തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് ജനങ്ങളുടെ ആരോഗ്യവിവരം ശേഖരിക്കാൻ സ്‌പ്രിൻക്ലർ കമ്പനിയുമായുള്ള കരാർ അവസാനിക്കെ മുഖ്യമന്ത്രിയോട് കൂടുതൽ ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡേറ്റകളുടെ വമ്പൻ ശേഖരം വിലയിരുത്താൻ സ്‌പ്രിൻക്ലർ പോലുള്ള കമ്പനികൾ അനിവാര്യമാണെന്ന് അവകാശപ്പെട്ടിരുന്ന സർക്കാർ കൊവിഡ് വ്യാപനം വർദ്ധിച്ചപ്പോൾ കരാർ അവസാനിപ്പിക്കുന്നത് എന്തിനാണെന്ന് ചെന്നിത്തല പരിഹാസരൂപേണ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
സ്‌പ്രിൻക്ലറിന്റെ സോഫ്‌റ്റ്‌വെയർ എത്രമാത്രം ഫലപ്രദമായിരുന്നു? സി-ഡിറ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇപ്പോഴത്തേത് പോലെ ഡേറ്റയുടെ വിലയിരുത്തൽ തുടക്കംമുതൽ നടത്താനാകുമെന്നിരിക്കെ, സ്‌പ്രിൻക്ലറിന് പകരം ഈ സംവിധാനം സ്വീകരിക്കാതിരുന്നതെന്തുകൊണ്ട്? സ്‌പ്രിൻക്ലറിന്റെ സേവനം ഉപയോഗിച്ചതിലൂടെ സർക്കാരിനും ജനങ്ങൾക്കും എന്ത് നേട്ടമുണ്ടായി തുടങ്ങിയ ചോദ്യങ്ങളാണ് ചെന്നിത്തല ഉന്നയിച്ചത്.
നാടിന് അനിവാര്യമായ ഇ- മൊബിലിറ്റി പദ്ധതിയെയല്ല, അതിലെ ക്രമക്കേടുകളെയാണ് എതിർത്തത്. കൺസൾട്ടന്റ് സ്ഥാനത്തു നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ ഒഴിവാക്കുന്ന ഫയൽ മുഖ്യമന്ത്രി കണ്ടിട്ടും അക്കാര്യം പറയാനദ്ദേഹം മടിക്കുന്നു. ദുരഭിമാനമോ ഫയൽ വായിച്ചിട്ടും മനസിലാകാത്തതോ ആകാം കാരണം.
നാട്ടിൽ ഓരോ ദുരന്തമുണ്ടായപ്പോഴും ആരും രാഷ്ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയാകാൻ ഇത് ചൈനയല്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സ്‌പ്രിൻക്ലർ കരാർ തീർന്നു: മുഖ്യമന്ത്രി
വിവരവിശകലനത്തിന് നൽകിയ കാലവധി കഴിഞ്ഞപ്പോഴാണ് സ്പ്രിൻക്ലറുമായുള്ള കരാർ അവസാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധിക്കാൻ സ്‌പ്രിൻക്ലർ നൽകിയ സേവനമെന്താണന്ന് പരിശോധിച്ചേ പറയാനാവൂ. സ്പ്രിൻക്ലറുമായുള്ള സഹകരണം തുടരുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. സ്വർണക്കടത്ത് കേസിൽ തിരുവനന്തപുരത്തെ എൻ.ഐ.എയുടെ അന്വേഷണത്തെയും മുഖ്യമന്ത്രി ന്യായീകരിച്ചു. എൻഐഎയ്ത്ത് തിരുവനന്തപുരം കേന്ദ്രമായി അന്വേഷിക്കേണ്ടതുണ്ട്. പല ആളുകളും തിരുവനന്തപുരത്തായതുകൊണ്ടാവാമിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |