ബീജിംഗ് : കണ്ടാൽ ആർക്കായാലും ഒന്ന് താമസിക്കാൻ തോന്നിപ്പോകും. പ്രത്യേകിച്ച് പ്രകൃതി സ്നേഹികൾക്ക്. ബാൽക്കണിയിലും ഭിത്തിയിലും ഇടത്തൂർന്ന് നില്ക്കുന്ന ഈ നിത്യ ഹരിത ചെടികൾക്ക് ഇടയിൽ സമാധാനത്തോടെ പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ജീവിക്കാം എന്നാണ് ' വെർട്ടിക്കൽ ഫോറസ്റ്റ് ' എന്നറിയപ്പെടുന്ന ഈ അപ്പാർട്ട്മെന്റ് സമുച്ഛയം കാണുമ്പോൾ തോന്നുന്നത്. പ്രകൃതി സംരക്ഷണം എന്ന ഉദ്ദേശ്യത്തോടെ കൂടിയാണ് നിർമാതാക്കൾ ഈ അപ്പാർട്ട്മെന്റ് സമുച്ഛയങ്ങളും അതിനെ പൊതിഞ്ഞ് സസ്യജാലങ്ങളും വാർത്തെടുത്തത്.
പക്ഷേ, പ്രകൃതി ഭംഗി ആസ്വദിച്ച് ഇവിടെ താമസിക്കാൻ എത്തിയവരൊക്കെ ഇപ്പോൾ ശരിക്കും പെട്ടുപോയ അവസ്ഥയിലാണ്. ബാൽക്കണിയിൽ നിന്നൊന്ന് പ്രകൃതി ഭംഗി ആസ്വദിക്കാമെന്ന് കരുതിയാൽ അതിനും കഴിയില്ല. മറ്റൊന്നുമല്ല, ആയിരക്കണക്കിന് കൊതുകുകൾ ആണ് ഈ പറുദീസയിലെ വില്ലൻമാർ. ചൈനയിലെ ചെംഗ്ഡു വിലെ ക്വിയി സിറ്റിയിലാണ് 826 അപ്പാർട്ട്മെന്റുകളോട് കൂടിയ ' ഫോറസ്റ്റ് ഗാർഡൻ ' സ്ഥിതി ചെയ്യുന്നത്. 2018ലാണ് ഇതിന്റെ നിർമാണം പൂർത്തിയായത്. ഈ ഗ്രീൻ പ്രോജക്ടിൽ ആകൃഷ്ടരായി നിരവധി പേരാണ് ഇവിടുത്തെ അപ്പാർട്ട്മെന്റുകൾ വാങ്ങാൻ മുന്നോട്ട് വന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇവിടുത്തെ അപ്പാർട്ട്മെന്റുകളെല്ലാം വില്പന നടത്തിയത്.
എന്നാൽ പേര് പോലെ തന്നെ അപ്പാർട്ട്മെന്റിന്റെ കാടുപിടിച്ച രൂപം കണ്ട് ശരിക്കും കാടാണെന്ന് തെറ്റിദ്ധരിച്ചാകും കൊതുകുകൾ ഉൾപ്പെടെയുള്ള പ്രാണികളെല്ലാം കൂട്ടത്തോടെ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. പകർച്ചവ്യാധികൾ ഭയന്ന് ഇവിടെ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കിയവർ ഇവിടേക്ക് വരാൻ മടിച്ച് മറ്റിടങ്ങൾ തേടി പോവുകയാണ്. പത്തോളം കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ ഇവിടെ താമസമെന്നാണ് റിപ്പോർട്ട്. ചിലരാകട്ടെ ബാൽക്കണിയിൽ വളർന്നു പന്തലിച്ച ചെടികൾ നീക്കം ചെയ്ത് കൊതുകിനെ നേരിടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |