ന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച കാർഷിക ബില്ലുകൾ കർഷകരുടെ താത്പര്യം മുൻനിറുത്തിയുള്ളതാണെന്നും മറിച്ചുള്ള പ്രചാരണങ്ങളിൽ വീഴരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക ബില്ലുകളെക്കുറിച്ച് കള്ളവും തെറ്റായ വിവരങ്ങളുമാണ്ചിലർ പരത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർഷകർക്ക് ശരിയായ വില ലഭിക്കരുതെന്ന് നിശ്‌ചയമുള്ളവരാണ് വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ. എന്നാൽ രാജ്യത്തെ കർഷകർ എത്രത്തോളം അറിവുള്ളവരാണെന്ന് അവർ മനസിലാക്കുന്നില്ല. കർഷകരിൽ നിന്ന് സർക്കാർ ഏജൻസികൾക്ക് ഗോതമ്പും അരിയും ശേഖരിക്കാൻ കഴിയില്ലെന്ന് അവർ കള്ളം പടച്ചുവിടുന്നു. എനിക്ക് കർഷകരോട് അഭ്യർത്ഥിക്കാനുള്ളത് കാർഷിക പ്രശ്‌നങ്ങളുയർത്തി ബഹളമുണ്ടാക്കുന്നവരെ സൂക്ഷിക്കണമെന്നാണ്. നിങ്ങൾ തുടർന്നും കഷ്‌ടപ്പാടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് പഴയ സമ്പ്രദായം തുടരണമെന്ന് പറയുന്നത്. അവർ ദശകങ്ങളോളം അധികാരത്തിലിരുന്നിട്ടും കർഷകർക്കു വേണ്ടി ഏറെ സംസാരിച്ചിട്ടും ഒന്നും ചെയ്യാതിരുന്നവരാണെന്നും കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ഈ സർക്കാർ താങ്ങുവിലയിലൂടെ ശരിയായ വില ഉറപ്പാക്കി കർഷകരെ സഹായിക്കാൻ ആഗ്രഹിക്കുന്നു. പുതിയ അവസരങ്ങൾക്ക് തടസം നിൽക്കുന്നവരെയും ഇടനിലക്കാരെ സഹായിക്കാൻ ആഗ്രഹിക്കുന്നവരെയും കർഷകർ കാണുന്നുണ്ട്.
ബീഹാറിലെ കോശിയിൽ നിർമ്മിച്ച റെയിൽവെ പാലത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു മോദി.
പഞ്ചാബിലും ഹരിയാനയിലും ബിൽ വൻ കർഷക പ്രതിഷേധത്തിന് കാരണമാകുകയും എൻ.ഡി.എ സംഖ്യകക്ഷിയായ അകാലിദൾ മന്ത്രി ഹർസിമ്രത് കൗർ രാജിവയ്‌ക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |