തിരുവനന്തപുരം : തൊഴിലുറപ്പ് മിഷനിലെ താത്കാലിക ഒഴിവുകളിലും പട്ടിക വിഭാഗക്കാർക്ക് സംവരണം നിർബന്ധമാക്കിയ കമ്മിഷൻെറ ഉത്തരവ് അട്ടിമറിക്കുന്നതായി പരാതി.
മിഷനിൽ കരാർ വ്യവസ്ഥയിൽ ജോലി നോക്കുന്നവർക്ക് കാലാവധി തീരുന്ന മുറയ്ക്ക് പുതുക്കി നൽകുന്നതോടെ ,ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതായി. ഇതോടെയാണ് പട്ടികജാതി-വർഗത്തിൽപ്പെട്ടവർക്ക് അർഹമായ അവസരം നഷ്ടമാവുന്നത്.
2016 ഏപ്രിൽ 30ന് കമ്മിഷൻ നൽകിയ ഉത്തരവിൽ,താത്കാലിക ഒഴിവുകളിൽ പട്ടികജാതിക്കാർക്ക് എട്ട് ശതമാനവും, പട്ടികവർഗത്തിന് രണ്ട് ശതമാനവും സംവരണം നിർദേശിച്ചിരുന്നു. ഏതൊക്കെ തസ്തികളാണ് സംവരണാടിസ്ഥാനത്തിൽ നൽകാൻ കഴിയുന്നതെന്ന് കണ്ടെത്താൻ തൊഴിലുറപ്പ് മിഷനെ ചുമതലപ്പെടുത്തികൊണ്ട് 2017 ഫെബ്രുവരി 20ന് സർക്കാർ ഉത്തരവിറക്കി. 2019 ഡിസംബർ 11ന് തൊഴിലുറപ്പ് മിഷൻ സംവരണ തസ്തികകൾ കണ്ടെത്തി സർക്കുലർ ഇറക്കി. സ്വാഭാവിക ഒഴിവുകളിൽ സംവരണതത്വം പാലിക്കണമെന്നാണ് ബ്ലോക്കുകൾക്കും പഞ്ചായത്തുകൾക്കും നൽകിയിട്ടുള്ള നിർദേശം. എന്നാൽ ,സ്ഥാനങ്ങളിലുള്ളവർ ജോലി ഉപേക്ഷിക്കുകയോ മരണപ്പെടുകയോ ചെയ്യുമ്പോൾ മാത്രമാണ് സ്വാഭാവിക ഒഴിവുകളുണ്ടാകുന്നതെന്ന് തെറ്റായി വ്യാഖ്യാനിക്കുകയാണ് തൊഴിലുറപ്പ് മിഷൻ.
ആകെ തസ്തികകൾ -4220
*ഒരു ഗ്രാമപഞ്ചായത്തിൽ നാല് (അക്രഡിറ്റഡ് എൻജിനിയർ, രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓവർസിയർ)
* ഒരു ബ്ലോക്ക് പഞ്ചായത്തിൽ മൂന്ന് (അക്രഡിറ്റഡ് എൻജിനിയർ, രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർ )
ഗ്രാമപഞ്ചാത്തുകൾ- 941
ബ്ലോക്ക് പഞ്ചായത്തുകൾ -152
'സർക്കാരിന് നിരവധി തവണ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. അവകാശം നേടിയെടുക്കാൻ നിയമനടപടി ആലോചിക്കുകയാണ്.'
-മോഹൻ ത്രിവേണി
സംസ്ഥാന പ്രസിഡൻറ്,
ആദിവാസി മഹാസഭ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |