പാലാ : കൊവിഡ് കാലത്ത് ജീവിതദുരിതങ്ങളിൽപ്പെട്ട് ചായ അടിക്കാരനായി വേഷപ്പകർച്ചയിട്ട നൃത്താദ്ധ്യാപകൻ മണിക്കുട്ടനാചാര്യയെ സഹായിക്കാൻ പഴയകാല ശിഷ്യർ ഒരുമിക്കുന്നു.1988 മുതൽ 1999 വരെ കൊച്ചിൻ റിഫൈനറി സ്‌കൂളിൽ നൃത്താദ്ധ്യാപകനായിരുന്ന മണിക്കുട്ടനാചാര്യയുടെ ജീവിതകഥ കേരളകൗമുദിയിലൂടെയാണ് പുറംലോകമറിഞ്ഞത്.
റിഫൈനറി സ്‌കൂളിലെ പൂർവവിദ്യാർത്ഥിയും മാദ്ധ്യമപ്രവർത്തകനുമായ അശ്വിന്റെ നേതൃത്വത്തിലാണ് നടനഗുരുവിനെ സഹായിക്കാൻ പഴയ സഹപാഠികൾ ഒരുമിക്കുന്നത്. ' ആ കാലഘട്ടത്തിൽ റിഫൈനറി സ്‌കൂളിൽ പഠിച്ച പലർക്കും കേരളകൗമുദി വാർത്ത ഷെയർ ചെയ്തു. എല്ലാവരും ധനസഹായം വാഗ്ദാനം നൽകിയിട്ടുണ്ട്. പണം സ്വരൂപിച്ച് എത്രയും വേഗം മണിക്കുട്ടൻ സാറിന് അയച്ചുകൊടുക്കണം". അശ്വിൻ പറഞ്ഞു.
മണിക്കുട്ടനാചാര്യ റിഫൈനറി സ്‌കൂളിൽ നൃത്താദ്ധ്യാപകനായിരുന്ന കാലത്ത് പലവട്ടം ദേശീയ നൃത്ത മത്സരങ്ങളിൽ റിഫൈനറി സ്‌കൂളിന് കലാകിരീടം കിട്ടിയിട്ടുണ്ടെന്ന് ശിഷ്യർ ഓർമ്മിക്കുന്നു. വലവൂർ വേരനാലിലുള്ള കൊച്ചു ചായക്കടയിൽ ഇന്നലെ പലരും ഇദ്ദേഹത്തെ നേരിൽക്കാണാനുമെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |