കാശ്‌മീരി ഗേറ്റിലെ അന്തർസംസ്ഥാന ബസ് ടെർമിനലിൽ ഓട്ടം അവസാനിപ്പിക്കുന്ന യു.പി സർക്കാർ ഉടമസ്ഥതയിലുള്ള പരിവാഹൻ സേവാ ബസുകളിൽ നിന്ന് ചാക്കിലും തുണിയിലും പൊതിഞ്ഞ കെട്ടുകളുമായി ഭയ്യമാർ കൂട്ടത്തോടെ ഇറങ്ങുന്നു. ബീഹാർ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബസുകളും നിറഞ്ഞാണ് വരവ്. നിസാമുദ്ദീൻ, ന്യൂഡൽഹി, സലായ് റോഹിലാ സ്‌റ്റേഷനുകളിലും നിറുത്തുന്ന ട്രെയിനുകളിലുമുണ്ട് ഇതേ തിരക്ക്.
ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ, പണി നിലച്ച് , മടിക്കെട്ട് ശൂന്യമായപ്പോൾ ഉള്ളതെല്ലാം വാരിയെടുത്ത് സ്വന്തം ഗ്രാമങ്ങളിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുവരവാണ്. ഡൽഹി തുറന്നതിന്റെ സന്തോഷത്തിൽ ജീവിത മാർഗം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ.
വർഷകാലത്തിന്റെ വിയർപ്പിൽ നിന്ന് തണുപ്പിലേക്ക് കാലെടുത്തുവയ്‌ക്കുന്ന ഇടക്കാല വേളയാണ് ഡൽഹിക്ക് സെപ്‌തംബർ. സമശീതോഷ്‌ണത്തിന്റെ സുഖമുള്ള കാലാവസ്ഥ നുകരാൻ ടൂറിസ്റ്റുകൾ പാഞ്ഞെത്തുന്ന കാലം. ഇപ്പോൾ അതിനൊന്നും ആർക്കും മനസില്ല. കാരണം ഡൽഹിയെ വിടാതെ കൊവിഡ് ഒരുവശത്തുണ്ട്. പക്ഷേ എത്രകാലം അടച്ചിട്ട് ജീവിക്കും. കൊവിഡ് മരണത്തെക്കാൾ ഭീകരമായി പട്ടിണിമരണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് സർക്കാർ പ്രൊട്ടോക്കോൾ മാറ്റിയെഴുതി. രണ്ടും കൽപ്പിച്ച് അടച്ചിട്ടതൊക്കെ തുറക്കുകയാണ്. കൊവിഡിനെ ബഹുമാനിച്ച് ആറടി അകലം വിട്ട് അതിനൊപ്പം ജീവിക്കാൻ പഠിക്കുന്നു ഡൽഹിക്കാർ.
പഴയ ജീവിതത്തിലേക്കെന്ന് തോന്നിപ്പിച്ചാണ് 169 ദിവസം ഉറങ്ങിക്കിടന്ന ഡൽഹിയുടെ യാത്രാ ഞരമ്പുകളായ മെട്രോ സർവീസുകൾ ട്രാക്കിലിറങ്ങിയത്. സ്റ്റേഷൻ കവാടത്തിലും പ്ളാറ്റ്ഫോമിലും ട്രെയിനിനുള്ളിലും സാമൂഹിക അകലത്തിന്റെ കർശന അടയാളങ്ങളുമായി. സെപ്‌തംബർ ഏഴിന് യു.പിയിലെ സമയ്‌പൂർ ബാദ്‌ലിയെയും ഹരിയാനയിലെ ഹുഡാസിറ്റി സെന്ററിനെയും ബന്ധിപ്പിക്കുന്ന യെലോ ലൈനാണ് ആദ്യം തുറന്നത്. സെപ്‌തംബർ 12ന് ശേഷം ബ്ളൂ, മഞ്ചന്ത, റെഡ്, വയലറ്റ് എയർപോർട്ട് ലൈനുകളും അയൽ സംസ്ഥാനങ്ങളിലെ അക്വാ, റാപ്പിഡ് മെട്രോ സർവീസുകളും പുന:രാരംഭിച്ചു. നിയന്ത്രണങ്ങളും കൊവിഡ് ഭീതിയും കാരണം ജനസഞ്ചയത്തിൽ മുങ്ങിയിരുന്ന രാജീവ് ചൗക്ക് പോലുള്ള പ്രമുഖ സ്‌റ്റേഷനുകളൊക്കെ ആലസ്യത്തിൽ നിന്നുണർന്നിട്ടില്ല. പക്ഷേ ഓരോ ദിവസവും യാത്രക്കാർ കൂടുന്നുണ്ട്. വരും ദിവസങ്ങളിൽ പഴയ തിരക്കിലേക്ക് തിരിച്ചെത്തുമെന്നാണ് ഡൽഹി മെട്രോറെയിൽ കോർപറേഷന്റെ പ്രതീക്ഷ. ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ വക ബസുകൾ ഓടിത്തുടങ്ങിയെങ്കിലും 20 യാത്രക്കാർ എന്ന നിയന്ത്രണമുള്ളതിനാൽ ആവശ്യത്തിന് തികഞ്ഞിരുന്നില്ല.
സ്‌റ്റേഷനുകളിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ഇ റിക്ഷയും ഓട്ടോറിക്ഷയും ടാക്‌സിയുമൊക്കെ ഓടിക്കുന്നവർക്ക് മാസങ്ങൾക്ക് ശേഷമാണ് കീശയിൽ വല്ലതും തടയുന്നത്. സ്‌റ്റേഷൻ പരിസരങ്ങളിൽ ഭക്ഷണ സാധനങ്ങളും പാനും വെറ്റിലയും കപ്പലണ്ടിയും വിറ്റിരുന്നനവരും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ട്രെയിനുകളോടാൻ.
നമ്മുടെ മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഷഹാദ്രയെയും തീസ് ഹസാരിയെയും ബന്ധിപ്പിച്ച് 2002 ഡിസംബർ 25ന് ക്രിസ്‌മസ് ദിനത്തിൽ തുടക്കമിട്ട്, പിന്നീട് ഘട്ടംഘട്ടമായി കൂടുതൽ ലൈനുകളുമായി ഡൽഹിയെ തലങ്ങും വിലങ്ങും ബന്ധിപ്പിക്കുന്ന വലിയ നെറ്റ്‌വർക്കായി മാറിയ ഡൽഹി മെട്രോ അനവധി ദിവസം അടച്ചിടേണ്ടി വരുന്നത് ആദ്യം. ഡൽഹിയാകെ ചരിത്രത്തിലെ വലിയൊരു അടച്ചിടലിന് വിധേയമായപ്പോൾ അതല്ലാതെ വഴിയില്ലായിരുന്നു.
രണ്ടു മാസത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ അൺലോക്കിംഗ് തുടങ്ങിയ മെയ് മാസം മുതൽ ഡൽഹിയിലെ റോഡുകൾ വാഹനത്തിരക്കുമായി പഴയ ജീവിതം വീണ്ടെടുത്തിരുന്നു. സ്വകാര്യ വാഹനങ്ങൾക്കൊപ്പം ബസുകളും യൂബർ, ഓല ടാക്‌സികളും ഓട്ടോകളും നിരത്തിൽ സജീവം. വാഹനങ്ങളും വ്യവസായങ്ങളും വിശ്രമിച്ച ഇടക്കാലത്ത് തനിമ വീണ്ടെടുത്ത യമുനയിലെ വെള്ളം വീണ്ടും കറുത്തു തുടങ്ങിയിരുന്നു. അന്തരീക്ഷ മലിനീകരണത്തിന് പേരുകേട്ട ഡൽഹിയിലെ ആകാശത്തുനിന്ന് ശുദ്ധവായുവിനെ തള്ളിമാറ്റി സൾഫറും കാർബണും വീണ്ടും തിങ്ങി നിറഞ്ഞ് തുടങ്ങിയിരുന്നു.
ഹോട്ടലുകളും റസ്‌റ്റോറന്റുകളും മാർക്കറ്റുകളും തുറന്നെങ്കിലും കൊവിഡിന് ശേഷം ജീവിതശൈലികളിൽ വന്ന മാറ്റം മൂലം ബിസിനസ് കുറവാണ്. ഗ്രാമങ്ങളിലേക്ക് പോയ ഭയ്യമാർ തിരിച്ചെത്തി തുടങ്ങിയിട്ടേയുള്ളൂ. കച്ചവടം മോശമായതിനാൽ മുതലാളിമാർ ചെലവു ചുരുക്കുമ്പോൾ എല്ലാവർക്കും പഴയ ജോലി തിരികെ കിട്ടുമെന്നുമുറപ്പില്ല. ലോക്ക്ഡൗണിൽ നഷ്‌ടമായ ഹോട്ടൽ ജോലി പ്രതീക്ഷിച്ച് നാട്ടിൽ നിന്നെത്തിയ ഒരു മലയാളി ജോലിയില്ലെന്നറിഞ്ഞ് ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമാണ്.
മരിച്ചവരെ കുഴിച്ചിടാൻ ശ്‌മശാനങ്ങളിൽ സ്ഥലമില്ലാതെ, ചികിത്സിക്കാൻ ആശുപത്രി കിടക്കകൾ കിട്ടാതെ വലഞ്ഞ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒന്നിച്ചു നിന്ന് കൊവിഡിനെ പിടിച്ചുകെട്ടിയെന്ന് തോന്നിപ്പിച്ച സ്ഥലമാണ് ഡൽഹി. അടച്ചിട്ടതൊക്കെ തുറക്കാൻ വേഗം കൂടിയതും അതേ തുടർന്നാണ്. പുതിയ പ്രതിദിന കേസുകൾ ആയിരത്തിനടുത്തേക്ക് കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും നാലായിരത്തിന് മുകളിലേക്ക് അതു കുതിച്ചതിന്റെ ആശങ്കയിലാണ് ജനം. പരിശോധന കൂട്ടിയതിനാൽ കേസുകളും കൂടുന്നു എന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആശ്വാസ വാക്കുകൾ വിശ്വസിക്കാൻ വരും ദിവസങ്ങളിലെ കണക്കുകൾ കൂടി അറിയണം.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ, പുറത്തു നിന്ന് വരുന്നവർക്ക് കർശനമായ ക്വാറന്റൈൻ നിയന്ത്രണങ്ങളും ട്രാക്കിംഗും മറ്റുമുള്ളപ്പോൾ ഡൽഹിയിൽ അയഞ്ഞ മട്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഇപ്പോഴും ക്വാറന്റൈൻ ആവശ്യമില്ല. ആരോഗ്യ പ്രവർത്തകർ നിങ്ങളെ പിന്തുടരില്ല. കൊവിഡ് വ്യാപനം തടയാൻ മാസ്‌ക് ധരിക്കണോ എന്നു ചിന്തിക്കുന്നവർ ഇവിടെ ധാരാളമുണ്ട്. റെയിൽവെ സ്‌റ്റേഷനിലെ പോർട്ടർമാരും ബസ് സ്‌റ്റാന്റിലെ കച്ചവടക്കാരുമെല്ലാം മാസ്‌ക് ധരിക്കാതെ ജോലി ചെയ്യുന്നത് കാണാം. ഇവർക്ക് കൊവിഡ് വൈറസ് വല്ല ഇളവും കൊടുക്കുമോ ആവോ. ഒരു വശത്തുകൂടി സർക്കാർ രോഗത്തെ പിടിച്ചുകെട്ടുമ്പോൾ മറുവശത്തുകൂടെ രണ്ടാംഘട്ട വ്യാപനം നടക്കുന്നതിന്റെ കാരണം ഇതൊക്കെയാകാം.
പാർലമെന്റിന്റെ വർഷകാല (കൊവിഡ് കാല) സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 30 ഓളം അംഗങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചത്. അടച്ചിടൽ അവസാനിപ്പിക്കുമ്പോൾ കൊവിഡിനൊപ്പം വെറുതെ ജീവിച്ചാൽ മതിയാകില്ലെന്നും, പൊരുതിത്തന്നെ ജീവിക്കേണ്ടി വരുമെന്നുമാണ് ഡൽഹി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |