കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ്‌നായർ എന്നിവരുടെ റിമാൻഡ് കാലാവധി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഒക്ടോബർ ഏഴുവരെ നീട്ടി. ഇവരുടെ റിമാൻഡ് നീട്ടാൻ ഇ.ഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) നൽകിയ റിമാൻഡ് റിപ്പോർട്ടിൽ മന്ത്രി കെ.ടി. ജലീലിനെയും ബിനീഷ് കോടിയേരിയെയും ചോദ്യംചെയ്ത വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.
സെപ്തംബർ ഒമ്പതിന് ഇൗ പ്രതികളുടെ റിമാൻഡ് നീട്ടാൻ ഇ.ഡി നൽകിയ അപേക്ഷയിൽ ബിനീഷ് കോടിയേരിയുടെ പേരുപറയാതെ കേസിൽ ഒരുന്നതനെ ചോദ്യംചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഒാഫീസിൽ സ്വപ്‌നയ്‌ക്ക് സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്ന സുരേഷിന് അടുപ്പമുണ്ടെന്നുമുള്ള വിവരങ്ങൾ ഇൗ റിപ്പോർട്ടിലും പറയുന്നുണ്ട്. സ്വർണക്കടത്തിന് ഇവരെ സഹായിച്ചവരുടെ വിവരങ്ങൾ കണ്ടെത്താനായി വിശദമായ അന്വേഷണം വേണമെന്നും പ്രതികൾക്ക് ജാമ്യംനൽകിയാൽ ഒളിവിൽപോകാനും തെളിവു നശിപ്പിക്കാനുമിടയുണ്ടെന്നും ഇ.ഡിയുടെ അസി. ഡയറക്ടർ പി. രാധാകൃഷ്‌ണൻ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |