
വിർജീനിയ: യുഎസിലെ വിർജീനിയയിൽ മയക്കുമരുന്ന് വിൽപ്പനയും പെൺവാണിഭവും നടത്തുന്ന സംഘം അറസ്റ്റിൽ. ഇന്ത്യൻ വംശജരായ ദമ്പതികളടക്കം അഞ്ചുപേരാണ് പിടിയിലായത്. മോട്ടൽ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. തരുൺ ശർമ്മ (55), ഭാര്യ കോശ ശർമ്മ (52) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ ദമ്പതികൾ. ഇവർക്കൊപ്പം മാർഗോ പിയേഴ്സ് (51), ജോഷ്വ റെഡിക് (40), റഷാർഡ് സ്മിത്ത് (33) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വിർജീനിയയിലെ 'റെഡ് കാർപെറ്റ് ഇൻ' എന്ന മോട്ടലിന്റെ ഉടമകളാണ് ഇന്ത്യൻ ദമ്പതികൾ. മോട്ടലിന്റെ മൂന്നാം നില കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വിൽപ്പനയും പെൺവാണിഭവും നടന്നിരുന്നത്. താഴത്തെ നിലകളിൽ അതിഥികളെ താമസിപ്പിച്ച് ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനം. ഇടപാടുകാർക്കിടയിൽ കോശ ശർമ്മ 'മാ' എന്നും തരുൺ ശർമ്മ 'പോപ്പ്' എന്നുമാണ് അറിയപ്പെട്ടിരുന്നത്. മോട്ടലിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ദമ്പതികൾ ലാഭവിഹിതം കൈപ്പറ്റിയിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. പൊലീസ് എത്തുമ്പോൾ പ്രതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതും ഇവർ തന്നെയാണ്.
എഫ്ബിഐയും ലോക്കൽ പൊലീസും ചേർന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് സംഘത്തെ കുടുക്കിയത്. കുറഞ്ഞത് എട്ട് സ്ത്രീകളെയെങ്കിലും ഇവിടെ പെൺവാണിഭത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. ഇവരെ പുറത്തുപോകാൻ അനുവദിച്ചിരുന്നില്ലെന്നും ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 80 മുതൽ 150 ഡോളർ വരെയാണ് ഇടപാടുകാരിൽ നിന്ന് ഈടാക്കിയിരുന്നത്. കൊക്കെയ്ൻ അടക്കമുള്ള മാരകമായ ലഹരിമരുന്നുകൾ ഇവിടെനിന്ന് വിറ്റഴിച്ചിരുന്നു. രഹസ്യ ഏജന്റുമാർ പലതവണ ഇടപാടുകാരായി എത്തിയാണ് തെളിവ് ശേഖരിച്ചത്.
കുറ്റം തെളിഞ്ഞാൽ പ്രതികൾക്ക് പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാം. ലഹരിമരുന്ന് വിതരണം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രിൻസ് വില്യം കൗണ്ടി പൊലീസും എഫ്ബിഐയും ചേർന്ന് നടത്തിയ മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് കുപ്രസിദ്ധ സംഘം വലയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |