സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ സ്‌നേഹം പിടിച്ചുപറ്റിയ നടിയാണ് ബീന ആന്റണി. നായികയായും, ഉപനായികയായും, വില്ലത്തിയായും, ഹാസ്യതാരമായുമൊക്കെ ബീനയെ മലയാളികൾ കാണാൻ തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടോളമായി. ഇപ്പോഴിതാ താരം തന്റെ പുതിയ വിശേഷങ്ങൾ കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ആരാധകരോട് പങ്കുവച്ചിരിക്കുകയാണ്.
അഭിമുഖത്തിന് ഒരു പ്രത്യേകതയുണ്ട്. നടനും ബീന ആന്റണിയുടെ ഭർത്താവുമായ മനോജാണ് പരിപാടിയിൽ അവതാരകനായി എത്തിയിരിക്കുന്നത്. രസകരമായ അഭിമുഖത്തിൽ ഇരുവരും തങ്ങളുടെ കൊവിഡ് കാലത്തെ ജീവിതത്തെക്കുറിച്ചും, അഭിനയ ജീവിതത്തെക്കുറിച്ചുമൊക്കെ ആരാധകരോട് വെളിപ്പെടുത്തിയിരിക്കുകയാണ്. അഭിമുഖത്തിൽ മറ്റൊരു അതിഥി കൂടിയുണ്ട്. ആരാണെന്നല്ലേ? അത് മറ്റാരുമല്ല, മനോജ്- ബീന ദമ്പതികളുടെ മകനും കലാകാരനുമായ ആരോമലാണ് ആ അതിഥി.
ബീന ആന്റണിയെപരിപാടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള മനോജിന്റെ വാക്കുകളാണ് അഭിമുഖത്തിൽ എടുത്ത് പറയേണ്ടത്. 'ആ അതിഥിയെ വിളിക്കുന്നതിന് മുമ്പ് അതിഥിയെക്കുറിച്ച് പ്രക്ഷകരോട് പറയണം. അതിഥിയ്‌ക്കൊരു മര്യാദ കൊടുക്കണ്ടേ? ആ വ്യക്തിയെക്കുറിച്ച് ഞാൻ ചുരുങ്ങിയ വാക്കിൽ പറയാം. ഒരു കുടയും ചൂടി, ചുണ്ടിൽ ഒരു പുഞ്ചിരിയുമായി ശാലീന സൗന്ദര്യത്തിന്റെ നിറകുടമായി മിനിസ്‌ക്രീനിലേക്ക് വന്ന കുഞ്ഞ് പെങ്ങൾ. നല്ല നല്ല കഥാപാത്രങ്ങളിലൂടെ ഇച്ചേച്ചിയായി. ഇണക്കങ്ങളിലൂടെ പിണക്കങ്ങളില്ലാതെ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസിൽ ചേക്കേറി. അഭിനയം ഒരു തപസ്യയായിട്ടെടുത്ത് പ്രേക്ഷകരുടെ മനസിൽ ഒരു ചാരുലതയായി പടർന്നുകയറി. ഇത്രയും കേൾക്കുമ്പോൾ ചെറിയ ബൾബൊക്കെ മിന്നികാണും നിങ്ങൾക്ക്.ഏതാണ്ടൊക്കെ മിന്നിക്കാണും. എങ്കിലും ഞാൻ പൂർത്തിയാക്കാം. നായികയായും, ഉപനായികയായും, ചേച്ചിയായും, അമ്മയായും, അമ്മായിയമ്മയായും, വില്ലത്തിയായും എന്തിനേറെപ്പറയുന്നു ഹാസ്യകഥാപാത്രങ്ങൾ വരെ തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച, തികച്ചും സമ്പൂർണയായ ഒരു അഭിനേത്രി. ഒടുവിൽ മനോജ് എന്ന കലാകാരന്റെ,നടന്റെ ആത്മസഖിയായി നല്ല സന്തോഷകരമായ കുടുംബ ജീവിതം കൊണ്ടുപോകുന്ന, രണ്ടര പതിറ്റാണ്ടായി പ്രേക്ഷകർ ശോഭയോടെ കാണുന്ന നിങ്ങളുടെയെല്ലാം പ്രിയങ്കരിയായ മിസിസ് ബീന ആന്റണി അഥവാ ബീന മനോജ്. വെൽകം ബീന' ഇതായിരുന്നു മനോജിന്റെ ഇൻട്രോ. 'സത്യം പറഞ്ഞാൽ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഇൻട്രോ'- എന്നായിരുന്നു നടിയുടെ കമന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |