ആദ്യരാത്രി കഴിഞ്ഞ് വരൻ സ്ഥലം വിട്ടാൽ നമ്മുടെ നാട്ടിലെ കാര്യം പിന്നെ പറയുകയേ വേണ്ട. കേസായി , പുലിവാലായി. നവവരൻ വിവരമറിഞ്ഞതുതന്നെ. എന്നാൽ, ചൈനയിലെ യുന്നാൻ പ്രവിശ്യയിലെ ലുഗു ലേക്ക് എന്ന സ്ഥലത്ത് ആദ്യരാത്രി കഴിഞ്ഞ് വരൻ സ്ഥലം വിട്ടില്ലിങ്കിൽ ഭാര്യവീട്ടുകാർ അടിച്ചോടിക്കും.യുന്നാൻ പ്രവിശ്യയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മോസോ എന്ന വിഭാഗത്തിലാണ് ഈ ആചാരങ്ങളുള്ളത്. സ്ത്രീകൾ ഭരിക്കുന്ന സമൂഹമാണ് ഇവരെന്നതാണ് പ്രധാന സവിശേഷത. കൗമാരപ്രായം എത്തുമ്പോൾ മോസോ പെൺകുട്ടികൾക്ക് കാമുകനെ കണ്ടെത്താനുള്ള സ്വാതന്ത്ര്യമുണ്ട്. എത്ര കാമുകന്മാരെ വേണമെങ്കിലും ആകാം. നോ പ്രോബ്ളം. വിവാഹ സമയത്താണ് ഏറ്റവും വിചിത്രമായ ആചാരങ്ങൾ. വധുവിന്റെ വീട്ടിൽ നിന്ന് പുരുഷന്മാർക്ക് ക്ഷണം കിട്ടുമ്പോൾ അവർ വധുവിന്റെ വീട്ടിലേക്ക് എത്തും. പൂക്കളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച മുറിയിൽ വധുവിനോട് ഒപ്പം ഉറങ്ങിയ ശേഷം വരൻ രാവിലെ സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകണം. ഈ നാട്ടിൽ ദമ്പതികൾ ഒന്നിച്ച് താമസിക്കാറില്ലത്രേ. കുട്ടി ഉണ്ടായാൽ വധുവിന്റെ വീട്ടുകാർ നോക്കണം. വധുവിന്റെ സഹോദരന്മാർക്കും അമ്മാവന്മാർക്കുമാണ് കുട്ടിയുടെ രക്ഷകർത്തൃസ്ഥാനം .മോസോ സമൂഹത്തിലെ പുരുഷന്മാർക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. പരമ്പരാഗതമായി ലഭ്യമാകുന്ന സാധനങ്ങളുടെ വിൽപ്പനയുമായി പുരുഷന്മാർ സാധാരണ ഗ്രാമത്തിന് പുറത്തായിരിക്കും.സ്വന്തം മക്കളെ വളർത്തുന്നതിൽ പുരുഷന്മാർക്ക് ഉത്തരവാദിത്വം ഇല്ലെങ്കിലും അവരുടെ സഹോദരീപുത്രനെയോ പുത്രിയെയോ നോക്കേണ്ടതുണ്ട്. മോസോ സമൂഹത്തിൽ വിവാഹിതരാകുന്ന സ്ത്രീകൾ പുരുഷന്മാരെ ആശ്രയിക്കില്ല.എന്നാൽ, സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധം തുടർന്നു പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |