തിരുവനന്തപുരം: അൽ ക്വയ്ദ മുതൽ ആസാമിലെ ബോഡോ തീവ്രവാദികൾ വരെ കേരളത്തെ സുരക്ഷിത ഒളിത്താവളമാക്കിയിട്ടും സംസ്ഥാനത്ത് രഹസ്യാന്വേഷണ, ആഭ്യന്തര സുരക്ഷാ വിഭാഗങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല.
മുൻപ് കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ തമ്മിൽ അനൗദ്യോഗികമായി വിവരം പങ്കുവയ്ക്കുമായിരുന്നു. ഇപ്പോൾ അതുമില്ല. പല വിവരങ്ങളും മാദ്ധ്യമങ്ങൾ വാർത്തയാക്കിയ ശേഷമാണ് ഇന്റലിജൻസ് വിഭാഗം അറിയുന്നത് പോലും. എം.എൽ.എമാരായ ഷാഫി പറമ്പിലും കെ.എസ് ശബരീനാഥനും രണ്ട് വാഹനങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായെത്തി അതീവസുരക്ഷാ മേഖലയായ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ സമരം നടത്തിയതും ഇന്റലിജൻസ് അറിഞ്ഞിരുന്നില്ല. ആഭ്യന്തര സുരക്ഷാ വിഭാഗത്തിൽ ഐ.ജിയും എസ്പിയുമില്ല. ഇന്റലിജൻസ് വിഭാഗത്തിലും ഐ.ജി, ഡി.ഐ.ജി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.
അന്യസംസ്ഥാനക്കാർ തമ്പടിച്ചിട്ടുള്ള എറണാകുളത്തെ പെരുമ്പാവൂർ മേഖലകളിൽ മുൻപ് സൂക്ഷ്‌മമായ വിവരശേഖരണമുണ്ടായിരുന്നു. ഇതിലെ വീഴ്ചയാണ് മൂന്ന് അൽ ക്വയ്ദ തീവ്രവാദികളെ എൻ.ഐ.എ പിടികൂടിയതിലൂടെ വെളിവായത്. പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗവും ദുർബലമാണ്. തീവ്രവാദക്കേസുകൾ അന്വേഷിക്കുകയും, തീവ്രവാദ ബന്ധമുള്ളവരെ നിരീക്ഷിക്കുകയും ചെയ്തിരുന്ന ഇന്റേണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ സംഘത്തിന്റെ (ഐ.എസ്.ഐ.ടി) പ്രവർത്തനം നിലച്ചു. കൈവെട്ടു കേസിന്റെ അന്വേഷണത്തിനായി എസ്.പിയുടെ നേതൃത്വത്തിൽ ഒമ്പത് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച ഐ.എസ്.ഐ.ടി ഇന്റലിജൻസ് വിഭാഗത്തിന്റെ കീഴിലായിരുന്നു. പിന്നീട് ഇന്റലിജൻസിൽ നിന്ന് മാറ്റി. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയപ്പോൾ ഒഴിവുകൾ നികത്താതായി.
തീവ്രവാദികളെ പിടികൂടാനും അമർച്ചചെയ്യാനുമുള്ള സംസ്ഥാന ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) പ്രവർത്തനവും കാര്യക്ഷമമല്ല. ദേശീയ അന്വേഷണ ഏജൻസിയിൽ പ്രവർത്തിച്ചിട്ടുള്ള ഡിഐജി അനൂപ് കുരുവിള ജോണാണ് തലവൻ. ഭീകരവിരുദ്ധ പരിശീലനവും നേടിയിട്ടുണ്ട്. പക്ഷേ കാര്യമായ പിന്തുണ സർക്കാർ നൽകുന്നില്ല. തിരുവനന്തപുരത്ത് പാർട്ടി ഓഫിസീൽ പരിശോധനയ്ക്ക് കയറിയതിനു പിന്നാലെ, എസ്.പി ചൈത്രാ തെരാസോ ജോണിനെ ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് മാറ്റിയിരുന്നു.
കേരളത്തിനും ബംഗാളിനും എൻ.ഐ.എ മുന്നറിയിപ്പ്
ന്യൂഡൽഹി: കേരളത്തിലെയും പശ്ചിമ ബംഗാളിലെയും സൈനിക താവളങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ ഭീകരാക്രമണത്തിന് സാദ്ധ്യതയെന്ന് എൻ.ഐ.എ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പിടിയിലായ അൽ ക്വയ്ദ പ്രവർത്തകരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
ഡൽഹിയിലും രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലും സ്ഫോടനമടക്കം ഭീകരാക്രമണം പദ്ധതിയിട്ട സമയത്താണ് 9 പേർ എൻ.ഐ.യുടെ പിടിയിലായത്. സംഘത്തിലെ മറ്റു ചിലർ രക്ഷപ്പെട്ടു. പശ്ചിമബംഗാളിൽ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് അൽ ക്വയ്ദയുടെ സെല്ലുകൾ സജീവമാണെന്നും വിവരം ലഭിച്ചു. ശനിയാഴ്ച പുലർച്ചെ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ആറ് പേരെ പിടികൂടിയ സ്ഥലത്ത് എൻ.ഐ.എ എത്തുന്നതിന് തൊട്ടുമുൻപാണ് രണ്ടുപേർ കടന്നുകളഞ്ഞത്. പിടിയിലായ ആറ് പേരിൽ രണ്ടുപേർ വിദ്യാർത്ഥികളാണ്. ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്ത ലാപ്ടോപിലും മൊബൈൽ ഫോണിലെ സിം കാർഡുകളിലും നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി എൻ.ഐ.എ വെളിപ്പെടുത്തി. സിം കാർഡുകളിൽ കേരളം, ജമ്മുകാശ്മീർ അടക്കം സംസ്ഥാനങ്ങളിലെ വ്യക്തികളുടെ ഫോൺ നമ്പരുകളുണ്ട്. ഫോണിൽ ഒന്നിലേറെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇവർ നടത്തിയ വീഡിയോ ചാറ്റുകളും മറ്റും കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |