തിരുവനന്തപുരം: കർഷകർക്ക് ദ്രോഹകരമായ കേന്ദ്ര കർഷക നിയമഭേദഗതികളിൽ സംസ്ഥാനം വിയോജിപ്പറിയിച്ചതായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന വിഷയമായ കൃഷിയിൽ കേന്ദ്രം കൈകടത്തുന്നതിനെതിരെ ബില്ലിനെ എതിർക്കുന്ന സംസ്ഥാനങ്ങളുമായി ചേർന്ന് യോജിച്ച പ്രതിരോധമുയർത്തും.
കരാർ കൃഷി പ്രോത്സാഹിപ്പിക്കുകയാണ്പുതിയ നിയമഭേദഗതികളുടെ പ്രധാനലക്ഷ്യം.വിത്ത് മുതൽ വിപണി വരെ കോർപ്പറേറ്റുകൾക്ക് അപ്രമാദിത്തത്തിന് ഇത് വഴി വയ്ക്കും. കരാർ കൃഷിക്ക് പകരം, കർഷകർക്ക് ഗുണകരമായ സഹകരണ കൃഷിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. കുത്തക ഭീമന്മാരുടെ ചൂഷണങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കാനുള്ള ബദൽ നയം നടപ്പിലാക്കും.
2003ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന എ.പി.എം.സി ആക്ട് ,2016ലെ മോഡൽ അഗ്രികൾച്ചർ ലാന്റ് ലീസിംഗ് ആക്ട്, 2017ലെ മോഡൽ അഗ്രികൾച്ചർ പ്രൊഡ്യൂസ് ആൻഡ് ലൈവ് സ്റ്റോക്ക് മാർക്കറ്റിംഗ്
ആക്ട്, 2018ലെ മോഡൽ അഗ്രികൾച്ചർ കോൺട്രാക്ട് ഫാമിംഗ് ആൻഡ് സർവ്വീസസ് ആക്ട് തുടങ്ങിയ നിയമങ്ങളാണ് ഭേദഗതി ചെയ്യുന്നത്. പുതിയ ബില്ലുകൾ വരുന്നതോടെ, താങ്ങുവില തന്നെ ഇല്ലാതാവുമെന്ന ആശങ്ക കർഷകർക്കിടയിലുണ്ട്.കർഷക സമൂഹത്തെ മുഴുവൻ കോർപ്പറേറ്റുകളുടെയും ബഹുരാഷ്ട്ര കുത്തകകളുടെയും ചൂഷണങ്ങൾക്ക് വിട്ടുകൊടുക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ ഈ ബില്ലുകളിലൂടെ നിർബന്ധിക്കുകയാണ്. കന്നുകാലി വളർത്തൽ, മത്സ്യ മേഖല,ക്ഷീരമേഖല,ചണം, പരുത്തി മുതലായവയുടെ കൃഷി ഉൾപ്പെടെയെല്ലാം നിയമത്തിന്റെ പരിധിയിൽ വരും.
ഈ കരിനിയമത്തിന്റെ കരാർ വ്യവസ്ഥയിൽ പറയുന്ന പ്രൈവറ്റ് എക്സ്റ്റൻഷൻ കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇതുവരെ നടപ്പിലാക്കാത്തതാണ്. സേവനങ്ങൾക്ക് നിരക്ക് നിശ്ചയിക്കുന്നത് സാധാരണ കർഷകർക്ക് സാങ്കേതികവിദ്യകളും സേവനങ്ങളും അപ്രാപ്യമാക്കും. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങൾ സംസ്ഥാനാനുമതിയില്ലാതെ രംഗത്തിറക്കാനും വഴിയൊരുക്കുന്നത് ജനങ്ങൾക്ക് ഹാനികരമാവുമെന്ന ആശങ്ക സംസ്ഥാനത്തിനുണ്ട്. പുതിയ നിയമമനുസരിച്ചുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ സംസ്ഥാനത്തെ കർഷകർക്ക് പ്രതികൂലമായേക്കുമെന്നും മന്ത്രി പറഞ്ഞു.
കർഷകദ്രോഹ ബില്ലുകൾ കേന്ദ്രം ഉടൻ പിൻവലിക്കണം: സുധീരൻ
തിരുവനന്തപുരം: കൊവിഡ് അവസരം മുതലെടുത്തുള്ള ജനദ്റോഹനടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടു.
കർഷകജനതയുടെ നട്ടെല്ലൊടിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോൾ വന്നിട്ടുള്ള കർഷക ബില്ലുകൾ.
വിളകൾക്കുള്ള താങ്ങുവില ഇല്ലാതാക്കുന്നതിനും കോർപ്പറേറ്റുകൾക്ക് എല്ലാ വിധത്തിലും കർഷകരെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുന്നതുമായ ബില്ലുകൾ കാർഷിക സമ്പദ് വ്യവസ്ഥയെയും കർഷകരുടെ ജീവിതത്തെയും തകർക്കും. ഇതിനെതിരെ അതിശക്തമായ രോഷമാണ് ഉയർന്നുവന്നിട്ടുള്ളത്. കർഷകരുടെ നിലനില്പിനായുള്ള പോരാട്ടത്തിന് രാജ്യത്തെ ജനങ്ങളുടെ സമ്പൂർണ പിന്തുണ ഉയർന്നുവരണം. കേവലം വാചകക്കസർത്തുകൾ നടത്തി ജനങ്ങളെ കബളിപ്പിക്കാതെ കർഷകദ്രോഹ ഉദ്യമത്തിൽ നിന്ന് മോദി സർക്കാർ പിന്തിരിയണം. കർഷകദ്രോഹ ബില്ലുകളെല്ലാം ഉടനടി പിൻവലിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
കാർഷിക ബിൽ കർഷകന് മരണക്കുരുക്ക്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ച് രാജ്യസഭയിൽ കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ല് ഇന്ത്യൻ കർഷകന് മരണക്കുരുക്കായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബില്ല് വരുന്നതോടെ കോർപ്പറേറ്റുകൾക്ക് വൻതോതിൽ ഭൂമി ലഭ്യമാകുകയും, പാവപ്പെട്ട കർഷകരെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽനിന്ന് പുറത്താക്കുകയുമാണുണ്ടാവുക. കർഷകർക്ക് സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങളും സാങ്കേതികസഹായങ്ങളും ഇനി വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിവരും.
കരാർ കൃഷി പ്രോത്സാഹിപ്പിക്കുന്ന ബില്ല് കേരളത്തിന് വൻദോഷകരമായിരിക്കും. ജനിതകമാറ്റം വരുത്തിയ വിളകൾ കേരളത്തിൽ കൃഷി ചെയ്യാൻ പാടില്ലെന്നിരിക്കെ, കരാർക്കൃഷി വരുന്നതോടെ ജനിതകമാറ്റം വരുത്തിയ വിളകൾ കൃഷി ചെയ്യാൻ കരാർ എടുത്ത കമ്പനിക്ക് കഴിയും. മോദിയുടെ സുഹൃത്തുക്കളായ കോർപ്പറേറ്റ് ഭീമൻമാരെ സഹായിക്കാൻ വേണ്ടി മാത്രമുള്ളതാണിതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കാൻ പോവുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |