ഗര്‍ഭിണികള്‍ വീടുകളില്‍ പ്രസവിക്കാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ വീട്ടില്‍ നടക്കുന്ന പ്രസവങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. മലപ്പുറം ജില്ലയില്‍ വീട്ടില്‍ നടന്ന ഒരു പ്രസവത്തില്‍ അമ്മ മരിച്ച സംഭവം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സമാനമായ രീതിയില്‍ തിരുവനന്തപുരത്തും സംഭവിച്ചിരുന്നു. ഇതിന്റെയൊക്കെ പ്രധാന കാരണം വീട്ടിലെ പ്രസവം കൂടിക്കൂടി വരുന്നതാണ്. ഒരാള്‍ എവിടെ പ്രസവിക്കണം എന്ന് തീരുമാനിക്കനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിയ്ക്കുണ്ട്. പക്ഷേ ആ തീരുമാനം അഭികാമ്യം ആണോ എന്നുള്ളത് ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു സമൂഹത്തിന്റെ ആരോഗ്യം കണക്കാക്കുന്നത് ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ എത്ര അമ്മമാര്‍ മരിക്കുന്നു (Maternal Mortality Ratio) എന്നതിനെ ആശ്രയിച്ചാണ്. പണ്ടുകാലത്ത് അമ്മമാര്‍ വീടുകളില്‍ പ്രസവിച്ചിരുന്നു എന്നത് നാം മറക്കുന്നില്ല. 1947 കാലഘട്ടത്തില്‍ ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 2000 അമ്മമാര്‍ക്കാണ് മരണം സംഭവിച്ചിരുന്നത്. പക്ഷേ ഇന്ന് ആ നിരക്ക് ഒരു ലക്ഷത്തില്‍ 19 ആയി ചുരുങ്ങിയിരിക്കുന്നു. പ്രസവത്തെ തുടര്‍ന്ന് ഒരു അമ്മ പോലും മരിക്കാന്‍ പാടില്ല എന്നതാണ് വസ്തുത. കേരളത്തിന്റെ കാര്യത്തില്‍ പ്രസവത്തെ തുടര്‍ന്നുള്ള അമ്മമാരുടെ മരണനിരക്കില്‍ ഗണ്യമായ കുറവ് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം ഇവിടെ പ്രസവം ആശുപത്രിയില്‍ നടക്കുന്നു എന്നതുകൊണ്ടാണ്.
ആശുപത്രിയില്‍ പ്രസവം നടത്തുന്നതിന്റെ ഗുണങ്ങള്‍ എന്തെല്ലാം?
ഗര്‍ഭം, പ്രസവം എന്നൊക്കെയുള്ളത് ഒരു സ്വാഭാവികമായ ശാരീരിക പ്രക്രിയയാണ്, എന്നാല്‍ അത് അത്രത്തോളം ലളിതമായി കണക്കാക്കാന്‍ സാധിക്കില്ല. പ്രസവ സമയത്ത് എപ്പോള്‍ വേണമെങ്കിലും ഏതു തരത്തിലുള്ള സങ്കീര്‍ണതകളും ഉണ്ടാകാം. അത് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. അമിതമായ രക്തസ്രാവം, കുഞ്ഞിന് ഉണ്ടാകുന്ന ഹൃദയമിടിപ്പിലെ വ്യതിയാനം, പ്രസവത്തില്‍ ഉണ്ടാകുന്ന അമിതമായ കാലവിളംബം, ഇതൊക്കെ സാധാരണയായി കണ്ടുവരുന്ന സങ്കീര്‍ണതകളാണ്.
ഇവയൊക്കെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും ഉപകരണങ്ങളും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നൈപുണ്യം നേടിയ ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ മാത്രമേ അമ്മയ്ക്കും കുഞ്ഞിനും അപകടഘട്ടം തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. വീട്ടില്‍ പ്രസവിക്കുന്ന ഒരു സ്ത്രീയ്ക്ക് ഇത്തരത്തിലുള്ള ഒരു ശുശ്രൂഷ ലഭിക്കില്ല എന്നത് നമുക്ക് ഊഹിക്കാവുന്ന കാര്യമാണല്ലോ. തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അമ്മയുടെ രക്തമെല്ലാം വാര്‍ന്നൊഴുകി അമ്മയുടെ ജീവനു തന്നെ അപകടം സംഭവിക്കാം.
പ്രസവ വേദന തുടങ്ങിയാല്‍, കുഞ്ഞിന്റെ ഹൃദയമിടുപ്പിന് പ്രശ്‌നങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പ്രസവം നീണ്ടുപോയാല്‍ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവ് വന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം. ഇത് യഥാസമയം കണ്ടുപിടിച്ചു ഉടനടി പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഈ ശാസ്ത്രം അറിയുന്നവരും, അതിനുവേണ്ട ഉപകരണങ്ങളും ഉണ്ടാവണം.
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് മാതൃ-നവജാതശിശു മരണനിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയ രീതികളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജീവന് തന്നെ ഭീഷണിയാകും എന്ന് മനസിലാക്കുക.
പ്രസവം വളരെ ലളിതമാണെന്ന് നമ്മള്‍ വിചാരിക്കുന്നതിലാണ് തെറ്റ്. പ്രസവങ്ങള്‍ സുരക്ഷിതമായി നടക്കുകയും അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസവങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നതുകൊണ്ട് മാത്രമാണ്. പ്രസവം എന്നത് ഏതുസമയത്തും പ്രശ്നങ്ങള്‍ ഉണ്ടാകാവുന്ന ഒരു പ്രക്രിയയാണ്. യഥാസമയം അത് വേണ്ടപോലെ നേരിടാനുള്ള സംവിധാനമില്ലെങ്കില്‍ അമ്മയേയോ കുഞ്ഞിനെയേയോ രണ്ടുപേരെയുമോ നമുക്ക് നഷ്ടപ്പെടാം.
വീട്ടില്‍ പ്രസവിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതു വഴി ഈ അപകടമാണ് നാം വിളിച്ചുവരുത്തുകയാണ്. അതു മനസിലാക്കി ബുദ്ധിപൂര്‍വ്വം ഗര്‍ഭിണികള്‍ വീട്ടില്‍ പ്രസവിക്കുന്ന രീതിയില്‍ നിന്ന് പിന്‍തിരിയണം. പുറകിലേക്ക് അല്ലാ മുമ്പിലേക്കാണ് നാം നടക്കേണ്ടതെന്ന് കേരള ജനതയെ ഓര്‍മ്മപ്പെടുത്താന്‍ ഈ ലേഖനം പ്രയോജനപ്പെടട്ടെ.
Dr. Lakshmi Ammal
Consultant Gynaecologist
SUT Hospital, Pattom
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |