീസുകളിൽ കെട്ടികിടക്കുന്നത് ഏഴ് ലക്ഷം അപേക്ഷകളാണ്. സംസ്ഥാനത്ത് 5100 ഡ്രൈവിംഗ് സ്കൂളുകളും ഇരുപതിനായിരത്തോളം ജീവനക്കാരുമുണ്ട്. ലോക്ക്ഡൗണിനു ശേഷം അവരുടെ ഉപജീവന മാർഗം നിലച്ചിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |