കൊച്ചി : തുടർഭരണമുണ്ടാകും എന്ന തോന്നൽ സമൂഹത്തിൽ ഉയർന്ന സമയത്താണ് പിണറായി സർക്കാരിന് വെള്ളിടിയുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ മുപ്പത് കിലോ കള്ളക്കടത്ത് സ്വർണം കസ്റ്റംസ് പിടിക്കുന്നത്. കള്ളക്കടത്ത് പിടികൂടി പിറ്റേ ദിവസം അതിന് പിന്നിൽ സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരി സ്വപ്ന സുരേഷിന്റെ കൈകളുണ്ടെന്ന് ആരോപണമുയർന്നു. യു എ ഇ കോൺസുലേറ്റിലേക്കെത്തിയ നയതന്ത്ര ബാഗേജിലാണ് സ്വർണം കടത്തിയതെന്നതും, ഈ കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം എന്ന സംശയം ഉയർന്നതിനാലും വളരെ പെട്ടെന്ന് കേസ് എൻ ഐ എ ഏൽപ്പിക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. കള്ളക്കടത്ത് കണ്ട് പിടിച്ച് ദിവസങ്ങൾക്കുള്ളിൽ കേസ് എൻ ഐ എ ഏറ്റെടുക്കുകയും, ഏറ്റെടുത്ത് 24 മണിക്കൂർ തികയും മുൻപേ പ്രതികളെ ബംഗളൂരുവിൽ നിന്നും പിടികൂടി മികവ് പുലർത്തുകയും ചെയ്തു.
എൻ ഐ എ, കസ്റ്റംസ് ചോദ്യം ചെയ്യലുകളിൽ സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക അടിസ്ഥാനത്തിൽ മാത്രം ജോലി ചെയ്യുന്ന ഒരു സാധാരണക്കാരിയല്ല സ്വപ്നയെന്നും, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് അടക്കം അടുത്ത ബന്ധമുണ്ടായിരുന്ന യുവതിയാണ് പ്രതിയെന്നുമുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് മനസിലായി. ഇതിനിടെ സ്വപ്നയുടെ ലോക്കർ ഇടപാടുകളും പുറത്ത് വന്നതോടെ ഇ ഡിയും കേസിൽ ഇടപെടുകയായിരുന്നു. എൻ ഐ എ, കസ്റ്റംസ്, ഇ ഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണമാരംഭിച്ചതോടെ പ്രതിരോധത്തിലായത് പിണറായി സർക്കാരും സി പി എമ്മുമാണ്. സ്വർണക്കടത്തിന് പുറമേ ഖുറാൻ, ഈന്തപ്പഴം തുടങ്ങിയവ പ്രോട്ടോക്കോൾ പാലിക്കാതെ സ്വപ്ന മുഖാന്തരം കേരളത്തിൽ എത്തിച്ചുവെന്നും, ഇതിന് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചു എന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
മന്ത്രി കെ ടി ജലീൽ, പ്രമുഖ ഉദ്യോഗസ്ഥർ തുടങ്ങിയവരെ കേന്ദ്ര ഏജൻസികൾ പലതവണ നേരിട്ടും, വിളിച്ചുവരുത്തിയും ചോദ്യം ചെയ്യുകയും, മൊഴിയെടുക്കുകയും ചെയ്തതോടെയാണ് ഇടത് സർക്കാർ പ്രതിരോധത്തിലായിരിക്കുന്നത്. കൊവിഡ് ഭീഷണി മറികടന്ന് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം തെരുവിൽ എത്തിച്ചതോടെ സർക്കാർ പരുങ്ങലിലായിരിക്കുകയാണ്. സ്വപ്നയുടെ ഇടപെടലുകൾ സർക്കാരിന്റെ സ്വപ്നപദ്ധതിയായ ലൈഫ് മിഷനിലും എത്തിയതോടെയാണ് സി ബി ഐയും അന്വേഷണത്തിനെത്തും എന്ന അഭ്യൂഹം പരന്നത്. ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരന്തരം അവഗണിച്ച സർക്കാർ കഴിഞ്ഞ ദിവസം തിടുക്കപ്പെട്ട് അന്വേഷണത്തിന് അനുവാദം നൽകിയതും സി ബി ഐ വരും എന്ന് മനസിലാക്കിയാണ്.
എന്നാൽ ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ കേസെടുത്തു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. എഫ് സി ആർ ഐ പ്രകാരമാണ് കേസ്. ഇതുസംബന്ധിച്ച് സി ബി ഐ കൊച്ചി പ്രത്യേക കോടതിയിൽ റിപ്പോർട്ട് നൽകി. നിലവിൽ ആരേയും പ്രതിചേർക്കാതെയാണ് കേസെടുത്തിരിക്കുന്നത്. വിദേശ സഹായം സ്വീകരിക്കുമ്പോൾ സംസ്ഥാന സർക്കാർ പ്രോട്ടോക്കോൾ പാലിച്ചോയെന്ന കാര്യവും കേസിലെ അഴിമതിയും സി ബി ഐ അന്വേഷിക്കും. രേഖകൾ ഉൾപ്പടെ പിടിച്ചെടുക്കാൻ വരും ദിവസങ്ങളിൽ ലൈഫ് മിഷൻ ഓഫീസിൽ സി ബി ഐ റെയ്ഡും നടന്നേക്കാം. സ്വപ്ന സുരേഷ് അടക്കമുളള വ്യക്തികളെ സി ബി ഐ ചോദ്യം ചെയ്യാനുളള സാദ്ധ്യതയേറെയാണ്.
ലൈഫ് മിഷൻ പദ്ധതിയിൽ സി ബി ഐ അന്വേഷണത്തിനെത്തുമെന്ന് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാരിൽ നിന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ച രേഖകൾ സി ബി ഐയ്ക്ക് കൈമാറിയിരുന്നു. വടക്കാഞ്ചേരിയിൽ ലൈഫ് ഫ്ളാറ്റിന് വിദേശസഹായ നിയന്ത്രണചട്ടം ലംഘിച്ചും കേന്ദ്രാനുമതി ഇല്ലാതെയും യു എ ഇയിൽ നിന്ന് 20 കോടി നേടുകയും അതിൽ നാലേകാൽ കോടി കോഴയായി തട്ടുകയും ചെയ്ത അഴിമതിയെക്കുറിച്ച് സി ബി ഐ നേരത്തെ വിവരശേഖരണം തുടങ്ങിയിരുന്നു.
2011 ഒക്ടോബർ 27ന് കേന്ദ്രആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം, ഒരു കോടി രൂപയ്ക്ക് മേൽ വിദേശസഹായം നേടിയ തട്ടിപ്പു കേസുകൾ അന്വേഷിക്കാൻ സി ബി ഐയ്ക്കാണ് അധികാരം. ലൈഫ് കോഴയിൽ വിദേശ സഹായനിയന്ത്രണ ചട്ടലംഘനത്തിനു പുറമെ വിദേശനാണ്യ വിനിമയചട്ട (ഫെമ) ലംഘനവും ചുമത്തിയേക്കും. അന്വേഷണത്തോട് സഹകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വഴി യു എ ഇയോട് അഭ്യർത്ഥിച്ചേക്കും. സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ അന്വേഷണത്തിന് യു എ ഇ സഹകരണം പ്രഖ്യാപിച്ചിരുന്നു.
വിദേശസഹായ നിയന്ത്രണചട്ടം ലംഘിച്ചെന്ന പരാതിയിൽ കേസെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുവാദം സി ബി ഐക്ക് ആവശ്യമില്ല. ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം നൽകും മുൻപ് അനുമതി തേടിയാൽ മതി. ലൈഫ് വിവാദയിടപാടിൽ നാല് ഐ എ എസുകാർ പങ്കാളികളായതിനാലും സി ബി ഐയ്ക്ക് കേസ് ഏറ്റെടുക്കാനാവും.
ഇനി വരുന്ന ദിവസങ്ങൾ സർക്കാരിനെ സംബന്ധിച്ചിടത്തോളം അതി നിർണായകമാണ്. ജനകീയ സർക്കാരെന്ന ലേബലിൽ എല്ലാം ശരിയാക്കാനായി വോട്ടഭ്യർത്ഥിച്ച് അധികാരത്തിലേറിയ ഇടത് സർക്കാരിന് കേവലം ആറോ ഏഴോ മാസങ്ങൾക്കകം വീണ്ടും നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ ജനത്തിന്റെ മനസിലുള്ള സംശയങ്ങൾ തീർക്കുവാൻ കുറച്ചധികം വിയർക്കേണ്ടി വരും എന്ന് ഉറപ്പാണ്. മുഖ്യമന്ത്രി എഴുതി ക്ഷണിച്ചാണ് എൻ ഐ എ കേസന്വേഷണത്തിന് കേരളത്തിലെത്തിയതെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന പാർട്ടി നേതാക്കളും അണികളും പക്ഷേ അപ്രതീക്ഷിതമായെത്തിയ സി ബി ഐ അന്വേഷണത്തെ എങ്ങനെ പ്രതിരോധിക്കുമെന്ന് കണ്ടറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |