കൊച്ചി: എറണാകുളം ജില്ലയിൽ പിടിയിലായ മൂന്ന് അൽ ക്വ ഇദ പ്രവർത്തകർ താമസിച്ചിരുന്നത് മർമ്മപ്രധാനമായ സ്ഥാപനങ്ങൾക്ക് സമീപം. ഒപ്പം താമസിച്ചിരുന്നവർക്ക് പോലും ഇവരെക്കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ല.
കളമശേരി പാതാളത്ത് താമസിച്ചിരുന്ന മുർഷിദ് ഹസനാണ് അറസ്റ്റിലായവരിൽ പ്രധാനി. ഇയാൾ പതിവായി ജോലിക്ക് പോകാറില്ലായിരുന്നു. വാടകവീട്ടിലെ ഇയാളുടെ മുറിയിൽ മറ്റാരെയും പ്രവേശിപ്പിച്ചിരുന്നില്ലെന്നും മറ്റുള്ളവർ പറഞ്ഞു.
ജോലിക്ക് പോകാത്ത ദിവസങ്ങളിലും രാത്രിയും മുറിയടച്ചിരിക്കും. ലാപ്പ് ടോപ്പ് ഉപയോഗിച്ച് കൂട്ടാളികളുമായി ബന്ധപ്പെട്ടിരുന്നെന്നാണ് സൂചന.
ഏലൂർ നഗരസഭയുടെ പത്താം വാർഡിലാണ് മുർഷിദ് താമസിച്ചിരുന്നത്. ഫാക്ട് ഉൾപ്പെടെ വ്യവസായ സ്ഥാപനങ്ങളുടെ കേന്ദ്രമാണിവിടം. ദക്ഷിണേന്ത്യയിലെ നാവികസേനയുടെ ആയുധ സംഭരണശാലയായ എൻ.എ.ഡി, ഫാക്ടിന്റെ പെട്രോകെമിക്കൽ വിഭാഗം തുടങ്ങിയവ സമീപത്താണ്.
പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശത്താണ് മൊസാറഫ് ഹസൻ, യാക്കൂബ് ബിശ്വാസ് എന്നിവർ കഴിഞ്ഞത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഇൻഫോപാർക്ക്, കൊച്ചി റിഫൈനറി തുടങ്ങിയ മർമ്മപ്രധാന സ്ഥാപനങ്ങൾ ഇവരുടെ താമസസ്ഥലത്തിന് സമീപത്താണ്.
സംസ്ഥാനത്തു തന്നെ ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ള സ്ഥലമാണ് പെരുമ്പാവൂർ. ആയിരത്തോളം തടിവ്യവസായ യൂണിറ്റുകൾ, ക്വാറികൾ, അരി മില്ലുകൾ തുടങ്ങിയവയിൽ അന്യസംസ്ഥാനക്കാരാണ് തൊഴിലാളികൾ. ഇവരിൽ ബംഗ്ളാദേശികൾ ഉൾപ്പെടെയുണ്ട്. പലരുടെയും തിരിച്ചറിയൽ കാർഡുകൾ വ്യാജമാണ്. താമസക്കാരുടെ വ്യക്തമായ വിവരങ്ങൾ നഗരസഭയിലോ പഞ്ചായത്തുകളിലോയില്ല. ഇത്തരം പഴുതുകൾ വിനിയോഗിച്ചാണ് അൽ ക്വ ഇദ പ്രവർത്തകർ കഴിഞ്ഞതെന്നാണ് സൂചനകൾ. ഐ.ബി ഉൾപ്പെടെ ഏജൻസികൾ ഇന്നലെ ഈ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മൂന്നു പേരെ അറസ്റ്റു ചെയ്യാൻ എൻ.ഐ.എക്ക് സഹായം നൽകിയെങ്കിലും തുടരന്വേഷണം സംബന്ധിച്ച് പൊലീസിന് നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല. ഇന്നലെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അക്വിസ് - ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അൽ ക്വ ഇദ
2014 സെപ്റ്റംബർ 3ന് അൽ ക്വ ഇദ തലവൻ അയ്മൻ അൽ സവാഹിരി വീഡിയോ സന്ദേശത്തിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അൽ ക്വ ഇദ ശാഖ രൂപീകരിച്ചതായി പ്രഖ്യാപിച്ചത്.
രണ്ട് വർഷം കൊണ്ട് ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാന്മാർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ജിഹാദി ഗ്രൂപ്പുകളെ ഏകോപിപ്പിച്ചാണ് അൽ ക്വ ഇദ ഇൻ ഇന്ത്യൻ സബ്കോണ്ടിനന്റ് - അക്വിസ് രൂപീകരിച്ചതെന്നും ഈ ഗവൺമെന്റുകൾക്കെതിരെ ജിഹാദ് ആണ് ലക്ഷ്യമെന്നും സവാഹിരി പ്രഖ്യാപിച്ചു.
തെഹ്രിക് ഇ പാകിസ്ഥാൻ എന്ന ഭീകര ഗ്രൂപ്പിന്റെ മുൻകമാൻഡർ അസീം ഉമറിനെ അക്വിസിന്റെ എമീർ (തലവൻ ) ആയും ഉസ്മാൻ മഹ്മൂദിനെ വക്താവായും പ്രഖ്യാപിച്ചു
സവാഹിരിയുടെ പ്രഖ്യാപനം ഉണ്ടായെങ്കിലും അൽ ക്വ ഇദയ്ക്ക് ഇന്ത്യയിൽ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഗ്രൂപ്പിന്റെ പല നേതാക്കളും കൊല്ലപ്പെടുകയും അറസ്റ്റിലാവുകയും ചെയ്യുന്നതാണ് പിന്നെ കണ്ടത്. ഗ്രൂപ്പിനെ സഹായിച്ചതിന് കാശ്മീരിൽ ചിലർ അറസ്റ്റിലായിരുന്നു.
2014 ഡിസംബറിൽ കറാച്ചി അൽ ക്വ ഇദ തലവൻ ഷഹീദ് ഉസ്മാനെയും മറ്റ് നാല് പേരെയും സ്ഫോടക വസ്തുക്കൾ സഹിതം പാകിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു.
2015 ജനുവരിയിൽ അക്വിസിന്റെ ഉപനേതാവ് ഉസ്താദ് അഹമ്മദ് ഫറൂക്കിനെ യു. എസ് സേന തെക്കൻ വസീറിസ്ഥാനിൽ ഡ്രോൺ ആക്രമണത്തിൽ വധിച്ചു.
2018 ജൂലായിൽ അക്വിസ് തലവൻ അസീം ഉമറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു.
2019 സെപ്റ്റംബർ 23ന് അസീം ഉമറിനെ യു. എസ് - അഫ്ഗാൻ സഖ്യ സേന വധിച്ചു. അക്വിസിന്റെ മറ്റൊരു സീനിയർ നേതാവ് ഇമ്രാൻ അലി സിദ്ദിഖിയും യു. എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജിഹാദിന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ ഗ്രൂപ്പിന്റെ വക്താവ് ഉസ്മാൻ മഹ്മൂദിന്റെ ട്വിറ്ററിൽ പ്രചരിച്ചിരുന്നു. എന്നാൽ കാശ്മീരിലോ ഇന്ത്യയിൽ മറ്റെവിടെയെങ്കിലുമോ അക്വിസിന്റെ സംഘടിതമായ പ്രവർത്തനം ഇതുവരെ റിപ്പോർട്ട് ചെയ്തിരുന്നില്ല. കാശ്മീരിൽ ഭീകരപ്രവർത്തനത്തിന് ഊർജം പകരാൻ പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളുമായി അക്വിസ് സഹകരിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
അതേസമയം, പാകിസ്ഥാനിലും ബംഗ്ലാദേശിലും നിരവധി ആക്രമണങ്ങൾ അക്വിസ് നടത്തി
പാക് സൈനിക ഓഫീസറെ വധിച്ചു. കറാച്ചിയിലെ നാവിക കപ്പൽ ശാലയിൽ ആക്രമണം നടത്തി. പെഷവാറിലെ സ്കൂളിലും മറ്റ് പല നഗരങ്ങളിലും ഇവർ ആക്രമണങ്ങൾ നടത്തി.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും മുസ്ലീം സംഘടനകൾ അക്വിസിന് എതിരെ രംഗത്തു വന്നിട്ടുണ്ട്.
യാക്കൂബ് കുടുങ്ങിയത് പൊറോട്ട അടിക്കുമ്പോൾ
കൊച്ചി:പുലർച്ചെ രണ്ടിന് പെരുമ്പാവൂർ വെങ്ങോല കണ്ടത്തറിയിൽ ഒരു ഹോട്ടലിൽ പൊറോട്ടയ്ക്കുള്ള മാവ് കുഴക്കുന്നതിനിടെയാണ് യാക്കൂബ് ബിശ്വാസ് പിടിയിലാണ്. അടിമാലിയിലെ ഹോട്ടലിൽനിന്ന് രണ്ടുമാസം മുമ്പാണ് എത്തിയത്. ഇയാളുടെ സഹോദരൻ രൂപൽ എറണാകുളം കാലടയിലെ ഹോട്ടലിൽ ജോലിചെയ്യുന്നു.
പെരുമ്പാവൂർ ഭായ് ബസാറിലെ ബോംബെ ടെക്സ്റ്റൈയിൽസിലെ വിശ്വസ്തനായ ജോലിക്കാരനായിരുന്നു മൊസാറഫ് ഹുസൈൻ. പത്തു വർഷമായി കുടുംബത്തോടൊപ്പമാണ് താമസം. നന്നായി മലയാളം സംസാരിക്കുന്ന ഇയാൾ അക്രമണത്തിന് സ്ഫോടകവസ്തുക്കൾ കൈപ്പറ്റാൻ ഡൽഹിക്ക് പോകാനിരിക്കയായിരുന്നുവെന്ന് എൻ.ഐ.എ സൂചിപ്പിച്ചു.
കേരളത്തിൽ ഐസിസ്: യു.എൻ റിപ്പോർട്ട് തെറ്റെന്ന് കേന്ദ്രം
ന്യൂഡൽഹി: കേരളത്തിലും കർണാടകയിലും ഗണ്യമായ തോതിൽ ഐസിസ് സാന്നിദ്ധ്യമുണ്ടെന്ന യു.എൻ റിപ്പോർട്ട് കേന്ദ്രം തള്ളി. റിപ്പോർട്ട് വസ്തുതാപരമായി തെറ്റാണെന്നും സർക്കാർ യഥാസമയത്ത് ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര , ബഹുകക്ഷി, ഉഭയകക്ഷി തലങ്ങളിൽ വ്യക്തമാക്കുന്നുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ്, ജി.എസ് ബസവരാജ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി ലോക്സഭയെ രേഖാമൂലം അറിയിച്ചു.
രാജ്യത്ത് ലഷ്കറെ തയ്ബ, ഐസിസ് ഖൊറാസാൻ ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന് സർക്കാരിന് അറിയാം. ഐസിസ് ഭീകരർക്കെതിരെ 34 കേസുകളും ലഷ്കറെ തയ്ബയ്ക്കെതിരെ 20 കേസുകളും എൻ.ഐ.എ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐസിസ് കേസിൽ 160 പേരെയും ലഷ്കർ കേസിൽ 80 പേരെയും അറസ്റ്റ് ചെയ്തായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |