ന്യൂഡൽഹി: കർഷക ബില്ലിനെതിരെ രാജ്യസഭയിൽ ഞായാറാഴ്ച പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങൾക്കിടെ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായണൻ സിംഗിനടുത്തേക്ക് എം.പിമാരിൽ ചിലർ കുതിച്ചെത്തുന്നതിന്റെയും കടലാസുകൾ കീറിയെറിയുന്നതിന്റെയും വ്യക്തമായ ദൃശ്യങ്ങൾ പുറത്തുവന്നു. തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ ഡെപ്യൂട്ടി ചെയർമാനരികിലെത്തിയപ്പോൾ മാർഷൽമാർ പിടിച്ചുനീക്കുന്നതും രാജ്യസഭാ ജീവനക്കാർ ഡെപ്യൂട്ടി ചെയർമാന്റെ മേശയിലുള്ള രേഖകൾ സുരക്ഷിതമായി മാറ്റിവയ്ക്കുന്നതും കാണാം. അതിനിടെ ഒരു എം.പി കടലാസുകൾ കീറി ഡെപ്യൂട്ടി ചെയർമാനു നേരെ എറിയുന്നു. മറ്റൊരു എം.പി മൈക്ക് പിടിച്ചുവലിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും ഡെപ്യൂട്ടി ചെയർമാനരികിലെത്തി പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സഭയിൽ മോശമായി പെരുമാറിയതിന്റെ പേരിൽ എട്ട് എം.പിമാരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് ദൃശ്യം കേന്ദ്രസർക്കാർ വൃത്തങ്ങൾ പുറത്തുവിട്ടത്.
ഉപാദ്ധ്യക്ഷനെ അധിക്ഷേപിച്ചെന്ന് വെങ്കയ്യ
ഞായാറാഴ്ച രാജ്യസഭയിൽ അരങ്ങേറിയ സംഭവങ്ങൾ വേദനിപ്പിച്ചെന്നും പാർലമെന്റിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും അദ്ധ്യക്ഷൻ എം. വെങ്കയ്യനായിഡു സഭയിൽ പറഞ്ഞു. സംഭവങ്ങൾ നിർഭാഗ്യകരവും അപലപനീയവുമാണ്. ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ നാരായൺ സിംഗിനെ അധിക്ഷേപിച്ചു. മാർഷൽമാരെത്തിയില്ലായിരുന്നെങ്കിൽ അദ്ദേഹം ആക്രമിക്കപ്പെട്ടേനെ. അംഗങ്ങൾ തങ്ങളുടെ സീറ്റിൽ തന്നെ തുടർന്നിരുന്നെങ്കിൽ വോട്ടെടുപ്പ് നടത്താനാകുമായിരുന്നുവെന്നാണ് ഡെപ്യൂട്ടി ചെയർമാൻ അറിയിച്ചതെന്നും വെങ്കയ്യ പറഞ്ഞു.
ചില അംഗങ്ങൾ നടുത്തളത്തിലിറങ്ങി. പേപ്പറുകൾ വലിച്ചുകീറി. സെക്രട്ടറി ജനറലിന്റെ മേശയ്ക്ക് മേൽ കയറി നൃത്തംവച്ചു, നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി, മൈക്ക് തകർത്തു. റൂൾബുക്ക് ഡെപ്യൂട്ടി ചെയർമാനു നേർക്കെറിഞ്ഞു. അംഗങ്ങൾ ആത്മപരിശോധന നടത്തണമെന്നും വെങ്കയ്യ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |