കൊറോണ വൈറസ് ലോകമെങ്ങും ഈ നിമിഷവും പരിഭ്രാന്തി പരത്തുന്നു. എന്തിലും ഏതിലും മുൻപന്തിയിലാണല്ലോ നമ്മൾ മലയാളികൾ. ലോകത്തെ ആദ്യ കൊവിഡ് കേസ് ആദ്യം രാജ്യത്തു റിപ്പോർട്ട് ചെയ്തതും കേരളത്തിലാണ്. ഓർക്കാപ്പുറത്തു പറ്റിയ ഈ വലിയ രോഗസാഹചര്യം ജനജീവിതത്തെ മാത്രമല്ല സമസ്ത മേഖലകളെയും സ്തംഭിപ്പിച്ചു. ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത പലസാഹചര്യങ്ങളിലൂടെയും നമ്മൾ കടന്നു പോകേണ്ടതായും വന്നു. മരുന്ന് കണ്ടുപിടിക്കാത്തതിനാൽ എന്തു ചെയ്യണമെന്നറിയായതെ ലോകം വിറങ്ങലിച്ചു നിന്നു. മറ്റുനിവർത്തിയില്ലെന്നു വന്നപ്പോൾ രോഗവ്യാപനം തടയാനുള്ള അറ്റകൈ എന്നനിലയിൽ ലോക്ക്ഡൗൺ എന്ന വജ്രായുധം തന്നെ പ്രയോഗിച്ചു. അത് പലരെയും വീട്ടുതടങ്കലിൽ ആക്കിയ പ്രതീതി സൃഷ്ടിച്ചു. പുറത്തിറങ്ങാനാവാതെ പലരും വീർപ്പുമുട്ടി.ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നു. പലരുടെയും മാനസിക നിലയെത്തന്നെ ഇത് ബാധിച്ചു. ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ഡോക്ടർമാരും ആരോഗ്യവകുപ്പും ജനങ്ങൾക്ക് വേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും കൊടുത്തുകൊണ്ടേയിരുന്നു. പക്ഷേ ഈ ഉപദേശങ്ങളും ആശ്വാസവാക്കുകളും പലരേയും തൃപ്തിപ്പെടുത്താനോ മാനസിക സംഘർഷങ്ങൾ കുറയ്ക്കാനോ പര്യാപ്തമായില്ല. അടച്ചുപൂട്ടിയുള്ള ജീവിതം മിക്കവരിലും വല്ലാതെ അസ്വസ്ഥതയുണ്ടാക്കി. കുടുംബ വഴക്കുകളും ഭാര്യയും ഭർത്താവുമായുള്ള അടിപിടിയും മുറുമുറുപ്പുകളും ഒക്കെയാണ് ഈ വീടുകളിൽ നടക്കുന്നത്. ഈ വൈഷമ്യങ്ങൾ മനസിലാക്കിയ ഡോക്ടർമാരും ബുദ്ധിജീവികളും കോടതിവരെയും വിഷയം വലിയ ചർച്ചയാക്കി. പല കുടുംബങ്ങളിലും ഗാർഹിക പീഡനം നടക്കുന്ന വാർത്തകൾ പുറത്തു വരാൻ തുടങ്ങി.
അത്തരം മാനസികപിരിമുറുക്കത്തിന്റെ സിംബോളിക്കായ ഒരു ചിത്രമാണിത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം പലകുടുംബങ്ങളെയും ശിഥിലമാക്കിയ കഥകൾ മുമ്പുതന്നെ നമുക്ക് മുന്നിലുണ്ടല്ലോ! അതുപോലെ തന്നെയാണ് ഈ കൊവിഡ് കാലത്തും നടക്കുന്നതെന്നാണ് അറിയുന്നത്. മേൽപ്പറഞ്ഞപോലെ വീടുകളിലും മറ്റും നടക്കുന്ന ക്രൂരമായ ഗാർഹിക പീഡനങ്ങളെ ഓർമ്മിപ്പിക്കുന്ന ചിത്രമാണ് ഇത്. രണ്ടു പ്രാവുകളുടെ ഏറ്റുമുട്ടലാണ് സംഭവം. പ്രജനന കാലത്തു ഇണകൾക്കു വേണ്ടി പക്ഷികൾ തമ്മിൽ നടത്തുന്ന മല്ലയുദ്ധമാണോ അതോ ഇണചേരലിനു മുമ്പുള്ള ചേഷ്ടകളാണോ എന്നറിയില്ല, ഒരെണ്ണം മറ്റൊന്നിനെ കീഴ്പ്പെടുത്താനുള്ള തീവ്രശ്രമത്തിന്റെ നേർക്കാഴ്ചയാണ് ഇതെന്നുപറയാം . ഒരു മതിലിന്റെ മുകളിൽ നടന്ന ഈ പീഡനത്തിന്റെ കൈമാക്സ് ദൃശ്യം കുറെ ദൂരെ നിന്നാണ് ഞാൻ പകർത്തിയത്. ഈ പ്രത്യേക സാഹചര്യത്തിൽ ഏറെ ജന ശ്രദ്ധയാകർഷിച്ച ഒരു ചിത്രമാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |