തിരുവനന്തപുരം: ജനങ്ങളേയും ഉമ്മൻചാണ്ടിയേയും വേറിട്ട് നിർത്തി കാണാൻ കഴിയില്ല. എന്തെങ്കിലും ആവശ്യത്തിന് കാണാൻ വേണ്ടി വിളിച്ചാൽ 'പത്മജ രാവിലെ ഏഴ് മണിയാകുമ്പൊ വീട്ടിലേക്ക് വന്നോ'യെന്ന് പറയും. ഞാൻ അവിടെ ചെല്ലുമ്പോൾ ഒരു ലുങ്കിയുടുത്ത് മുടിയൊന്നും ചീകാതെ നൂറു പേരുടെ നടുവിൽ ഉമ്മൻചാണ്ടി നിൽക്കുന്നതായിരിക്കും കാണുന്നത്. എന്നെ കണ്ടാൽ ആ നിമിഷം തിരിച്ചറിയുകയും ഇരിക്കാനായി ആംഗ്യം കാണിക്കുകയും ചെയ്യും. എന്നിട്ട് രണ്ട് മിനിറ്റിനകം ആളുകളെ പറഞ്ഞ് സമാധിനിപ്പിച്ച് എന്റെയടുത്ത് വന്ന് എന്റെ ആവശ്യങ്ങൾ കേട്ട് അപ്പുറത്തിരിക്കുന്നവരോടും സംസാരിച്ച് അദ്ദേഹം പോകുന്നത് കാണുമ്പോൾ ഈ മനുഷ്യൻ എന്തൊരു അത്ഭുതമാണെന്ന് എനിക്ക് തോന്നിപ്പോകും.
അച്ഛന്റെ അതേ രീതി
അച്ഛന്റെ അതേ രീതിയാണ് ഉമ്മൻചാണ്ടിക്കുമുള്ളത്. ഏത് പാർട്ടി പ്രവർത്തകർക്കും ഏത് സമയത്തും വീട്ടിലും മുറിയിലും കയറി ചെല്ലാം. ഈ കൊവിഡ് സമയത്ത് പോലും മുഴുവൻ ആൾക്കാരോടും സംസാരിക്കാനും അവരെ ആശ്വസിപ്പിക്കാനും ചേർത്ത് നിറുത്താനും ഉമ്മൻചാണ്ടി കാണിക്കുന്ന മനസ് കാണുമ്പോൾ ഞങ്ങൾക്ക് ഭയം തോന്നാറുണ്ട്. പക്ഷേ, ആ മനസുളളത് കൊണ്ടാണ് ഇത്രയും കാലം അദ്ദേഹം എം.എൽ.എയായി ഇരുന്നത്.
വിളിച്ചുണർത്തിയ പുതുപ്പള്ളിക്കാരൻ
പുതുപ്പള്ളിക്കാരെ കാണുമ്പോഴുണ്ടാകുന്ന അദ്ദേഹത്തിന്റെ സന്തോഷത്തിനപ്പുറം മറ്റൊന്നില്ല. ഒരിക്കൽ ഒരു പാർട്ടി പരിപാടിയ്ക്കിടെ ദോഹയിൽ പോയി വരുമ്പോൾ വിമാനത്തിൽ ഉറങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരാൾ വന്ന് തൊട്ടു വിളിക്കുകയാണ്. മുഖ്യമന്ത്രിയെ വിളിച്ചുണർത്തുന്ന അയാളെ കണ്ട് ഞങ്ങൾ ഞെട്ടി. പക്ഷേ, അതൊരു പുതുപ്പളളിക്കാരനായിരുന്നു.
ആ സ്‌നേഹത്തിൽ ഞങ്ങളെല്ലാം മറന്നു
ഉമ്മൻചാണ്ടിക്ക് ഇടയ്‌ക്ക് സുഖമില്ലെന്ന് കേട്ടപ്പോൾ ഞാൻ വളരെ വിഷമിച്ചിരുന്നു. എന്നെ അടുത്ത് അറിയാവുന്നവർ എന്തിനാ വിഷമിക്കുന്നതെന്ന് ചോദിച്ചു. ഉമ്മൻചാണ്ടിയില്ലാത്ത കോൺഗ്രസ് രാഷ്ട്രീയത്തെപ്പറ്റി ഞങ്ങൾക്കൊന്നും ചിന്തിക്കാൻ പോലും സാധിക്കില്ല. അച്ഛനെ പോലെ തന്നെ എന്ത് കളിക്കണം, എവിടെ കളിക്കണം എന്നെല്ലാം ഉമ്മൻചാണ്ടിക്ക് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ഗ്രൂപ്പ് താത്പര്യങ്ങളുടെ പുറത്ത് അച്ഛനോട് അടി കൂടിയ കാലത്ത് ഉമ്മൻചാണ്ടി ചെറുപ്പമായിരുന്നു. എന്നാൽ, പ്രായമായി തുടങ്ങിയപ്പോൾ പല കാര്യങ്ങളിലും അദ്ദേഹത്തിന് മാറ്റം വന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെ പുറത്താണ് ഞങ്ങൾ കഴിഞ്ഞകാലങ്ങളിലെ സംഭവങ്ങളെല്ലാം മറന്നത്. അച്ഛനോട് അടികൂടുന്ന കാലത്തും ഞാൻ അദ്ദേഹത്തെ പോയി കാണാറുണ്ടായിരുന്നു. അച്ഛനില്ലാത്ത കാലമായപ്പോൾ എന്നോടുളള അദ്ദേഹത്തിന്റെ വാത്സല്യം കൂടി. ഗ്രൂപ്പിന് അപ്പുറം ഞങ്ങളെല്ലാം കോൺഗ്രസെന്ന ഒരു കുടുംബമാണ്. ആ കുടുംബത്തിലെ കാരണവർ നിയമസഭാ ജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുമ്പോൾ ഇതിൽപരം സന്തോഷം വേറെയില്ല.
അച്ഛൻ വേദനിച്ചിരുന്നു
എ ഗ്രൂപ്പുമായുളള ഫൈറ്റിൽ അച്ഛൻ വേദനിച്ചിരുന്നു എന്നത് ശരിയാണ്. ഉമ്മൻചാണ്ടിയോടുളള തർക്കം എന്നതിനപ്പുറം അമ്മ മരിച്ച സമയം കൂടിയായതിനാലാണ് അച്ഛൻ കൂടുതൽ വേദനിച്ചത്. അച്ഛൻ തിരിച്ച് നല്ല പോലെ ഫൈറ്റ് ചെയ്യുന്ന ആളാണ്. അങ്ങനെയായിരുന്നെങ്കിൽ ഞങ്ങൾക്ക് ആ സമയം വിഷമം തോന്നില്ലായിരുന്നു. അമ്മ മരിച്ച് ജീവിതത്തോട് വെറുപ്പ് തോന്നിയിരുന്ന കാലത്ത് അച്ഛനോട് എ ഗ്രൂപ്പ് മല്ലടിച്ചപ്പോൾ ഞങ്ങൾക്ക് വിഷമം തോന്നി. രാഷ്ട്രീയത്തിന്റെ ഭാഗമായി അതിനൊയൊക്കെ കാണാൻ അച്ഛന് സാധിച്ചു. ഉമ്മൻചാണ്ടി കേരളത്തിലെ ജനങ്ങൾക്ക് നൽകിയ സംഭാവനകൾ വലുതാണ്. അതിൽ എന്റെ വ്യക്തിപരമായ വിഷമങ്ങളെല്ലാം ഞാൻ മറന്നു.
കരുണാകരന്റെ വാത്സല്യം
അച്ഛന്റെ വാത്സല്യം ഉമ്മൻചാണ്ടിയോട് ഞാൻ കണ്ട ഒരു നിമിഷമുണ്ട്. ഉമ്മൻചാണ്ടിക്ക് അറുപത് വയസായ സമയമാണ്. അച്ഛനും അദ്ദേഹവും തമ്മിൽ വലിയ അടി നടക്കുന്ന കാലം. രാവിലെ ഫോണെടുത്ത് അച്ഛൻ ഉമ്മൻചാണ്ടിയെ വിളിക്കുകയാണ്. 'തനിക്ക് അറുപത് വയസായി അല്ലേടോ..തന്നെ ഇന്നലെ കുട്ടിയായി കണ്ടതു പോലെ ഞാൻ ഓർക്കുന്നു' എന്ന് അച്ഛൻ അദ്ദേഹത്തോട് പറഞ്ഞു. തിരിച്ച് ഉമ്മൻചാണ്ടി എന്ത് മറുപടി പറഞ്ഞെന്ന് ഞാൻ ചോദിച്ചില്ല. അതുകഴിഞ്ഞ് അച്ഛൻ ചിരിക്കുന്നതും ഫോൺ വയ്‌ക്കുന്നതും കണ്ടു. അച്ഛന്റെ ശബ്‌ദത്തിലെ ഉമ്മൻചാണ്ടിയോടുളള ആ വാത്സല്യം എന്റെ ചെവിയിൽ ഇന്നും മുഴങ്ങുന്നുണ്ട്. അച്ഛന് അങ്ങനെയാവാമെങ്കിൽ പിന്നെന്തിനാണ് ഞങ്ങൾ മക്കൾ വാശിയും വൈരാഗ്യവും മനസിൽ വച്ച് നടക്കുന്നത്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |