SignIn
Kerala Kaumudi Online
Tuesday, 08 July 2025 5.05 PM IST

ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം; കരുതലോടെ നേരിടാം മറവിരോഗത്തെ

Increase Font Size Decrease Font Size Print Page
alzhimers

വാർദ്ധക്യ രോഗാവസ്ഥകളിൽ മനസിനെയെന്ന പോലെ ശരീരത്തെയും ആകെ ഉലയ്ക്കുന്ന ഒന്നാണ് ഡിമൻഷ്യ അഥവാ മേധാക്ഷയം എന്ന മറവിരോഗം. ഓർമശക്തി ഉൾപ്പെടെ തലച്ചോറിന്റെ അടിസ്ഥാന ധർമ്മങ്ങൾക്കുള്ള കഴിവുകളെല്ലാം ക്രമേണ ക്ഷയിക്കുന്ന അവസ്ഥയാണ് ഡിമൻഷ്യ. ഡിമൻഷ്യയ്ക്ക് ഏറ്റവും പ്രധാന കാരണം അൽഷിമേഴ്‌സ് രോഗം തന്നെ.

 എന്ത്?​

ജർമ്മൻ ന്യൂറോളജിസ്റ്റ് അലോയ് അൽഷിമർ 1969 ലാണ് ആദ്യമായി ഡിമൻഷ്യയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ വെളിപ്പെടുത്തിയത്. തലച്ചോറിലെ നാഡീകോശങ്ങൾ ക്രമേണ ജീർണിക്കുകയും മൃതപ്രായമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇതനുസരിച്ച് തലച്ചോറിന്റെ വലിപ്പം ചുരുങ്ങും.

 എന്തുകൊണ്ട്?​

രോഗത്തിന്റെ അടിസ്ഥാന കാരണങ്ങൾ ഇന്നും അജ്ഞാതമാണ്. 65 വയസ് പിന്നിട്ടവരിൽ പതിനഞ്ചിൽ ഒരാൾക്കു വീതം അൽഷിമേഴ്‌സ് രോഗമുണ്ട്. 85-നു മുകളിൽ പ്രായമുള്ളവരിലാകട്ടെ,​ ഏതാണ്ട് പകുതി പേർക്കും അൽഷിമേഴ്‌സ് വന്നേക്കാം.

ജനിതഘടകങ്ങൾ രോഗസാദ്ധ്യതയെ സ്വാധീനിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പാരമ്പര്യസാദ്ധ്യതയുണ്ട്. സ്ത്രീകളിലാണ് അൽഷിമേഴ്‌സ് ബാധിതർ കൂടുതൽ.

 ലക്ഷണങ്ങൾ

അൽഷിമേഴ്‌സ് രോഗിയെന്നത് പലരും തിരിച്ചറിയണമെന്നില്ല. മറവിപ്രശ്നത്തിന് അവർ വാർദ്ധ്യക്യത്തെ പഴിക്കും. ക്രമേണ ഓർമ്മശക്തി കുറഞ്ഞുവരും. അടുത്തു സംഭവിച്ചവയാണ് ആദ്യഘട്ടത്തിൽ മറന്നുപോവുക. വ്യക്തികളുടെ പേരും സ്ഥലപ്പേരും ഓർമ്മിച്ചെടുക്കാനാകാതാകും. ചെറിയ കണക്കുകൾ പോലും വഴങ്ങില്ല. എങ്ങനെ പല്ലു തേക്കണമെന്നും മുടി ചീകണമെന്നും പോലും മറക്കും. വെെകാരികാവസ്ഥയിലും പ്രകടമാറ്റങ്ങൾ തുടങ്ങുന്നതോടെ രോഗി വീട്ടിൽ നിന്ന് ലക്ഷ്യബോധമില്ലാതെ പുറത്തിറങ്ങാം. രോഗം ഗുരുതരാവസ്ഥയിലേക്കു നീങ്ങുമ്പോൾ തീർത്തും കിടപ്പിലാകും.

 ചികിത്സ, പുനരധിവാസം

അൽഷിമേഴ്‌സിന് ഫലപ്രദമായ ഔഷധങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാൽ,​ ഇപ്പോൾ പ്രചാരത്തിലുള്ള മരുന്നുകൾ രോഗാവസ്ഥ മൂർച്ഛിക്കുന്നത് തടയും. അൽഷിമേഴ്‌സ് രോഗികളുടെ നാഡീകോശങ്ങളിൽ അസറ്റൈൽകോളിൻ എന്ന രാസവസ്തുവിന്റെ കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തുവിൻറെ വിഘടനം തടഞ്ഞ് തലച്ചോറിൽ അതിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഔഷധങ്ങളാണ് അധികവും.

 പരിചരണം
 രോഗിക്ക് വീട്ടിൽ സുരക്ഷ ഉറപ്പാക്കണം. ഗ്യാസ്, ഇലക്ട്രിക് ഉപകരണങ്ങൾ ആവശ്യം കഴിയുമ്പോൾ വിച്ഛേദിച്ചിരിക്കണം.

 രോഗിയുടെ ചോദ്യങ്ങൾക്ക് ആവർത്തിച്ച് മറുപടി പറയേണ്ടിവരും. സ്ഥലം, സമയം എന്നിവ ഓർമ്മിപ്പിക്കാൻ കുടുംബചിത്രങ്ങൾ സഹായകമാകും. തർക്കങ്ങൾ ഒഴിവാക്കി രോഗിയിൽ വിശ്വാസം ഉണ്ടാക്കിയെടുക്കുക.

 ലളിത വ്യായാമങ്ങൾക്ക് പ്രേരിപ്പിക്കുക. നടത്തം, നീന്തൽ, പൂന്തോട്ട പരിപാലനം, വളർത്തു മൃഗങ്ങളുമായുള്ള ചങ്ങാത്തം എന്നിവ പ്രോത്സാഹിപ്പിക്കാം.

 ഭക്ഷണം കൃത്യസമയത്തു വേണം. പല തരം വിഭവങ്ങൾ ഒന്നിച്ച് വിളമ്പരുത്. തെെര്, മുട്ട, ധാന്യങ്ങൾ എന്നിവ നല്ലതാണ്.

 ധരിക്കാൻ എളുപ്പമുള്ളവയായിരിക്കണം വസ്ത്രങ്ങൾ. കുളിയും മറ്റും കൃത്യസമയത്താകണം.

പ്രതിരോധം

യഥാർത്ഥ കാരണം വ്യക്തമല്ലെന്നിരിക്കെ പ്രതിരോധ മാർഗങ്ങൾ കുറവാണ്. മാനസികവും ശാരീരികവുമായി പ്രവർത്തനനിരതരാക്കുക എന്നത് പ്രധാനമാണ്. രക്തസമ്മർദ്ദം ശരിയായ അളവിൽ നിലനിറുത്തണം. തലയ്‌ക്ക് പരിക്കേൽക്കാനിടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക (കാർ യാത്രയിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നതു പോലെ)​.

ശരിയായ ഭക്ഷണക്രമത്തിലൂടെയും മദ്യപാനം നിയന്ത്രിക്കുന്നതിലൂടെയും ഡിമൻഷ്യയ്ക്ക് കാരണമായേക്കാവുന്ന രോഗങ്ങളെ നിയന്ത്രിക്കാം.

ഡോ.പി.എൻ.സുരേഷ് കുമാർ

പ്രൊഫസർ ഒഫ് സെെക്യാട്രി

കെ.എം.സി.ടി മെഡിക്കൽ കോളേജ്

കോഴിക്കാേട്

TAGS: ALZHIMERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.