കൊല്ലം: എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സബ് കോടതിയിൽ ഫയൽ ചെയ്ത ഹർജി തള്ളി. നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊവിഡ് മാനദണ്ഡ പ്രകാരം സൗകര്യങ്ങൾ സജ്ജമാക്കിയതായുള്ള എസ്.എൻ ട്രസ്റ്റിന്റെ വാദം അംഗീകരിച്ചാണ് പ്രിൻസിപ്പൽ സബ് ജഡ‌്ജി ഡോണി വർഗീസ് ഹർജി തള്ളിയത്.
പത്ത് റീജിയണുകളിലായി നടക്കുന്ന എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ എട്ടിടത്ത് വെള്ളാപ്പള്ളി നടേശന്റെ ഔദ്യോഗിക പാനൽ എതിരില്ലാതെ വിജയിച്ചിരുന്നു. അവശേഷിക്കുന്ന കൊല്ലം, ചേർത്തല റീജിയൺ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ്, ഇന്നലെ കൊല്ലം സബ് കോടതി ഹർജി പരിഗണിച്ചത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പാലിച്ചില്ല, വോട്ടർ പട്ടിക കൃത്യമായി പ്രസിദ്ധീകരിച്ചില്ല, കൊവിഡ് കാരണം പ്രായമേറിയവർക്ക് വോട്ട് ചെയ്യാൻ എത്താനാവില്ല എന്നിവയായിരുന്നു ഹർജിയിലെ വാദങ്ങൾ. എന്നാൽ , നിയമപ്രകാരം പൂർത്തിയാക്കിയ നടപടിക്രമങ്ങളുടെയും, കൊവിഡ് മാനദണ്ഡ പ്രകാരം സുഗമമായി തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കിയ സജ്ജീകരണങ്ങളുടെയും തെളിവുകൾ ട്രസ്റ്റ് അഭിഭാഷകൻ ഹാജരാക്കിയതോടെയാണ് ഹർജി തള്ളിയത്. എസ്.എൻ ട്രസ്റ്റിന് വേണ്ടി അഡ്വ. എ. നിസാർ ഹാജരായി.
സ്റ്റേ ചെയ്യണമെന്ന അപ്പീൽ
ഹൈക്കോടതി തള്ളി
കൊച്ചി : കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾബെഞ്ച് നിരസിച്ചതിനെതിരെ, കൊല്ലം സ്വദേശി വിനയകുമാർ നൽകിയ അപ്പീൽ ഡിവിഷൻബെഞ്ച് തള്ളി.
തിരഞ്ഞെടുപ്പു വിജ്ഞാപനം ജൂൺ 28 ന് പ്രസിദ്ധീകരിച്ചെന്നും തിരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കാറായ ഘട്ടത്തിലാണ് ഹർജിക്കാരൻ ഹൈക്കോടതിയിലെത്തിയതെന്നും എതിർകക്ഷികൾ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പു നടത്താനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായെന്നും വിശദീകരിച്ചു. ഇൗ വാദങ്ങൾ കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് അപ്പീൽ തള്ളിയത്. എസ്.എൻ ട്രസ്റ്റിനു വേണ്ടി അഡ്വ. എ.എൻ. രാജൻബാബു ഹാജരായി.
''ധർമ്മം ജയിച്ചു. എസ്.എൻ ട്രസ്റ്റ് തകരണമെന്നാഗ്രഹിക്കുന്ന ദുഷ്ടശക്തികളാണ് കേസുകൾക്ക് പിന്നിൽ. ഇവർ ജനകോടതിയിലേക്ക് വരുന്നില്ല. എല്ലാ കോടതികളിലും കേസുകൾ നൽകി ട്രസ്റ്റിനെ സാമ്പത്തികമായി തകർക്കുകയാണ് ലക്ഷ്യം. ഇക്കാര്യം ട്രസ്റ്റ് വോട്ടർമാരും ജനങ്ങളും തിരിച്ചറിയണം''.
-വെള്ളാപ്പള്ളി നടേശൻ,
എസ്.എൻ.ഡി.പി യോഗം
ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |