തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവന്റെ വെങ്കലപ്രതിമ തലസ്ഥാനത്ത് പ്രത്യേക മണ്ഡപത്തിൽ തന്നെ സ്ഥാപിക്കുന്നതാണ് ഉചിതമെന്ന് സന്യാസിമാരും സാംസ്‌കാരിക നായകരും.
സാംസ്കാരിക വകുപ്പിന് കീഴിൽ മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് ജലഅതോറിറ്റി വക 20സെന്റ് ഭൂമിയിൽ മണ്ഡപത്തിന് പകരം, പത്തടി ഉയരമുള്ള പീഠത്തിൽ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാണ് ഗുരുഭക്തരുടെ ആവശ്യം. ഇക്കാര്യം കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
സ്വാമി സാന്ദ്രാനന്ദ, (ജനറൽ സെക്രട്ടറി, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്)
തലസ്ഥാന നഗരിയിൽ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കുന്നത് അവഗണനയോടെയാകരുത്. ഗുരുദേവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം കാക്കകൾ കാഷ്ഠിക്കുന്ന ഗുരുദേവ വിഗ്രഹത്തെക്കുറിച്ച് ചിന്തിക്കാനേ സാധിക്കില്ല. സാമൂഹ്യ പരിഷ്‌കർത്താവെന്നു മാത്രമല്ല, മഹർഷി കൂടിയാണ് ഗുരു. അദ്ദേഹത്തിന്റെ പ്രതിമയെ ആരാധനാപൂർവമാണ് ഗുരുഭക്തർ കാണുന്നത്. അനാഥമായ നിലയിൽ പ്രതിമ സ്ഥാപിക്കുന്നത് ഭക്തന്മാരുടെ എതിർപ്പ് പിടിച്ചുവാങ്ങാനേ ഉപകരിക്കൂ. ധൃതിപിടിച്ച് കന്നി 5 ന് തന്നെ അനാച്ഛാദനം നിർവഹിക്കാനൊരുങ്ങുന്നത് നിറുത്തിവയ്ക്കണം.
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
(ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി)
ശില്പിയുടെ അഭിപ്രായമനുസരിച്ചാണ് മണ്ഡപം വേണ്ടെന്നുള്ള തീരുമാനമെടുത്തതെന്ന വാദം അംഗീകരിക്കാനാവില്ല. നമ്മൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഒരുപാട് പ്രതിമകൾ കാണാറുണ്ട്. പക്ഷേ അതിനുമപ്പുറമാണ് ഗുരു എന്ന സങ്കല്പം. ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുമ്പോൾ അതിന്റെ മഹത്വം ബോദ്ധ്യപ്പെടുത്തുന്ന ആവരണ സൗധം അത്യന്താപേക്ഷിതമാണ്.
ഡോ.ജോർജ് ഓണക്കൂർ (സാഹിത്യകാരൻ)
അപൂർണതകളില്ലാത്ത പൂർണ മനുഷ്യനാണ് ശ്രീനാരായണഗുരു. ആ മഹാമനുഷ്യന്റെ ആശയങ്ങളാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. ഗുരുവിന്റെ പ്രതിമ തലസ്ഥാന നഗരിയിൽ സ്ഥാപിക്കുന്ന സർക്കാരിനെ അഭിവാദ്യം ചെയ്യുന്നു. എന്നാൽ, താരതമ്യങ്ങളില്ലാതെ മഹനീയ വിധത്തിലാകണം സ്ഥാപിക്കേണ്ടത്. ഏതെങ്കിലും ദിവസം നോക്കിയാകരുത് അത് ചെയ്യേണ്ടത്. പൂർണതയാകണം ലക്‌ഷ്യം.
പീഠം പണി പകുതിയിൽ
ഗുരുദേവന്റെ പ്രതിമ ഗുരു സമാധി ദിനമായ 21 ന് തന്നെ അനാച്ഛാദനം ചെയ്യാൻ സാംസ്‌കാരിക വകുപ്പ് ധൃതി പിടിക്കുമ്പോഴും പ്ലാനിൽ പറഞ്ഞിട്ടുള്ള ഒരു നിർമ്മാണവും പൂർത്തിയായിട്ടില്ല. ശ്രീനാരായണ ഗുരു സമാധി ദിനമായ 21 നാണ് പ്രതിമ അനാച്ഛാദനം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. പ്രതിമ സ്ഥാപിക്കേണ്ട പത്തടി പൊക്കമുള്ള പീഠത്തിന്റെ നിർമ്മാണം പോലും പൂർത്തിയായിട്ടില്ല. നിലവിലെ അവസ്ഥയിൽ ഗുരു പ്രതിമ സ്ഥാപിക്കുന്നത് അനാഥമായ നിലയിലാവുമെന്നാണ് പൊതുവേയുള്ള ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |