
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരി എച്ചുമുകുട്ടി. ബസിൽ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് വീഡിയോ പകർത്തിയ യുവതിക്കെതിരെ സൈബർ ആക്രമണം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് എച്ചുമുകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നത്.
ബസിൽ മറ്റൊരു സ്ത്രീയെ ഒരാൾ ഉപദ്രവിക്കുന്നത് കണ്ടപ്പോഴാണ് വീഡിയോ എടുക്കാൻ ആ സ്ത്രീ മുതിർന്നതെന്ന് എച്ചുമുകുട്ടി ചൂണ്ടിക്കാട്ടുന്നു. ഒരു പെണ്ണിനുണ്ടായ ഉപദ്രവത്തെ മറ്റൊരു പെണ്ണ് തെളിവ് സഹിതം വെളിപ്പെടുത്തിയത് ശരിയല്ല എന്ന ആൺമേന്മാ സമൂഹബോധമാണ് ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾക്ക് പിന്നിലെന്ന് അവർ പറയുന്നു. പെണ്ണുങ്ങൾ പരസ്പരം സഹായിക്കാതെ തമ്മിൽ തല്ലി കഴിഞ്ഞാലേ ആണധികാര വ്യവസ്ഥയ്ക്ക് സുഗമമായി മുന്നോട്ട് പോകാൻ കഴിയൂ എന്നും അവർ കുറിച്ചു.
എച്ച്മുകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
പെണ്ണുങ്ങൾ പാരസ്പര്യം പുലർത്തുകയോ? ബസിൽ മറ്റൊരു സ്ത്രീയെ അയാൾ ഉപദ്രവിക്കുന്നതു കണ്ടപ്പോഴാണ് വീഡിയോ എടുക്കാൻ ഈ സ്ത്രീ മുതിരുന്നത്. അതയാൾക്ക് മനസ്സിലായി. അങ്ങനെയാണയാൾ സാധാരണ ആണിന്റെ വെല്ലുവിളി പോലേ, അവളേ മാത്രം അല്ല നിന്നേം മുട്ടും, നീ വീഡിയോ എടുക്ക് എന്ന് ആ സ്ത്രീയേ ഉരുമ്മുന്നത്. എന്നിട്ട് അയാൾ ഒരു പ്രത്യേക തരത്തിൽ നോക്കുന്നുമുണ്ട്. മറ്റൊരു പെണ്ണിനെ ഏതെങ്കിലും ഒരു പെണ്ണ് സഹായിക്കാൻ തുനിഞ്ഞ്, ഇമ്മാതിരി ഒരു കാര്യം ചെയ്യാൻ പോയാൽ അത് ആണധികാരതിന്മ കൂടിയും കുറഞ്ഞും ഉള്ള അളവിൽ സ്വന്തമാക്കിയിട്ടുള്ള മനുഷ്യർക്ക് ഇഷ്ടപ്പെടില്ല.
പെണ്ണുങ്ങൾ എപ്പോഴും പരസ്പരം അസൂയയും അരക്ഷിതാവസ്ഥയും പരാതിയുമായി തമ്മിൽത്തല്ലിയാലേ ആണധികാരതിന്മ ഭംഗിയായി പുലരൂ. അതാണ് അവൾ വീഡിയോ പിടിക്കാൻ നിന്നു കൊടുത്തു, മുഖത്ത് ഇഷ്ടമാണ് കാണുന്നത്, പ്രതിഷേധം ഉണ്ടായില്ല...എന്നുള്ള ന്യായങ്ങൾ എമ്പാടും വരുന്നത്. ഒരു പെണ്ണിനുണ്ടായ ഉപദ്രവത്തെ മറ്റൊരു പെണ്ണ് തെളിവ് സഹിതം വെളിപ്പെടുത്തിയത് ശരിയായില്ല എന്ന ആൺമേന്മാസമൂഹബോധം. പെണ്ണുങ്ങളും കുഞ്ഞുങ്ങളും ആണധികാരതിന്മയുടെ രൂക്ഷതകൊണ്ട് ആത്മഹത്യ ചെയ്യുമ്പോൾ, ഇറങ്ങിപ്പോരാമായിരുന്നില്ലേ, ജീവിച്ചു കാണിക്കേണ്ടേ, നിയമവഴി തേടാമായിരുന്നില്ലേ....എന്നിങ്ങനെ ആയിരം ചോദ്യങ്ങൾ ചോദിച്ച് അവരുടെ ആത്മഹത്യയെ തീർത്തും അനാവശ്യമായിരുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നവർ....ഈ പുരുഷൻ മരിച്ചപ്പോൾ അങ്ങനെ ചോദിക്കുന്നില്ലല്ലോ.
അയാൾക്ക് ബസ്സിൽ ബഹളം വയ്ക്കാമായിരുന്നില്ലേ? ഒരു പെണ്ണ് എന്നെ വീഡിയോ എടുക്കുന്നു...കണ്ടക്ടർ ഇടപെടണം എന്ന് വിളിച്ചു കൂവാമായിരുന്നില്ലേ അയാളുടെ നിരപരാധിത്വം പോലീസിൽ പറയാമായിരുന്നില്ലേ? കേസ് കൊടുത്തു പൊരുതാമായിരുന്നില്ലേ ഫേസ്ബുക്ക് ലൈവ് എങ്കിലും ഇടാമായിരുന്നില്ലേ? ആണധികാരതിന്മയുടെ ആണധികാരവ്യവസ്ഥകൾ അത്യപൂർവമായി ഇങ്ങനെ തിരിച്ചേല്ക്കുകയും ചെയ്യുന്നുണ്ട്... ആ മനുഷ്യൻ ആത്മഹത്യ ചെയ്യാതെ സ്വന്തം ഭാഗം വിശദീകരിച്ച്, നിഷ്‌കളങ്കത തെളിയിച്ച് ജീവിച്ചിരിക്കണമായിരുന്നു... അതാണ് പ്രിവിലേജ് ഉള്ള ആണായ അയാൾ ചെയ്യേണ്ടിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |