തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്തിനെതിരെ വീണ്ടും ആരോപണം കടുപ്പിച്ച് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ. അഭിജിത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും രോഗം പടർത്താനുള്ള ശ്രമമായിരുന്നുവോ എന്ന് സംശയിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു. കൊവിഡ് പരിശോധനക്കായി വ്യാജ പേരും മേൽവിലാസവും നൽകിയതിനെതിരേ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം ജില്ലക്കാരൻ പോലും അല്ലാത്ത ഒരാൾ പോത്തൻകോട് പഞ്ചായത്തിലെ തച്ചമ്പളളി വാർഡിൽ വന്ന് വ്യാജ പേരിൽ കൊവിഡ് ടെസ്റ്റ് നടത്തി. അതിന്റെ ആവശ്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
കെ.എം അഭി എന്ന പേരും കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ മേൽവിലാസവുമാണ് അഭിജിത്ത് പരിശോധനയ്‌ക്ക് ശേഷം നൽകിയിരുന്നത്. ഇക്കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനും രോഗം പരത്താനുമായിരുന്നു അഭിജിത്തിനെ പോലുള്ള ഒരാൾ ശ്രമിച്ചതെന്നാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്.
അതേസമയം വേണുഗോപാലിന്റെ ആരോപണങ്ങളെ അഭിജിത്ത് പൂർണമായും തളളി. തനിക്ക് ആറു ദിവസമായി ഒറ്റയ്ക്ക് കഴിയുന്നതിനാൽ മറ്റ് സമ്പർക്കങ്ങൾ ഇല്ല. എങ്കിലും അതിന് മുന്നേ അടുത്ത് ഇടപെട്ട സഹപ്രവർത്തകർക്ക് അറിയിപ്പ് നൽകി സുരക്ഷിതരാവാൻ ആവശ്യപ്പെട്ടിരുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുലിന്റേയും താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകൾ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നൽകിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവർത്തകർ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റ് കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ 'ആരോഗ്യപ്രവർത്തകരെ' അറിയിച്ചുകൊണ്ട് ഇതേ വീട്ടിൽ താൻ കഴിയുകയാണ്. എന്നിട്ടും തന്നെ കാണാൻ ഇല്ലെന്നും കളള മേൽവിലാസം നൽകിയെന്നും വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ പടച്ചുവിടുകയാണെന്നും അഭിജിത്ത് ആരോപിക്കുന്നു.
പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന് രാഷ്ട്രീയതാത്പര്യം കാണും. ഈ സർക്കാരിലെ ചില വകുപ്പുകൾക്കും കാണും. ഇല്ലാകഥകൾ ആഘോഷിക്കാൻ ചില മാദ്ധ്യമങ്ങൾക്കും ഉത്സാഹം ഉണ്ടാകും. അപ്പോഴും ഓർക്കേണ്ടത് താൻ കൊവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ് എന്നത് മാത്രമാണ്. ശാരീരിക ബുദ്ധിമുട്ടുകൾ ഉളള തന്നെ മാനസികമായി തകർക്കരുതെന്നും അഭിജിത്ത് പറഞ്ഞു. അഭിജിത്തിനെ അനുകൂലിച്ച് കോൺഗ്രസുകാരും രൂക്ഷമായി വിമർശിച്ച് സി.പി.എമ്മും ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ കളം പിടിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |