തിരുവനന്തപുരം: പ്രളയത്തിന്റെ പേരിൽ വിദേശത്തുനിന്ന് ധനസമാഹരണം നടത്താൻ കൺസൾട്ടൻസിയെ നിയോഗിക്കാനും സ്വപ്നയും ശിവശങ്കറും കരുനീക്കം നടത്തിയതായി സൂചന.യു.എ.ഇയുടെ 700കോടിയുടെ ധനസഹായം വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനു പിന്നാലെയായിരുന്നു ഈ നീക്കം.ധനസമാഹരണത്തിന് ഇരുപത് ശതമാനംവരെ കമ്മിഷൻ നൽകി രാജ്യാന്തര ഏജൻസികളെ നിയോഗിക്കണമെന്ന് എം.ശിവശങ്കർ സർക്കാരിന് ശുപാർശ നൽകുകയായിരുന്നു.
ഫുട്ബോൾ ലോകകപ്പിനും മറ്റും ധനസമാഹരണം നടത്തുന്ന പ്രൊഫഷണൽ ഏജൻസികളെ ചൂണ്ടിക്കാട്ടി, ലൈഫ് മിഷൻ യോഗങ്ങളിലും മറ്റും ശിവശങ്കർ ഇതിനെ ശക്തമായി ന്യായീകരിക്കുകയും ചെയ്തു. എന്നാൽ, സർക്കാരിന് സ്വീകാര്യമായില്ല. ആ നീക്കം പരാജയപ്പെട്ടതോടെയാണ് കോൺസുലേറ്റിനെ മറയാക്കി യു.എ.ഇയിൽ 140കോടിയുടെ പണപ്പിരിവ് നടത്തിയതെന്ന് അറിയുന്നു.പ്രളയ സഹായം തേടി 2018 ഒക്ടോബറിൽ മുഖ്യമന്ത്രി യു.എ.ഇ സന്ദർശിക്കുമ്പോൾ ശിവശങ്കറും സ്വപ്നയും അവിടെയുണ്ടായിരുന്നു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻസായ്ദ് അൽനഹ്യാന്റെ സഹോദരൻ ചെയർമാനായ എമിറേറ്റ്സ് റെഡ് ക്രസന്റ്, യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ-നഹ്യാന്റെ പേരിലുള്ള സായിദ് ചാരിറ്റബിൾ ആന്റ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, മുഹമ്മദ്-ബിൻ-റാഷിദ് അൽമക്തൂം ചാരിറ്റി ആന്റ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നീ മൂന്നു സന്നദ്ധ സംഘടനകൾ സഹായം വാഗ്ദാനം ചെയ്തു. തുടർന്ന് കോൺസുലേറ്റിനെ മുന്നിൽനിറുത്തി സ്വപ്നം കരുക്കൾ നീക്കി. വടക്കാഞ്ചേരി ഫ്ലാറ്റ്സമുച്ചയത്തിനുള്ള റെഡ് ക്രസന്റിന്റെ ഇരുപതുകോടി ഇത്തരത്തിൽ ലഭിച്ചതാണ്. ഇതിലെ നാലേകാൽകോടിയാണ് കമ്മിഷനായി അടിച്ചുമാറ്റിയത്.
കോൺസുലേറ്റിന്റെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിൽ 58കോടി എത്തിയിരുന്നു. കോൺസുലേറ്റിന്റെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയ തുകയിൽ നാലുകോടിയൊഴിച്ച് ബാക്കി പിൻവലിച്ചിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ പണം കൈമാറിയോ എന്നും എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്..
റെഡ്ക്രസന്റിന് പണം കിട്ടിയത്
റെഡ് ക്രസന്റ് രൂപീകരിച്ച സഹായനിധയിലേക്ക് വ്യവസായികളായ എം.എ.യൂസഫലി, ബി.ആർ.ഷെട്ടി, സണ്ണിവർക്കി എന്നിവർ 10കോടി വീതം നൽകി. യു.എ.ഇയിലെ ടെലികോം സേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവ തങ്ങളുടെ ഓരോ മൊബൈൽ വരിക്കാരനിൽ നിന്നും 200 ദിർഹം വരെ വാങ്ങി കൈമാറി. ഇതിൽ നിന്നാണ് ലൈഫ്ഫ്ലാറ്റിന് 20കോടി കിട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |