തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട് രണ്ട് വർഷം തികയുന്ന അതേദിവസം തന്നെയാണ് അദ്ദേഹത്തിന്റെയും മകളുടെയും മരണത്തിനു പിന്നിലെ ദുരൂഹത നീക്കാനുള്ള സി.ബി.ഐയുടെ നുണപരിശോധന നടക്കുന്നതും. ബാലുവിന്റെ സുഹൃത്തുക്കളും മാനേജർമാരുമായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവർക്കാണ് ഇന്നും നാളെയും നുണപരിശോധന നടത്തുക. 2018 സെപ്‌തംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
ഡൽഹിയിലെയും ചെന്നൈയിലെയും സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ദ്ധരാണ് കൊച്ചിയിൽ നുണപരിശോധന നടത്തുന്നത്. വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ പ്രകാശൻ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണ് അപകടത്തെക്കുറിച്ച് ബന്ധുക്കൾക്കു സംശയമുണ്ടായത്. ബാലഭാസ്‌കറിന്റെ മരണത്തിൽ സ്വർണക്കടത്തു സംഘങ്ങൾക്കു പങ്കുണ്ടോയെന്നു പരിശോധിക്കാനാണ് നുണ പരിശോധന നടത്തുന്നത്.
അപകടസമയത്ത് ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന അർജുൻ താൻ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റിയതിലും ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അർജുനെ നുണപരിശോധനയ്ക്കു വിധേയനാക്കുന്നത്. അപകട സ്ഥലത്തെത്തുന്നതിനു മുമ്പ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി അന്നേദിവസം കടന്നുപോയ കലാഭവൻ സോബിയുടെ മൊഴി.
സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ അപകടസ്ഥലത്ത് കണ്ടെന്ന സോബിയുടെ മൊഴി നുണപരിശോധനയിൽ ശരിയാണെന്ന് കണ്ടാൽ, സരിത്തിനെ സി.ബി.ഐ ചോദ്യംചെയ്യും. ബാലു മരിച്ച ശേഷമാണ് പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണക്കടത്തിലേക്ക് തിരിഞ്ഞതെന്നാണ് മൊഴികൾ. ഇത് ശരിയാണോയെന്നും കണ്ടെത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |