കൊച്ചി: കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ സമരം നടത്തുന്നതിനെതിരെ ഹൈക്കോടതി.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരം ചെയ്‌താൽ ശക്തമായ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിർദേശം.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് കാട്ടി അഡ്വ. ജോൺ നുമ്പേലിയും മറ്റും നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം വന്നത്. സ്വർണക്കടത്ത് കേസിനെ തുടർന്ന് നടന്ന സമരങ്ങളും വെഞ്ഞാടമൂട് കൊലപാതകങ്ങളെ തുടർന്ന് നടന്ന പ്രതിഷേധങ്ങളും നിയന്ത്രണങ്ങൾ ലംഘിച്ചാണെന്ന് കാട്ടിയായിരുന്നു ഹർജികൾ. കേസിൽ എതിർകക്ഷികളായ രാഷ്‌ട്രീയ പാർട്ടികൾക്ക് മുൻപ് കോടതി നോട്ടീസയച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് തുടർച്ചയായ ഏഴാം ദിവസവും മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ സമരങ്ങൾ നടന്നു. കോട്ടയത്ത് കളക്‌ടറേറ്റിലേക്ക് കേരളകോൺഗ്രസ് പി ജെ ജോസഫ് വിഭാഗം നടത്തിയ സമരത്തിന് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് പരുക്കേറ്റു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരങ്ങൾ ഇന്നും തുടർന്നു. കർഷക മോർച്ചയുടെ സമരത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ആസ്ഥാനത്തിന് മുന്നിൽ എം.എൽ.എമാരായ ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും പ്രതിഷേധ സമരം നടത്തിയതിനെ തുടർന്ന് ഇരുവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
ആലപ്പുഴയിലും പത്തനംതിട്ടയിലും ബിജെപിയും മഹിളാമോർച്ചയും മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തി. കാഞ്ഞങ്ങാട് സിവിൽ സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസർകോട് കെ.ടി. ജലീലിനും എം.സി. കമറുദ്ദീൻ എം.എൽ.എയ്‌ക്കുമെതിരെ യുവമോർച്ച ശക്തമായ പ്രതിഷേധം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |