തിരുവനന്തപുരം: ഈന്തപ്പഴമെന്ന പേരിൽ യു.എ.ഇ. കോൺസുലേറ്റിലേക്ക് 17,000 കിലോ ബാഗേജ് എത്തിയതിനെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങി കസ്റ്റംസ്. ഇത്രയും കൂടുതൽ ഈന്തപ്പഴം എത്തിക്കാനും, വിതരണംചെയ്യാനും യു.എ.ഇ. കോൺസുലേറ്റ് വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി വാങ്ങിയതിന് രേഖകളൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കസ്റ്റംസിന്റെ പ്രത്യേകസംഘം അന്വേഷണം നടത്തുന്നത്.
എന്തിനാണ് ഇത്രയധികം ഈന്തപ്പഴം കൊണ്ടുവന്നത്, ഈന്തപ്പഴം പുറമേയ്ക്കു വിതരണം ചെയ്തിട്ടുണ്ടോ, ആർക്കൊക്കെ ഏതൊക്കെ സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ഇത്രയധികം ഈന്തപ്പഴം എത്തിയതിൽ കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ദുരൂഹത ആരോപിച്ചിരുന്നു. '17000 കിലോ ഈന്തപ്പഴം ഡിപ്ളോമാറ്റിക് ബാഗേജ് വന്നിരുന്നു. ഇതിന് രേഖകളുണ്ട്. ഇത്രയധികം ഈന്തപ്പഴം എന്തിന്? സംസ്ഥാന സർക്കാരിന്റെ പ്രോട്ടോകോൾ ഓഫിസർ അറിയാതെ ഇതൊന്നും നടക്കില്ല. അദ്ദേഹം ഇത് അന്വേഷിച്ചോ, ഇതിന് അനുമതി കൊടുത്തോ എന്ന് വ്യക്തമാക്കണം. ഈ ഈന്തപ്പഴം വഴി സ്വർണകടത്ത് നടന്നിരിക്കുകയാണ്'- ചെന്നിത്തല ആരോപിച്ചിരുന്നു. കൂടാതെ ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |