കോട്ടയം:ആദ്യമായി പുതുപ്പള്ളിയിൽ മത്സരിക്കാൻ ഇറങ്ങിയ പഴയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ തിളക്കമുണ്ടായിരുന്നു ഇന്നലെയും ഉമ്മൻചാണ്ടിയുടെ മുഖത്ത്. അന്ന് പ്രായം 27. ഇപ്പോൾ 77 കഴിഞ്ഞു. 50 വർഷം മുൻപത്തെ ആ ചുറുചുറുക്കിനും ആവേശത്തിനും മാറ്റമില്ല. അന്ന് നാമനിർദ്ദേശ പത്രിക കൊടുക്കാൻ പോകുംമുന്നേ അനുഗ്രഹം തേടിയ പുതുപ്പള്ളിപ്പുണ്യാളച്ചന്റെ സവിധത്തിൽ എത്തിയിരുന്നു. ഇന്നലെയും പതിവ് തെറ്റിച്ചില്ല.
തൂവെള്ള ഖദറണിഞ്ഞ് ഒറ്റവരയൻ മുണ്ടിന്റെ തുമ്പു പിടിച്ച്, പാറിപ്പറന്ന തലമുടി ചെറുതായൊന്ന് മാടിയൊതുക്കി കെ.എൽ. 33 ബി 145-ാം നമ്പർ ചാരനിറമുള്ള ഇന്നോവക്കാറിൽ കുഞ്ഞൂഞ്ഞ് പുതുപ്പള്ളി പള്ളിയുടെ മുറ്റത്തെത്തുമ്പോൾ രാവിലെ ആറുമണി. സെമിത്തേരിയിൽ പൂർവികരുടെ കല്ലറയിലെത്തി 15മിനിട്ടോളം പ്രാർത്ഥന. അപ്പോഴേക്കും പള്ളിമുറ്റം പ്രവർത്തകരാൽ നിറഞ്ഞു. കൊവിഡിന്റെ നിയന്ത്രണങ്ങളുള്ളപ്പോഴും തങ്ങളുടെ കുഞ്ഞൂഞ്ഞിന് ആശംസനേരാൻ പുതുപ്പള്ളിക്കാരെത്തി. പിന്നീട് കുർബാനയിൽ പങ്കെടുക്കാൻ പള്ളിയിലേക്ക്. ഒരു മണിക്കൂറോളം നീണ്ട കുർബാനയ്ക്കുശേഷം മകൻ ചാണ്ടി ഉമ്മന്റെ കൈപിടിച്ച് പുറത്തേക്കിറങ്ങുമ്പോൾ ഷാളും ഉപഹാരങ്ങളുമായി ചെറിയൊരു പെരുന്നാളിനുള്ളയാളുണ്ട്. എല്ലാവരുടേയും സ്നേഹത്തിന് നടുവിലൂടെ കരോട്ടുവള്ളക്കാലിലെ കുടുംബവീട്ടിലേക്ക്. കാത്തിരുന്നവരെയെല്ലാം കണ്ടും ചിരിച്ചും ലഘുഭക്ഷണം കഴിച്ചെന്ന് വരുത്തിയും മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലേക്കും യാത്ര തുടങ്ങി.
ആദ്യ യോഗ സ്ഥലത്ത് ആദ്യ സ്വീകരണം
പുതുപ്പള്ളി കവലയ്ക്ക് സമീപം മണർകാട് ബൈപ്പാസ് റോഡരികിലായിരുന്നു ഉമ്മൻചാണ്ടിക്ക് നിയമസഭാംഗത്വ സുവർണജൂബിലിയുടെ ആദ്യ സ്വീകരണം. 50 വർഷം മുന്നേ ഉമ്മൻചാണ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം അന്നത്തെ കേന്ദ്രമന്ത്രി ഫക്രുദീൻ അലി അഹമ്മദ് ഉദ്ഘാടനം ചെയ്തത് ഇവിടെ വച്ചാണ്. കേന്ദ്രമന്ത്രി എത്തുമെന്ന് വളരെ വൈകിയാണ് അറിഞ്ഞത്. എല്ലാം ക്ഷണ നേരംകൊണ്ട് ഒരുക്കണം. അങ്ങനെയാണ് പുത്തൻപീടിക തറവാടിന്റെ മുറ്റം തിരഞ്ഞെടുത്തത്. വിശാലമായ വീട്. വീട്ടിൽ ആവശ്യത്തിന് മേശയും കസേരയുമുണ്ട്. കേന്ദ്രമന്ത്രി എത്തുമെന്നതറിഞ്ഞ് നാടിന്റെ നാനാഭാഗത്തു നിന്നും ആളുകളൊഴുകിയെത്തി. ഫക്രുദീന് ഗംഭീരവരവേൽപ്പ്. തറവാട് പിന്നീട് പൊളിച്ച് ഷോപ്പിംഗ് കോംപ്ളക്സാക്കി.
'' തുടർച്ചയായി മത്സരിക്കാൻ പാർട്ടി അനുവദിച്ചതുകൊണ്ടാണ് ഞാൻ ജയിച്ചത്. അതുകൊണ്ട് ഒന്നും എന്റെ കഴിവല്ല. ഞാൻ ഒരു ഗുണഭോക്താവ് മാത്രമാണ്'' സ്വീകരണയോഗത്തിൽ കുഞ്ഞൂഞ്ഞ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |