SignIn
Kerala Kaumudi Online
Monday, 07 July 2025 3.56 PM IST

ആരാണ് മലയാളത്തിന്റെ രഹസ്യശത്രുക്കൾ ?

Increase Font Size Decrease Font Size Print Page
malayalam

ഒരു സംസ്ഥാനത്തിനുള്ളിലെ ഭാഷാന്യൂനപക്ഷങ്ങൾ തങ്ങളുടെ ഭാഷയുടെ വളർച്ചയ്ക്കും അംഗീകാരത്തിനും വേണ്ടി അവകാശവാദങ്ങൾ ഉന്നയിക്കുന്നതും സർക്കാരുകളോട് പ്രത്യേക പരിഗണന ആവശ്യപ്പെടുന്നതും അപൂർവമല്ല. രാഷ്ട്രീയ അധികാരമുപയോഗിച്ച് ചില ഭാഷകൾ തങ്ങളുടെ മാതൃഭാഷയ്ക്കു മേൽ അടിച്ചേല്പിക്കപ്പെടുമ്പോഴും (ഹിന്ദിക്കെതിരെ തമിഴ്നാട്ടിൽ കാണുന്നത് പോലെ) വ്യാപകമായ സമരവും പ്രതിഷേധവും ഉയരാറുണ്ട്. സ്വന്തം ഭാഷയ്‌ക്കെതിരെ ഉണ്ടാകുന്ന ഭീഷണിയും അവഗണനയും ലോകചരിത്രത്തിൽ തന്നെ വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഭാഷയുടെ രാഷ്ട്രീയം കൊളോണിയൽ ചരിത്രത്തിൽ നാം കണ്ടതാണ്.

ഇംഗ്ലീഷിനെ പരിഷ്‌കൃതിയുടെയും നാഗരികതയുടെയും വിജ്ഞാനത്തിന്റെയും ഭാഷയായി ബ്രിട്ടീഷുകാർ അവതരിപ്പിച്ചു. അവരുടെ വരവിനു മുമ്പ് നമുക്കിവിടെ ഉണ്ടായിരുന്ന, 'വെർണാക്കുലർ' എന്ന് ലേശം അവജ്ഞയോടെ വിശേഷിപ്പിച്ച നാട്ടുഭാഷകളുടെ ശക്തിയോ സൗന്ദര്യമോ അവർ അംഗീകരിച്ചില്ല. അതിന് അവരെ കുറ്റം പറഞ്ഞു കൂടാ. അവർ നമ്മെ നന്നാക്കാൻ വന്നവരല്ലല്ലോ. ചൂഷണമായിരുന്നു ലക്ഷ്യം. ചൂഷകൻ ചൂഷിതനേക്കാൾ ബല്യ പുള്ളിയാണെന്നു സ്ഥാപിച്ചെങ്കിലേ ചൂഷണം സുഗമമാവൂ. 'മൂഢന്മാരേ, ഞങ്ങളുടെ ഭാഷ പഠിക്കൂ, ആധുനികതയിലേക്കു കണ്ണ് തുറക്കൂ' എന്ന് അവർ പറഞ്ഞു. പലരും അത് പഠിച്ചു. പഠിച്ചവരിൽ പലർക്കും അത് 'വയറ്റിപ്പിഴപ്പിനു' പ്രയോജനപ്പെട്ടു. സ്വതന്ത്രചിന്തയുള്ള ധിഷണാശാലികൾ അവർ പഠിച്ച ഇംഗ്ലീഷിലൂടെ തന്നെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യമൂല്യങ്ങളുടെയും ആത്മാഭിമാനത്തിന്റെയും ആശയസത്ത ഉൾക്കൊണ്ടു. അത് ഇൻഡ്യൻ നവോത്ഥാനത്തിനും സ്വയം നവീകരിക്കാനുള്ള പ്രസ്ഥാനങ്ങൾക്കും തുടർന്ന് ദേശീയ പ്രസ്ഥാനത്തിനും ബൗദ്ധികമായ അടിത്തറപാകി.

മാതൃഭാഷയ്ക്കു വേണ്ടി സ്വന്തം സംസ്ഥാനത്തിനുള്ളിൽ സമരം നടത്തുകയും സത്യഗ്രഹമിരിക്കുകയും ചെയ്യേണ്ടി വരുന്ന സാഹചര്യം അസാധാരണവും അസ്വാഭാവികവുമാണ്. ഒരു പക്ഷെ കേരളത്തിൽ മാത്രമേ ഈ വിചിത്ര പ്രതിഭാസം കാണാനാവൂ. പബ്ലിക് സർവീസ് കമ്മിഷന്റെ പരീക്ഷകളിൽ ചോദ്യങ്ങൾ മലയാളത്തിലും കൂടി വേണം എന്ന ആവശ്യത്തിന്മേൽ ഇതിനു മുൻപത്തെ ഓണക്കാലത്തു ഭാഷാസ്‌നേഹികൾ സത്യാഗ്രഹമിരുന്നു. ഇപ്പോഴിതാ പ്രൈമറി ക്ലാസുകളിലെ അദ്ധ്യാപകരെ തിരഞ്ഞെടുക്കുമ്പോൾ അവർക്കു മലയാളത്തിൽ പ്രാവീണ്യം ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതില്ല എന്ന തീരുമാനം വീണ്ടും വിവാദത്തിലേക്കും ഒപ്പു ശേഖരണത്തിലേക്കും നയിച്ചിരിക്കുകയാണ്.

മലയാളം ഔദ്യോഗിക ഭാഷയാക്കുകയും മലയാളത്തിന് വേണ്ടി ഒരു നിയമം ആവിഷ്‌കരിക്കുകയും ചെയ്യുക വഴി സർക്കാർ ഇക്കാര്യത്തിലുള്ള പ്രതിബദ്ധത അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നിട്ടും മലയാള ഭാഷയുടെ മുന്നോട്ടുള്ള വഴി നിറയെ മുള്ളും മുരടുമാണ്. സ്‌കൂളുകളിൽ മലയാളം പഠിപ്പിക്കണമെന്നും സർക്കാർ ജോലിക്ക് മലയാള ഭാഷാജ്ഞാനം അവശ്യയോഗ്യതയാകണമെന്നുമൊക്കെ പറയുമ്പോൾ അതിനെ പ്രതിരോധിക്കുകയും 'വിഡ്ഢിത്തം പറയരുതേ' എന്ന അർത്ഥത്തിൽ പ്രതികരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം മലയാളികൾ (സോറി, മലയാളികൾ അല്ല, കേരളീയർ; മലയാളം അറിയാത്തവരെ മലയാളികൾ എന്ന് പറഞ്ഞതിന് മാപ്പ്) നമുക്കിടയിലുണ്ട്. അവർ കേരളത്തിലെ രക്ഷിതാക്കളോടു ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കൊണ്ടിരിക്കുന്നു, മക്കളെ മലയാളം മാത്രം പഠിപ്പിക്കരുത് (വെർണാക്കുലർ എന്ന് പറയാത്തത് ഭാഗ്യം) . മൂന്നു വയസ് മുതലേ അവരെ ഇംഗ്ലീഷ് പഠിപ്പിക്കൂ; ഇംഗ്ലീഷ് മാത്രം! (ഫ്രഞ്ചോ സ്പാനിഷോ ആകാം but no Malayalam).

മാതൃഭാഷയിലൂടെയാണ് കുട്ടിക്കു ലോകബോധം ഉണ്ടാകുന്നതെന്ന കാര്യത്തിൽ ലോകത്തുള്ള ശിശുമനഃശാസ്ത്രജ്ഞർക്കും വിദ്യാഭ്യാസ വിചക്ഷണന്മാർക്കുമിടയിൽ തർക്കമേയില്ല. അറിവ് അനുഭവമാകണമെങ്കിൽ മാതൃഭാഷാപരിചയം കൂടിയേ കഴിയൂ. കുട്ടികൾ ഇംഗ്ലീഷ് പഠിക്കരുതെന്നു ഒരു മലയാള ഭാഷാസ്‌നേഹിയും പറയുന്നില്ല. പക്ഷെ മലയാളം പഠിക്കുന്നത് അനാവശ്യമായ സമയം കളയലാണ് എന്ന വികല വിചാരഗതിയുടെ മുഖംമൂടി ചീന്തിക്കളയേണ്ടതുണ്ട്. കുഞ്ഞുങ്ങളെ ബോൺസായികളാക്കുന്ന ഈ അഭിപ്രായഗതിയുടെ സ്വാധീനം നമ്മുടെ സമൂഹത്തിൽ അപായകരമാം വിധം വളരുകയാണ്. മാതൃഭാഷയില്ലാത്ത മക്കളായി, ഭാഷാ അഭയാർത്ഥികളായി നമ്മുടെ കുഞ്ഞുങ്ങൾ വളരുന്നതിന്റെ ദുരന്തം കാണാൻ അവർക്കു കഴിയുന്നില്ല.

ഭാഷാപരമായ കുറെ അന്ധവിശ്വാസങ്ങൾ ഈ വിഭാഗത്തെ ഗ്രസിച്ചിട്ടുണ്ട്. ചില ഭോഷത്തരങ്ങൾ ഇവയൊക്കെ:
• മലയാളം പഠിക്കുന്നത് കൊണ്ട് ഇംഗ്ലീഷ് പഠനം മോശമായിപ്പോകും .
• മലയാളം പഠിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല .
• വൈജ്ഞാനിക വിഷയങ്ങളൊന്നും മലയാളത്തിൽ പഠിക്കാൻ സാദ്ധ്യമല്ല
• കമ്പ്യൂട്ടർ ഉപയോഗത്തിന് മലയാളം കൊള്ളില്ല.
പലരെയും ഇതൊക്കെ വിശ്വസിപ്പിക്കാൻ ഈ ധ്വരമാർക്കു കഴിഞ്ഞിരിക്കുന്നു.

കേരളത്തിൽ ജീവിക്കുന്ന ആളുകൾക്ക് വേണ്ടിയാണു നമ്മുടെ കുഞ്ഞുങ്ങൾ വിദ്യാഭ്യാസം നേടി ഓരോ സ്ഥാനങ്ങളിൽ എത്തുന്നതെങ്കിൽ, ഇവിടത്തെ ജനങ്ങൾക്ക് സേവനം നൽകാനാണ് സർക്കാർ ജീവനക്കാരെ നിയമിക്കുന്നതെങ്കിൽ, കേരളീയരുടെ ഭാഷ അറിയണമെന്ന് പറയുന്നതു ഇത്ര വലിയ അപരാധമാണോ? അതിനും സമരം ചെയ്യണമെന്നോ? നമ്മുടെ കുഞ്ഞുങ്ങൾ ഇംഗ്ലീഷ് പഠിക്കട്ടെ; അല്ല, പഠിക്കണം. പക്ഷേ ടൈയും കോട്ടും ധരിച്ച അതിഥി വരുമ്പോൾ പെറ്റമ്മയെ ഇരുട്ടുമുറിയലടയ്‌ക്കുന്ന കടുംകൈ ന്യായീകരിക്കാൻ കഴിയുമോ?

TAGS: MALAYALAM, NIRAKATHIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.