തിരുവനന്തപുരം: സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ ഇടപാടുകളുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളിൽ സർക്കാരിനെ കടന്നാക്രമിക്കാനുള്ള യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയനീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാൻ സി.പി.എം .18ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച ബദൽ തന്ത്രങ്ങൾ ചർച്ച ചെയ്യും.
മന്ത്രി ജലീലിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആക്ഷേപങ്ങൾ രാഷ്ട്രീയപ്രേരിതമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതിന് പിന്നാലെ, മന്ത്രി ഇ.പി. ജയരാജനെതിരെ ഉയർത്തുന്ന ആരോപണങ്ങളും ലൈഫ് മിഷൻ പദ്ധതിയിലടക്കം സർക്കാരുണ്ടാക്കിയ നേട്ടങ്ങളെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് .ജനം ടി.വി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽനമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെ, സ്വർണക്കടത്ത് കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാരംഭിച്ചു. അതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്.. പ്രത്യാക്രമണമെന്നോണം, കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ ആരോപണവും ഇന്നലെ സി.പി.എം ഉയർത്തി.
മന്ത്രി ജലീലിനെതിരായ ആക്രമണത്തിന് പിന്നിൽ മറ്റ് ചില ലക്ഷ്യങ്ങളാണെന്ന ആരോപണവും ഇടതുകേന്ദ്രങ്ങൾ ഉയർത്തുന്നു. മുസ്ലിം മതന്യൂനപക്ഷത്തെ ലാക്കാക്കിയുള്ള ആക്രമണമാണെന്ന് വരുത്തുക വഴി മറ്റ് പല രാഷ്ട്രീയമാനങ്ങളും ഇതിൽ കാണുന്നു.മന്ത്രി ജയരാജന്റെ മകൻ പാസ്പോർട്ട് പ്രശ്നത്തിൽ നേരത്തേ യു.എ.ഇ കോൺസുലേറ്റിലെത്തി സഹായം തേടിയിരുന്നെങ്കിലും, അതിൽ കവിഞ്ഞ ബന്ധങ്ങളൊന്നും ഇതിലില്ല.അന്ന് പാസ്പോർട്ട് പ്രശ്നം പരിഹരിച്ച് കൊടുത്തതിന് ബന്ധപ്പെട്ടവർക്ക് വിരുന്ന് നൽകിയതിന്റെ ചിത്രമാണിപ്പോൾ പ്രചരിക്കുന്നത്. സ്വർണക്കടത്ത് കേസ് പ്രതിയുമായി മറ്റ് ബന്ധമൊന്നും മന്ത്രിപുത്രനില്ലെന്നിരിക്കെ, രാഷ്ട്രീയ ദുഷ്ടലാക്കോടെ സർക്കാരിനെ കരിവാരിത്തേയ്ക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ലക്ഷ്യമിടുന്നത്.
അഴീക്കോടൻ ദിനമായ 23 മുതൽ ഇതുസംബന്ധിച്ച് ഒരാഴ്ചത്തെ പ്രചാരണപരിപാടിക്ക് പാർട്ടി ആലോചിക്കുന്നു. 25ന് സംസ്ഥാന സെക്രട്ടേറിയറ്റും 26ന് സംസ്ഥാനകമ്മിറ്റിയും അംഗങ്ങളെല്ലാവരും നേരിട്ട് പങ്കെടുത്ത് ചേരും. 21ന് കേന്ദ്രം കൂടുതൽ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണിത്.
വി.മുരളീധരന് കേന്ദ്രമന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല
*മുരളീധരൻ മന്ത്രിയായ ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിരം സംഭവം
തിരുവനന്തപുരം: സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കസ്റ്റംസ് കമ്മിഷണർ ജൂലായിൽ വിദേശ മന്ത്രാലയത്തെ അറിയിച്ചിരുന്നതായി ധനമന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ, വി.മുരളീധരന് കേന്ദ്രമന്ത്രിസ്ഥാനത്ത് തുടരാൻ അർഹത നഷ്ടപ്പെട്ടതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. അദ്ദേഹം രാജിവയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, പ്രധാനമന്ത്രി പുറത്താക്കണം.
ഈ കേസ് എൻ.ഐ.എയെ ഏൽപ്പിച്ച ഉത്തരവിൽ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണം കടത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ധനമന്ത്രാലയത്തിന്റെയും നിലപാട് പരസ്യമായി തള്ളിയ മുരളീധരൻ, കൂട്ടുത്തരവാദിത്വമില്ലാതെ പ്രവർത്തിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തി. നയതന്ത്ര ബാഗേജാണെന്ന് സ്ഥിരീകരിച്ച് വിദേശ മന്ത്രാലയം അനുമതി നൽകിയിട്ടാണ് അത് പരിശോധിച്ചതെന്ന് ധനമന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടെ, അന്വേഷണം അട്ടിമറിക്കാൻ ബോധപൂർവം നടത്തിയ ഇടപെടലാണിതെന്ന് ഉറപ്പായി.
ഈ കേസിലെ പ്രതി നൽകിയ മൊഴിയിൽ, നയതന്ത്ര ബാഗേജല്ലെന്ന് പറയാൻ ബി.ജെ.പി അനുകൂല ചാനലിന്റെ കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടതായി മാദ്ധ്യമ റിപ്പോർട്ടുകളുണ്ട്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിനെ തുടർന്ന് കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളും സംശയകരമാണ്. അതിന്റെ തുടർച്ചയായി വി.മുരളീധരനിലേക്ക് അന്വേഷണം എത്തുമായിരുന്നു. നിരവധി തവണ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയിട്ടുണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. വിദേശ മന്ത്രാലയത്തിലെ ഉന്നതരുടെ സഹായമില്ലാതെ ഇത് നടക്കില്ല. മുരളീധരൻ മന്ത്രിയായശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിരം സംഭവമായി. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട കേസിൽ, സത്യം പുറത്തു വരുന്നതിന് മുരളീധരനെ ചോദ്യം ചെയ്യണം.
ഇക്കാര്യത്തിൽ ഇതുവരെ യു.ഡി.എഫ് പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇവർ പുലർത്തുന്ന കുറ്റകരമായ നിശബ്ദത യു.ഡി.എഫ്- ബി.ജെ.പി ബാന്ധവത്തിന്റെ ഭാഗമാണ്. സ്വർണക്കടത്ത് കേസന്വേഷണം അട്ടിമറിക്കപ്പെടുന്നതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
നയതന്ത്ര ബാഗേജ്: താൻ പറഞ്ഞത് വസ്തുതയെന്ന് വി.മുരളീധരൻ
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ ഇടതുപക്ഷം കപ്പലോടെ മുങ്ങുമെന്നായപ്പോൾ ധനമന്ത്രാലയം ലോക്സഭയിൽ ഈ വിഷയത്തിൽ നൽകിയ മറുപടിയിൽ കയറിപ്പിടിക്കേണ്ടെന്നും താൻ പറഞ്ഞതിൽ വസ്തുതാപരമായി തെറ്റില്ലെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ വിശദീകരിച്ചു. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വർണം കടത്തിയത്. ഇക്കാര്യം കസ്റ്റംസ് അറിയിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഇതു മുൻ നിറുത്തി, നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണം കടത്തിയെന്നു തന്നെയാണ് ഞാൻ പറഞ്ഞത്. അത് യഥാർത്ഥത്തിൽ ഡിപ്ളോമാറ്റിക് ബാഗേജ് ആയിരുന്നെങ്കിൽ വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നു. ഇവിടെ നയതന്ത്ര ബാഗെന്ന വ്യാജേന സ്വർണം കടത്തിയത് സ്വപ്നയും കൂട്ടരുമാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ വഴി തെറ്റിക്കാനാവില്ല. എത്ര ഉന്നതരായാലും കുടുങ്ങിയിരിക്കും.
യെച്ചൂരിയെ പ്രതിയാക്കിയ ഡൽഹി പൊലീസ് നടപടി ഭരണഘടനാവിരുദ്ധം
തിരുവനന്തപുരം: ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിന്റെ ഗൂഢാലോചനക്കേസിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ജയതി ഘോഷ്, യോഗേന്ദ്ര യാദവ്, അപൂർവ്വാനന്ദ്, രാഹുൽ റോയ് എന്നിവരെയും പ്രതിപ്പട്ടികയിൽ പരാമർശിച്ച് കുറ്റപത്രം നൽകിയ ഡൽഹി പൊലീസ് നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തി.
മോദി സർക്കാരിന്റെ അമിതാധികാര പ്രവണതയുടെയും ജനാധിപത്യവിരുദ്ധതയുടെയും ഭാഗമാണിത്. ഇതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 5 മുതൽ 5.30 വരെ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിക്കും.
പൗരത്വ ഭേദഗതി നിയമം മുസ്ലിം ജനവിഭാഗത്തിനെതിരാണെന്ന് പ്രചരിപ്പിച്ചുവെന്നതാണ് ആരോപിക്കപ്പെട്ട കുറ്റങ്ങളിലൊന്ന്. അമ്പതിലേറെ പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിന് വഴിമരുന്നിട്ട പ്രകോപനപരമായ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ തയ്യാറാകാത്ത ഡൽഹി പൊലീസാണ് ഇപ്പോൾ രാഷ്ട്രീയദാസ്യം കാണിക്കുന്നത്.
സി.പി.എം സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടാണ് പാർട്ടി ജനറൽ സെക്രട്ടറിയെ തന്നെ കേസിൽ കുരുക്കാൻ ശ്രമിക്കുന്നതിനു കാരണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |