ജീവനുള്ള പക്ഷികളെ വെല്ലുന്ന ശിൽപങ്ങൾ നിർമ്മിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയ കലാകാരിയാണ് കൊളംബിയക്കാരിയായ ഡയാന ബെൽട്രാൻ ഹെരേര. അവിശ്വസനീയമാംവിധം യാഥാർത്ഥ്യത്തോട് അടുത്തുനിൽക്കുന്ന പക്ഷി ശിൽപ്പങ്ങളാണ് അവർ ഉണ്ടാകുന്നത്. യന്ത്ര സഹായമില്ലാതെ കൈകൾകൊണ്ടാണ് ശിൽപങ്ങൾ നിർമ്മിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. കുരുവി മുതൽ തത്തവരെ, ഒട്ടിച്ച കടലാസുകളിൽ നിന്ന് അവർ സൃഷ്ടിച്ചെടുക്കും. പ്രകൃതിയിലേതുപോലെ തന്നെയാണ് ഡയാന നിർമ്മിക്കുന്ന പക്ഷി ശിൽപ്പങ്ങളും. പക്ഷികളെ അവയുടെ യഥാർത്ഥ വലിപ്പത്തിലാണ് ഡയാന ഉണ്ടാക്കുന്നത്. നൂറുകണക്കിന് പക്ഷികളുടെ പേപ്പർ ശിൽപങ്ങൾ ഇതിനകം അവർ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷികളെ നിർമ്മിക്കുന്നതിനായി പക്ഷിയുടെ പ്രൊഫൈൽ തിരഞ്ഞെടുത്ത ശേഷം, അതിന്റെ ചിറകുകൾ, പാദങ്ങൾ, മുഖം എന്നിവയെല്ലാം ഡിജിറ്റലായി വരയ്ക്കും. അതിനുശേഷം ഇത് പ്രിന്റു ചെയ്ത്, ചെറിയ കഷ്ണങ്ങളായി മുറിക്കും. ഒരു പക്ഷിയെ ഉണ്ടാക്കാൻ കുറഞ്ഞത് നാല് ദിവസമെങ്കിലും എടുക്കും. ആദ്യം ഉണ്ടാക്കിയ ഭംഗിയുള്ള ശിൽപ്പങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡയാന പക്ഷികളുടെ പേപ്പർ ശിൽപ ശേഖരം നിർമ്മിക്കാൻ തുടങ്ങിയത്.
ഏതാനും വർഷങ്ങൾക്കുള്ളിൽ നീല ജെയ്സ്, കാർഡിനലുകൾ മുതൽ അരയന്നങ്ങൾ, നീല ഹെറോണുകൾ വരെ നൂറിലധികം പക്ഷികൾ ഉൾക്കൊള്ളുന്ന ഒരു പേപ്പർ ഷോക്കേസ് (ഏവിയറി) സൃഷ്ടിച്ചു. പേപ്പറും പിന്നെ കാലുകൾ ഉയർത്തി നിർത്തുന്നതിനായി വയറും ഉപയോഗിച്ചാണ് പക്ഷികളെ ഡയാന നിർമ്മിക്കുന്നത്. പേപ്പറിൽ വാട്ടർ കളർ ചേർത്താണ് ആവശ്യമുള്ള കളർ ടോൺ നിർമ്മിച്ചെടുക്കുന്നത്.
സമയവും ഭാവനയും പേപ്പറും ഉണ്ടെങ്കിൽ ആർക്കും ഇത്തരം ശിൽപങ്ങൾ നിർമ്മിക്കാൻ കഴിയുമെന്നാണ് ഡയാന ബെൽട്രാൻ ഹെരേര പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |