ന്യൂഡൽഹി: ലൈംഗികവൃത്തി നിയമപ്രകാരം കുറ്റമല്ലെന്നും പ്രായപൂർത്തിയായ സ്ത്രീയ്ക്ക് ഏത് തൊഴിലും തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും നിരീക്ഷിച്ച് ബോംബെ ഹൈക്കോടതി. വനിതാ ഹോസ്റ്റലിൽ നിന്ന് ലൈംഗികത്തൊഴിലിനിടെ അറസ്റ്റ് ചെയ്ത മൂന്ന് യുവതികളെ കോടതി വെറുതേ വിട്ടു.
1956ലെ ഇമ്മോറൽ ട്രാഫിക് നിയമം വേശ്യാവൃത്തി അസാധുവാക്കുന്നില്ലെന്ന് ഹൈക്കോടതി ജഡ്ജി പൃഥ്വിരാജ് ചവാൻ പറഞ്ഞു. ലൈംഗികവൃത്തി തൊഴിലായി സ്വീകരിച്ചതിന്റെ പേരിൽ നിയമം ആരെയും ശിക്ഷിക്കുന്നില്ല. ലൈംഗികവൃത്തിയുടെ പേരിൽ ആരെയെങ്കിലും ചൂഷണം ചെയ്യുന്നതും പൊതുസ്ഥലങ്ങളിൽ ഇടപാടുകാരെ തേടുകയും ചെയ്യുന്നതാണ് കുറ്റകരമെന്നും കോടതി വ്യക്തമാക്കുന്നു.
ലൈംഗികത്തൊഴിലിൽ ഏർപ്പെട്ട മൂന്ന് യുവതികളെ 2019ൽ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതികളെ സർക്കാർ കേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിട്ടിരുന്നു. രക്ഷിതാക്കളോടൊപ്പം പോകാൻ തയ്യാറല്ലെന്ന് യുവതികൾ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ, ഉത്തരവ് ദിൻദോഷി സെഷൻസ് കോടതി റദ്ദാക്കി. തുടർന്ന് യുവതികൾ നൽകിയ അപ്പീൽ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |