അമ്മ മരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും രജനി സാധാരണ നിലയിലേക്ക് വന്നില്ല. കൈയിൽ കിട്ടുന്ന കടലാസിലും ബുക്കുകളിലുമൊക്കെ അമ്മ, അമ്മ എന്ന് എഴുതി വയ്ക്കും. ആദ്യം ഒന്നു ചിരിക്കും. പിന്നെ കണ്ണീർ കൊണ്ട് അതു മായ്ക്കും. മറ്റൊരു കുഴപ്പവുമില്ല. രുചിയോടെ ആഹാരം പാചകം ചെയ്യും. പ്രാർത്ഥനയും വ്രതങ്ങളും തെറ്റിക്കാറില്ല. ഭർത്താവ് നന്ദനും മകളും ഇതേ പറ്റി രഹസ്യമായി സംസാരിച്ചു. പിന്നെയാണ് നഗരത്തിലെ മനഃശാസ്ത്രജ്ഞനായ ഡേവിഡിനെ വെറുതെ ഒന്നുകണ്ടത്. കുടുംബപശ്ചാത്തലം വിശദമായി ഡോക്ടർ ചോദിച്ചറിഞ്ഞു. രജനി ഏകമകളാണ്. രജനിക്ക് പതിനഞ്ചുവയസായപ്പോൾ അച്ഛൻ മരിച്ചു. രാത്രി അത്താഴം വിളമ്പുമ്പോൾ മൂന്നു പാത്രത്തിൽ വിളമ്പും. അച്ഛൻ വന്നു കഴിക്കുമെന്നാണ് അമ്മയുടെ വിശ്വാസം. അച്ഛനുവേണ്ടി തലയണയും കിടക്കയും വിരിക്കും.മകളുടെ കല്യാണം കഴിഞ്ഞിട്ടും ഒറ്റയ്ക്ക് കഴിയുന്നതാണ് അമ്മയ്ക്കിഷ്ടം. അല്ലെങ്കിൽ അച്ഛൻ ഒറ്റയ്ക്കായിപ്പോകുമത്രേ. എത്രദിവസം വേണമെങ്കിലും പട്ടിണികിടക്കും. ഇടയ്ക്കിടെ അച്ഛന്റെ വസ്ത്രങ്ങൾ അലക്കി ഉണക്കാനിടും. അയൽക്കാർ അതിശയത്തോടെ മൂക്കത്ത് വിരൽവയ്ക്കും. ചിലർ സ്നേഹബന്ധത്തിന്റെ ആഴമാണതെന്നും അസംതൃപ്തമായ വികാരങ്ങളുടെ പ്രകടനമാണെന്നും പലരീതിയിൽ വ്യാഖ്യാനിച്ചു. കുറേനാൾ അമ്മയെ നഗരത്തിലെ വീട്ടിൽ നിറുത്തി നോക്കിയെങ്കിലും ശരിയായില്ല. അയൽക്കാരോട് ബെല്ലും ബ്രേക്കുമില്ലാതെ സംസാരിക്കും. മനോരോഗം വല്ലതുമാണെന്ന് അവർ തെറ്റിദ്ധരിക്കുമോ എന്ന ഭയം രജനിക്കുണ്ടായിരുന്നു. തനിക്കൊരു മകളാണ്. അമ്മൂമ്മ എന്താ ഇങ്ങനെ എന്ന് ചോദിക്കാൻ ഇടവരരുത്. ഉള്ളിൽ സ്നേഹമുണ്ടെങ്കിലും വെറുക്കുന്ന മട്ടിൽ രജനി പെരുമാറിത്തുടങ്ങിയപ്പോൾ ആരോടും പറയാതെ ഒരുദിവസം ഓട്ടോപിടിച്ച് ഗ്രാമത്തിലെ കുടുംബവീട്ടിലേക്ക് പോയി. സഹായത്തിന് ഒരു അയൽവാസിയെ രജനി ഏർപ്പാടാക്കിയെങ്കിലും അച്ഛന് അത് ഇഷ്ടമാകില്ല, ഭർത്താവുമായി സംസാരിക്കുന്നത് സഹായിയും കേൾക്കും എന്നൊക്കെ പറഞ്ഞ് അമ്മ അതിനെ എതിർത്തു. പിന്നെ മാസത്തിലൊരിക്കൽ രജനി ഭർത്താവും മകളുമൊത്ത് കുടുംബവീട്ടിൽ വരും. പണം കൊടുത്താൽ വാങ്ങില്ല. പകരം രഹസ്യസമ്പാദ്യങ്ങളും നിക്ഷേപങ്ങളുടെ പാസ് ബുക്കുകളും മകൾക്ക് നൽകും. പത്തുമിനിട്ടിൽ കൂടുതൽ സംസാരിച്ചാൽ അമ്മയും മകളും തമ്മിൽ തെറ്റും. വായിൽ തോന്നുന്നതൊക്കെ അമ്മ വിളിച്ചുപറയും. അമ്മയും മകളും കീരിയും പാമ്പും പോലെയാണെന്ന് നാട്ടുകാർ വിലയിരുത്തി.
വീട്ടിലെ തട്ടിൻപുറത്ത് മരപ്പട്ടികൾ വാസം തുടങ്ങിയതോടെ രാത്രി ഒച്ചയും ബഹളവുമായി. ഒറ്റയ്ക്ക് കിടക്കാൻ ഭയമായതോടെ അമ്മ രജനിയുടെ കൂട്ടുകാരിയുടെ വീട്ടിൽ വല്ലപ്പോഴും ചെന്ന് കിടക്കും. മകളെക്കുറിച്ച് എത്രപറഞ്ഞാലും അവർക്ക് മതിയാകില്ല. നല്ല ആഹാരം കഴിക്കാതെ നല്ല വസ്ത്രം ധരിക്കാതെ ഭിക്ഷക്കാർക്ക് പോലും നയാപ്പൈസ കൊടുക്കാതെ അവർ മകൾക്കുവേണ്ടി സമ്പാദിച്ചു. ഒടുവിൽ പനിപിടിച്ചു കിടപ്പിലായതോടെ കൂട്ടുകാരി രജനിയെ ഫോൺ വിളിച്ചറിയിച്ചു. കാറിൽ കയറാൻ ഒരുങ്ങുമ്പോഴും അടുക്കള അടച്ചില്ല. തലയിണയ്ക്കിടയിലെ പണമെടുത്തില്ല. പത്തായത്തിലെ ഭരണിയിലെ പൊന്നെടുത്തില്ല എന്നൊക്കെ അവർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ആശുപത്രിയിലും ആ ഉത്കണ്ഠകൾ പ്രകടിപ്പിച്ചുകൊണ്ടുതന്നെ അവർ കണ്ണടച്ചു എന്നന്നേക്കുമായി.
മരണാനന്തരചടങ്ങുകൾ കഴിഞ്ഞതിന്റെ അടുത്തദിവസം നാട്ടിൽ നിന്നുവന്ന കൂട്ടുകാരി കുറേ പാസ് ബുക്കുകളും പഴന്തുണിയിൽ കെട്ടി ഏല്പിച്ചിരുന്ന പണവും രജനിയെ ഏല്പിച്ചു. സദാ മകളുടെ കാര്യം മാത്രം ചിന്തിക്കുന്നതും നാമം ജപിക്കും പോലെ മകളുടെ കാര്യം പറഞ്ഞുപറഞ്ഞ് ഉറങ്ങാറുള്ള കാര്യവും കേട്ടപ്പോൾ രജനി പൊട്ടിക്കരഞ്ഞു.
ചിലർ രണ്ടു ജന്മത്തേക്കുള്ള സ്നേഹം ഉള്ളിൽ പത്തായത്തിലെ നെല്ലുപോലെ സൂക്ഷിക്കും. കാലം കഴിഞ്ഞ് അതെടുത്താൽ ഉപയോഗശൂന്യമായിരിക്കും. സ്നേഹം പാതി പ്രകടിപ്പിക്കണം പാതി സൂക്ഷിക്കുകയും വേണം. മനഃശാസ്ത്രജ്ഞന്റെ വീട്ടിൽ നിന്ന് മടങ്ങിയ അച്ഛനും മകളും ഉത്സാഹത്തിലായിരുന്നു. മകൾ അമ്മ എഴുതിവന്ന കടലാസുകളിൽ അമ്മ അമ്മ എന്ന് എഴുതിയപ്പോൾ രജനി അവളെ മാറോടണച്ചു. പിന്നെ കണ്ണീർതുടച്ചു ചിരിച്ചു. മകളുടെ ചെവിയിൽ രജനി പതുക്കെ പറഞ്ഞു: അമ്മമാർ നിലയ്ക്കുന്നില്ല. കാരണം അത് ഇടമുറിയാത്തൊരു പ്രവാഹമാണ്.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |