സിനിമയിൽ സുഹൃത്തുക്കളോ ബന്ധങ്ങളോയില്ല. എന്നിട്ടും പയ്യൻ സിനിമ മാത്രം സ്വപ്നം കണ്ടു.ഒടുവിൽ സിനിമയിലേക്ക് ടിക്കറ്റെടുക്കാൻ 'രതിനിർവേദം' വന്നു .'രതിനിർവേദം' പുനസൃഷ്ടിച്ചപ്പോൾ അവൻ പപ്പു എന്ന കഥാപാത്രമായി.ശ്രീജിത് വിജയ് എന്ന താരത്തെ നിരവധി സിനിമകളിൽ പിന്നീട് കണ്ടു.ഒരു ദിവസം പെട്ടെന്ന് അപ്രത്യക്ഷനായി.കുറേവർഷമായി എവിടെയെന്ന് ഒരു വിവരവുമില്ല. എന്നാൽ ശ്രീജിത് വിജയ് യെ ഇപ്പോൾ ഗൃഹസദസിൽ കാണുന്നു.
ഒൻപതുവർഷം മുൻപ് ഇരുപത്തിയൊന്നാം വയസിലാണ് രതിനിർവേദത്തിലൂടെ സിനിമയിൽ എത്തുന്നത്. ആളുകൾ ഇപ്പോഴും സ്നേഹിക്കുകയും തിരിച്ചറിയികുകയും ചെയ്യുന്നത് വലിയ കാര്യമാണ്. ഫാസിൽ സാറിന്റെ ലിവിംഗ് ടുഗദറിലാണ് ആദ്യം അഭിനയിക്കുന്നത്. രണ്ടാമത് സിനിമയാണ് 'രതിനിർവേദം'. നടൻ എന്ന നിലയിൽ പ്രശസ്തി നേടി തന്ന സിനിമ. സിനിമയിൽ പ്രവേശിക്കാൻ മികച്ച അവസരം ലഭിച്ചെന്ന് തോന്നിയതിനാൽ എല്ലാം പോസിറ്റീവായി കണ്ടു.ഒരു പുതുമുഖ നടന് തുടക്കത്തിൽതന്നെ ശക്തമായ കഥാപാത്രം ലഭിക്കണമെന്നില്ല.രതിച്ചേച്ചിയെയും പപ്പുവിനെയും ആരാധിച്ചവർക്കു മുൻപിൽ എന്റെ കഥാപാത്രത്തെ മോശമാക്കാനും പാടില്ല. എന്റെ ടെൻഷൻ രാജീവ് കുമാർ സാർ മാറ്റി തന്നു. പപ്പുവിനെ പോലെ മികച്ച കഥാപാത്രം പിന്നീട് ലഭിച്ചില്ല.
സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തു. മൂന്നുവർഷം ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തു. സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ ഓഫർ വന്നത്.ഉയർന്ന ശമ്പളം. ആസമയത്ത് കൂടുതൽ സിനിമകൾ ചെയ്യുകയോ മികച്ച കഥാപാത്രം തേടി വരികയോ ചെയ്തില്ല. ആ തീരുമാനത്തിൽ ജോലി സ്വീകരിച്ചു. ഒരുപാട് ഇഷ്ടപ്പെടുകയും എന്നാൽ കുറെഅധികം കഷ്ടപ്പെട്ടുമാണ് സിനിമയിൽ വന്നത്. സിനിമയോടു തന്നെയാണ് താത്പര്യം. നല്ല സിനിമയും മികച്ച കഥാപാത്രവും ചെയ്യാനാണ് ആഗ്രഹം. അതു ലഭിച്ചാൽ ശക്തമായി തന്നെ വീണ്ടും വരും.എത്രയും പെട്ടെന്ന് അതു സംഭവിക്കുമെന്ന പ്രതീക്ഷയിലാണ്.സീരിയലുകളിലും അഭിനയിച്ചു. തെലുങ്കിൽ ഒരുങ്ങുന്ന 'സത്യസായിബാബ ' എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ബാബയുടെ ചെറുപ്പകാലം അവതരിപ്പിക്കാനാണ് എന്നെ വിളിച്ചത്. പിന്നിടത്തെ കാലഘട്ടം അവതരിപ്പിക്കുന്നത് ദിലീപേട്ടനും.സിനിമയുടെ സംവിധായകന്റെ അപ്രതീക്ഷിത മരണം പകുതി ചിത്രീകരണം കഴിഞ്ഞ ചിത്രത്തെ ബാധിച്ചു. ഹിന്ദി സിനിമ 'അമർ കോളനി'എന്ന ഫീച്ചർ സിനിമയിലും അഭിനയിച്ചു. സംവിധാനം സിദ്ധാർത്ഥ് ചൗഹാൻ. സിംലയിലായിരുന്നു ഷൂട്ട്. നല്ല ഒരു സ്കൂൾ അനുഭവം ആ സിനിമ തന്നു. ഇൻഷ്വറൻസ് ഏജന്റായ ആകർഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ദുബായിൽനിന്ന് നാട്ടിൽ വന്നപ്പോഴാണ് അർച്ചനയെ കാണുന്നതും പരിചയപ്പെടുന്നതും. ആദ്യം നല്ല സുഹൃത്തുക്കളായി. ഒന്നര വർഷം ഞങ്ങൾ പ്രണയിച്ചു.പിന്നീട് വീട്ടിൽ അറിയിച്ചു. 2018 മേയ് 12ന് വിവാഹം. കണ്ണൂരാണ് അർച്ചനയുടെ നാട്. പഠിച്ചതും വളർന്നതും ഡൽഹിയിൽ. കാക്കനാട് ഇൻഫോ പാർക്കിൽ ജോലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |