കൊച്ചി: കേരളത്തിൽ ഏതാണ്ട് 30 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരിൽ ഭൂരിപക്ഷവും ബംഗാളികളാണ്. ഈ കൂട്ടത്തിൽ ആയിരക്കണക്കിനാളുകൾ ബംഗ്ളാദേശികളാണെന്ന് കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബംഗാൾ, അസാം എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ചാണ് ഇത്തരക്കാർ ഇവിടെയെത്തുന്നത്. ഇൗ രേഖകൾ ഉപയോഗിച്ച് കേരളത്തിലെ രേഖകൾ സംഘടിപ്പിച്ച് ഇവിടത്തെ വോട്ടർപട്ടികയിൽ ചിലർ പേരും ചേർത്തിട്ടുണ്ട്. ഇതു കൂടാതെയാണ് തൊഴിലാളികളെന്ന വ്യാജേന ഭീകരർ ഒളിത്താവളമായും പ്രവർത്തന കേന്ദ്രമായും കേരളത്തെ മാറ്റുന്നത്. ഇന്ന് മൂന്ന് അൽ ക്വ ഇദ പ്രവർത്തകർ കൊച്ചിയിൽ അറസ്റ്റിലായത് ഞെട്ടിപ്പിക്കുന്നതാണ്.
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണുള്ളത്.
സംസ്ഥാനത്തേത്ത് തൊഴിൽ തേടി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേനയാണ് ഭീകരരും ഇവിടേക്ക് എത്തുന്നത്. അന്യ സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിലടക്കം നിരീക്ഷിക്കണമെന്ന് പൊലീസിന് നിർദേശമുണ്ടെങ്കിലും നടക്കാറില്ല. അത് ഇത്തരക്കാർക്ക് എളുപ്പമാകുന്നു. നിർമ്മാണ തൊഴിലാളികളുടെ വേഷത്തിലാണ് ഭീകരർ പലപ്പോഴും കഴിയുന്നത്. അന്യ സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാരും ആ വിവരം പൊലീസിനെ അറിയിക്കാറില്ല. മാന്യമായ തൊഴിലെടുത്ത് ജീവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെക്കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് ഭീകരരുടെ ഇത്തരം സാന്നിദ്ധ്യം.
തൊഴിലാവശ്യത്തിനായി വരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കൃത്യമായ നിരീക്ഷിക്കുകയെന്നതും ബുദ്ധിമുട്ടാണ്. ഇവർ താല്‍ക്കാലിക തൊഴിലിനായി വരുന്നതിനാൽ ഇവരുടെ താമസസ്ഥലവും മറ്റും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. കൃത്യമായ രേഖകൾ പരിശോധിക്കുകയെന്നതും അസാദ്ധ്യമാണ്. ഏജന്റുമാർ മുഖേന എത്തുന്ന ഇവർ നൽകുന്ന വിവരം കൃത്യമായിരിക്കണമെന്നില്ല.
സ്വകാര്യ എൻ.ജി.ഒ ആയ സെന്റർ ഫോർ മൈഗ്രേഷൻ ആന്റ് ഇൻക്ലൂസീവ് ഡവലപ്‌മെന്റ് 2016-17 ൽ നടത്തിയ പഠനറിപ്പോർട്ടിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉൾപ്പെടുന്ന 25 പ്രദേശങ്ങളിലെ 194 ജില്ലകളിൽ നിന്നാണ് കേരളത്തിലേക്ക് കുടിയേറ്റം നടക്കുന്നതെന്ന് വെളിപ്പെടുത്തുന്നു. ഇവയിൽ അഞ്ചിൽ നാലു ഭാഗവും വരുന്നത് പശ്ചിമബംഗാൾ, അസാം, ഒഡീഷ, ജാർഖണ്ഡ്, ബീഹാർ, ഉത്തർ പ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. ഒപ്പം ജമ്മു-കാശ്മീരിലെ ബരാമുള്ള, അരുണാചൽ പ്രദേശിലെ നാംസായി എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ കേരളത്തിലേക്ക് തൊഴിൽ ആവശ്യങ്ങൾക്കായി എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |