സൂര്യ ഇന്ന് ആരും ബഹുമാനിക്കുന്ന തമിഴകത്തെ സൂപ്പർ താരമാണ്. തെറ്റുകൾക്കെതിരെ പൊരുതി നേടിയ വിജയമായിരുന്നു സൂര്യയുടേത്. ഇന്ന് സൂര്യയെക്കുറിച്ച് പറയാൻ രക്ഷിതാക്കൾക്കും അഭിമാനം.നടനായ അച്ഛന്റെ നിഴലിൽ നിന്ന് മാറി നടന്ന് സൂര്യ ഒരു പുതുവഴി തുറന്നു. ആ വഴിയിൽ സൂര്യ തന്നെയായിരുന്നു താരം. ഒടുവിൽ ഗൗരവത്തിന്റെ മൂടുപടം അഴിച്ച് പ്രണയവും വിവാഹവും കടന്നുവന്നു. തെന്നിന്ത്യയുടെ നായിക ജോതിക സൂര്യയുടെ ജീവിതക്കൂട്ടിലേക്ക് ചേക്കേറി... പ്രണയവും അതിലേറെ മധുരമുള്ള ജീവിതവും പങ്കുവച്ച് സൂര്യയും ജ്യോതികയും നമുക്ക് മുന്നിൽ...
ജ്യോതികയെ ആദ്യമായി കണ്ടത്
എപ്പോഴാണ്?
1999ലാണ് ഞാൻ ജ്യോതികയെകാണുന്നത്. ഞങ്ങൾ നായികാ നായകന്മാരായി അഭിനയിച്ച പൂവെല്ലാം കേട്ടുപ്പാർ എന്ന പടത്തിന്റെ ഷൂട്ടിംഗ് സമയത്ത് . അത് എന്റെ അഞ്ചാമത്തെ പടമായിരുന്നു.
അന്ന് ജ്യോതിക സൂര്യയെ ശ്രദ്ധിച്ചിരുന്നതായി തോന്നിയിട്ടുണ്ടോ?
ആദ്യ സിനിമയ്ക്ക് ശേഷം ഞങ്ങൾ തമ്മിൽ ബന്ധമൊന്നുമില്ലായിരുന്നു. പിന്നീട് ജോ വലിയ താരമായി.പണ്ടത്തെ നായകനെയൊന്നും ഓർക്കില്ല, ശ്രദ്ധിക്കില്ല എന്നൊക്കെയുള്ള ധാരണയായിരുന്നു എനിക്ക്. ഒരിക്കൽ ജോയുടെ സിനിമാലൊക്കേഷൻ വഴി പോയപ്പോൾ ഞാൻ മനഃപൂർവം ജോയെ കാണാൻ നിന്നില്ല. അത് ശ്രദ്ധിച്ച ജോ അസിസ്റ്റന്റിനോട് പറഞ്ഞ് എന്നെ വിളിപ്പിച്ചു. ഒരു ഹായ് പോലും പറയാതെ പോയത് എന്താണെന്ന് ചോദിച്ചു.
പിന്നീട് എപ്പോഴാണ്
സൗഹൃദത്തിലായത്?
കാക്ക കാക്കയുടെ സമയത്താണ് ഞങ്ങൾ സംസാരിച്ച് തുടങ്ങുന്നത്. ആ പടം എനിക്ക് വഴിത്തിരിവായി. അതിന്റെ കാരണക്കാരി ജ്യോതികയാണ്. ആ സിനിമയിലേക്ക് എന്നെ ശുപാർശ ചെയ്തത് ജോയാണ്. കാക്ക കാക്കയിൽ ജോയെ ഗൗതംമേനോൻ ആദ്യമേ കാസ്റ്റ് ചെയ്തിരുന്നു. പ്രൊജക്ടർ റൂമിലിരുന്ന് എന്റെ നന്ദ എന്ന സിനിമ കണ്ട ജോ ഗൗതമിനോട് എന്നെ കാസ്റ്റ് ചെയ്യാൻ പറയുകയായിരുന്നു.
ശരിക്കും പ്രണയത്തിലാവുന്നത് ഞങ്ങൾ ഒരുമിച്ച് അഭിനയിക്കാതിരുന്ന സമയത്താണ്. ഞാൻ ജോയ്ക്ക് മെസേജ് അയയ്ക്കുമായിരുന്നു. ജോ എനിക്കും. മെസേജുകളിലൂടെ സൗഹൃദം പങ്കുവച്ചു. പിന്നീടത് പ്രണയമായി മാറി.
വിവാഹത്തിനുശേഷം സൂര്യയ്ക്ക് മാറ്റം വന്നോ?
ഞാൻ വീടിനോട് അടുപ്പമില്ലാത്തയാളായിരുന്നു.എങ്ങനെയൊരു നല്ല അച്ഛനാകാമെന്ന് ജ്യോതിക എന്നെ പഠിപ്പിച്ചു. വീട്ടിൽ സിനിമാ ചർച്ച അനുവദിക്കില്ല. കുട്ടികളെ കുളിപ്പിക്കാനും അവരെ ചുറ്റാൻ കൊണ്ട് പോകാനും ഉറക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ജോയാണ് എന്നെ പ്രാപ്തനാക്കിയത്.
മക്കളെക്കുറിച്ച്?
ദിയയും ദേവുമാണ് മക്കൾ.ദിയയ്ക്ക് എന്റെ ഛായയാണ്. ദേവ് ജോയുടെ ഫോട്ടോകോപ്പിയാണ്. മക്കളെ നോക്കുന്ന കാര്യം തന്നെ തിരക്കുപിടിച്ച പണിയാണ്.അച്ഛനെന്ന നിലയ്ക്ക് അവരുടെ മനസിനൊപ്പം നിൽക്കാനാണ് എനിക്ക് ഇഷ്ടം. പക്ഷേ ശരിയും തെറ്റും തിരിച്ചറിയാൻ ഞാനവർക്ക് കഥകളും കവിതകളും പറഞ്ഞ് കൊടുക്കാറുണ്ട്. അവർക്ക് ഉറക്കം വരണമെങ്കിൽ കഥ കേൾക്കണം. ദേവിന് വരയൊക്കെ ഇഷ്ടമാണ്. ഞാൻ അവന് ഒൗട്ട്ലൈൻ വരച്ച് കൊടുക്കും. അവനത് കളർ കൊടുത്ത് മനോഹരമാക്കും. സത്യം പറഞ്ഞാൽ ഈ സന്ദർഭങ്ങളൊക്കെയാണ് ജീവിതം അർത്ഥവത്താക്കുന്നത്.
ജ്യോതിക സിനിമയിലേക്ക് മടങ്ങി
വന്നതിന് പിന്നിൽ?
ഇതൊരു പ്രായശ്ചിത്തമാണ്. ഒരു ശരാശരി ഭർത്താവിനെപ്പോലെ വിവാഹശേഷം ഭാര്യയെ അടുക്കളയിലേക്കും കുട്ടികളിലേക്കും തള്ളിവിട്ടെന്ന ചിന്ത എന്റെ മനസിൽ ഉണ്ടായിരുന്നു. എന്റെ ആരാധകർ പോലും ജ്യോതികയെ സിനിമയിൽ നിന്നും അകറ്റിനിറുത്തിയതിൽ എന്നോട് ദേഷ്യപ്പെട്ടിരുന്നു. അതിനുള്ള പ്രായശ്ചിത്തമാണ് ഇത്.എന്തുകൊണ്ട് ജ്യോതിക വിവാഹശേഷം അഭിനയിച്ചില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു 36 വയതിനിലെ എന്ന ചിത്രം. ജ്യോതികയുടെ തിരിച്ചുവരവ് മറ്റാരെക്കാളും ആഗ്രഹിച്ചിരുന്നത് ഞാൻ തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |