വർക്കല: ഉന്നത നിലയിൽ ജീവിച്ചിരുന്ന ഒരു കുടുംബത്തിലെ വിദ്യാസമ്പന്നയായ ഏക മകൾ ഉൾപ്പെടെ മൂന്നു പേരും വീട്ടിനുള്ളിൽ തീ കൊളുത്തി ജീവനൊടുക്കി. ഇന്നലെ പുലർച്ചെ മൂന്നരയോടെ വർക്കലയിലാണ് നാടിനെ നടുക്കിയ ദുരൂഹ സംഭവം നടന്നത്. മേൽവെട്ടൂർ കയറ്റാഫീസിനു സമീപം ശ്രീലക്ഷ്മിയിൽ ശ്രീകുമാർ (58), ഭാര്യ മിനി ചലപതി (50), മകൾ അനന്തലക്ഷ്മി (26) എന്നിവരുടെ മൃതദേഹമാണ് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കടബാദ്ധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തിരുമല സ്വദേശിയായ സുഹൃത്ത് ചതിച്ചതാണെന്ന് കുറിപ്പിൽ പറയുന്നു. വർക്കല പൊലീസ് അന്വേഷണം തുടങ്ങി.
മിനിയുടെയും മകൾ അനന്തലക്ഷ്മിയുടെയും മൃതദേഹം ഇരുനിലവീട്ടിലെ താഴത്തെ നിലയിലുളള കിടപ്പുമുറിയിലെ കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം ഭാഗികമായി കത്തിയ നിലയിൽ കിടപ്പുമുറിയിലുളള ബാത്ത് റൂമിലായിരുന്നു. പുലർച്ചെ വീട്ടിൽ നിന്നു തീയും പുകയും ഉയർന്നതിനൊപ്പം ഉഗ്ര ശബ്ദവും കേട്ട അയൽവാസികളാണ് വർക്കല ഫയർഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചത്.ഫയർഫോഴ്സ് എത്തിയപ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു. മതിൽ ചാടിക്കടന്ന് ഫയർഫോഴ്സ് ജീവനക്കാർ ജനൽ ചില്ലുകൾ പൊട്ടിച്ചും മുൻ വാതിൽ തകർത്തും തീ കെടുത്തിയെങ്കിലും മൂന്നുപേരും മരിച്ചിരുന്നു. പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് നിഗമനം.വർക്കല പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ശ്രീകുമാറിന്റെ വീട്ടിലെ മറ്റൊരു മുറിയിലെ മേശപ്പുറത്ത് നിന്നു വെള്ളപേപ്പറിൽ എഴുതിയ നിലയിലാണ് ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചത്. ഇതിൽ മൂന്നുപേരുടേതെന്നു സംശയിക്കുന്ന ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ സൂക്ഷിച്ചിരുന്ന ഒരുപാത്രവും മുറിക്കുള്ളിൽ നിന്നു കണ്ടെത്തി.
25 വർഷമായി ശ്രീകുമാർ മിലിട്ടറി എൻജിനിയറിംഗ് സർവീസിലെ ജോലി ഏറ്റെടുത്ത് നടത്തുന്ന കോൺട്രാക്ടറാണ്. എം.എ.സി ബിരുദധാരിയായ ഭാര്യ മിനി വീട്ടമ്മയാണ്. എം.ടെക് ബിരുദധാരിയായ മകൾ അനന്ത ലക്ഷ്മി പഞ്ചാബിൽ ഗവേഷണ വിദ്യാർത്ഥിയാണ്. കൊവിഡ് നിയന്ത്രണത്തിന് കുറച്ചു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. തിരുവനന്തപുരത്ത് പ്രതിരോധവകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗത്തിലെ കരാറു പണികളാണ് ശ്രീകുമാർ ഇപ്പോൾ നിർവഹിച്ചുപോന്നത്.
ആദ്യം ഭാര്യയെയും മകളെയും തീ കൊളുത്തി
ഭാര്യയും മകളും ഉറങ്ങിക്കിടക്കുമ്പോൾ ഗൃഹനാഥൻ തീകൊളുത്തിയതാകും എന്നാണ് പൊലീസ് കരുതുന്നത്. കിടപ്പുമുറിയിലെ കട്ടിലിൽ ഉറങ്ങിക്കിടക്കുന്ന നിലയിലാണ് മിനിയുടെയും അനന്തലക്ഷ്മിയുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരെയും തീകൊളുത്തിയ ശേഷം ശ്രീകുമാർ തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതാകാം. മരണവെപ്രാളത്തിൽ ശ്രീകുമാർ ബാത്ത്റൂമിലേക്ക് ഓടിക്കയറിയെന്നും ഫയർഫോഴ്സും പൊലീസും സംശയിക്കുന്നു. ശ്രീകുമാറിനുണ്ടായതിനു സമാനമായ മരണവെപ്രാളം ഭാര്യയ്ക്കും മകൾക്കും ഉണ്ടായതായി കാണുന്നില്ല. കിടക്കയിൽ കിടന്നനിലയിൽ കട്ടിലോടെ കത്തിയമർന്ന നിലയിലാണ് അമ്മയും മകളും. മിനിയുടെ വലയു കൈയുടെ ഭാഗത്ത് കിടക്കയുടെ അടിയിൽ സൂക്ഷിച്ച നിലയിൽ വെട്ടുകത്തിയും കണ്ടെത്തി. സ്വയരക്ഷയ്ക്ക് രാത്രിയിൽ ഇത് പതിവായി ഉപയോഗിച്ചിരുന്നതായാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |