ലാഭത്തിൽ കെ.എം.എം.എൽ ഒന്നാമത്
തിരുവനന്തപുരം: തകർച്ചയിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ 56 കോടി രൂപയുടെ ലാഭത്തിലേക്ക് ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാർ അധികാരത്തിലേറുമ്പോൾ പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്‌ടം 131.6 കോടി രൂപയായിരുന്നു. ആദ്യവർഷം തന്നെ നഷ്ടം 71 കോടി രൂപയായി കുറച്ചു. 2015-16ൽ എട്ട് പൊതുമേഖലാ കമ്പനികളാണ് ലാഭത്തിലുണ്ടായിരുന്നത്. 2019-20ൽ 15 കമ്പനികൾ ലാഭത്തിലായി.
2017-18ൽ 5 കോടി രൂപയും 2018-19ൽ 8 കോടി രൂപയുമായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭം. ഈ നേട്ടത്തിന്റെ കരുത്തിലാണ് കേന്ദ്രം വിൽക്കാൻ തീരുമാനിച്ച സ്ഥാപനങ്ങൾ പോലും സർക്കാർ ഏറ്റെടുക്കുന്നത്.
പൊതുമേഖലയിൽ ഏറ്റവുമധികം ലാഭം കെ.എം.എം.എല്ലിനാണ്; 2018-19ൽ 163 കോടി രൂപ. തൊട്ടുമുമ്പത്തെ വർഷം 181 കോടി രൂപ. 2020 ജനുവരി മുതൽ ഇന്നുവരെ 4,042 സംരംഭകർക്ക് അനുമതി നൽകി. 958 കോടി രൂപയുടെ നിക്ഷേപവും ലഭിച്ചു.
വ്യവസായ നിക്ഷേപത്തിനുള്ള അനുമതി വേഗത്തിലാക്കാൻ 'കെ-സ്വിഫ്റ്റ്" ഓൺലൈൻ ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്തി. ഇതുപ്രകാരം 9,261 പേർ രജിസ്റ്റർ ചെയ്തു. 906 പേരാണ് അപേക്ഷിച്ചത്. ഇവരിൽ 171 പേർക്ക് അനുമതി നൽകി. 237 പേർ കൽപ്പിത അനുമതിയോടെ വ്യവസായം തുടങ്ങി. 3,600 കോടി രൂപ മുതൽ മുടക്കുള്ള 29 വൻകിട പദ്ധതികൾക്കും കെ-സ്വിഫ്റ്റ് വഴി അനുമതി നൽകി. ഇതിലൂടെ 35,000 പേർക്ക് തൊഴിൽ ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |