തിരുവനന്തപുരം: 40 ദിവസം പ്രായമായ കുഞ്ഞിനെ പാച്ചല്ലൂർ സ്വദേശിയായ പിതാവ് ഉണ്ണിക്കൃഷ്ണൻ (24) ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന വാർത്ത കേട്ടാണ് ഇന്നലെ പാച്ചല്ലൂരുകാരുടെ ദിവസം തുടങ്ങിയത്. നൂലുകെട്ട് ചടങ്ങിന് ശേഷം വൈകിട്ട് ഏഴോടെയാണ് മഠത്തുനടയ്ക്ക് സമീപം കരമനയാറ്രിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത്. പാച്ചല്ലൂരിലെ പുരാതനമായ പേരയിൽ തറവാട്ടിലെ പരേതനായ അശോകൻ മാസ്റ്ററുടെയും സുഗുണാദേവിയുടെയും ഏക മകനായ ഉണ്ണിക്കൃഷ്ണൻ ഇത്തരമൊരു കൃത്യം നിർവഹിച്ചു എന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് നാട്ടുകാർ. ഐ.ടി.ഐ പഠനത്തിന് ശേഷം വയറിംഗ് ജോലികൾ ചെയ്‌തിരുന്ന ഉണ്ണിക്കൃഷ്ണൻ സൗമ്യനാണെന്നാണ് നാട്ടുകാർ പറയുന്നത്. കൊലപാതകവിവരം പുറത്തുവന്ന ശേഷമാണ് ഇത്തരമൊരു ബന്ധമുണ്ടെന്നും അതിൽ കുഞ്ഞുണ്ടെന്നും പലരും അറിഞ്ഞത്. ഹോം ഗാർഡായ നെടുമങ്ങാട് പനയമുട്ടം കുഴിനട പണയിൽ വീട്ടിൽ ചിഞ്ചുവിനെ ഫേസ്ബുക്കിലൂടെ ഒരു വർഷം മുമ്പാണ് ഉണ്ണിക്കൃഷ്ണൻ പരിചയപ്പെട്ടത്. ഭർത്താവ് മരിച്ചതാണെന്നും ഒരു കുഞ്ഞുണ്ടെന്നും ചിഞ്ചു ഇയാളോട് മുമ്പേ പറഞ്ഞിരുന്നതായി ചിഞ്ചുവിന്റെ ബന്ധുക്കൾ പറയുന്നു. നൂലുകെട്ട് ചടങ്ങിന് ശേഷം കുഞ്ഞിനെ അമ്മയെ കാണിക്കാൻ പോയ ഉണ്ണികൃഷ്ണൻ തിരികെ എത്താതായപ്പോൾ പലതവണ ചിഞ്ചു ഫോണിൽ ഇയാളെ ബന്ധപ്പെട്ടിരുന്നു. കുഞ്ഞിനെ ആറ്റിൻകരയിൽ വച്ചിട്ടുണ്ടെന്നും ഹൈവേയുടെ ഭാഗത്ത് ഉപേക്ഷിച്ചെന്നുമെല്ലാം ഇയാൾ പറഞ്ഞു. ചിഞ്ചുവിന്റെ പരാതിയെ തുടർന്ന് ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് കുഞ്ഞിനെ പള്ളത്തുകടവിനടുത്തുള്ള കരമനയാറ്റിൽ എറിഞ്ഞതായി പറഞ്ഞത്. തുടർന്ന് പൊലീസ് സംഘം ഉണ്ണിക്കൃഷ്ണനെയും കൂട്ടി സ്ഥലത്തെത്തി. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ പുലർച്ചെ രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവല്ലം സി.ഐ വി. സജികുമാർ, എസ്.ഐമാരായ പ്രതാപ് കുമാർ, സജീവ്, അസി. സബ് ഇൻസ്‌പെക്ടർ മനോഹരൻ, സി.പി.ഒമാരായ അജിത്, അരുൺ, വൃന്ദ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
ചിഞ്ചു കുഞ്ഞിനെ കാത്തിരുന്നത് മണിക്കൂറുകൾ
അമ്മയെ കാണിക്കാനാണെന്ന് പറഞ്ഞ് വൈകിട്ട് ആറോടെ ഉണ്ണിക്കൃഷ്ണൻ തന്റെ കൈയിൽ നിന്ന് വാങ്ങിപ്പോയ കുഞ്ഞിനെയും നോക്കി മണിക്കൂറുകളാണ് ചിഞ്ചു മധുപാലത്ത് ഓട്ടോയിൽ കാത്തിരുന്നത്. കുഞ്ഞിന്റെ തുണികൾ കൊണ്ടുവന്ന പ്ലാസ്റ്റിക് ബാസ്‌കറ്റിൽ കുഞ്ഞിനെ കിടത്തിയാണ് ഇയാൾ കുഞ്ഞുമായി പോയത്. ഉടൻ വരാമെന്ന് പറഞ്ഞുപോയ ഉണ്ണിക്കൃഷ്ണൻ കുഞ്ഞിനെ ഇല്ലാതാക്കുമെന്ന് ചിഞ്ചു പ്രതീക്ഷിച്ചിരുന്നില്ല. രാത്രി ഒമ്പതായിട്ടും കുഞ്ഞുമായി മടങ്ങി വരാത്തതിനെ തുടർന്നാണ് ചിഞ്ചു താൻ വന്ന ഓട്ടോയിൽ തിരുവല്ലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. രാത്രി 11ഓടെ പൊലീസ് ഉണ്ണിക്കൃഷ്ണനെ തിരുവല്ലത്തിന് സമീപത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഗർഭിണിയായതിന് ശേഷം ചിഞ്ചു പാച്ചല്ലൂരിലെ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ അമ്മ സുഗുണ ഇവരെ വീട്ടിൽ കയറ്റാൻ സമ്മതിച്ചില്ല. ഇത് ബഹളത്തിന് കാരണമായിരുന്നു. പിന്നീട് പൊലീസുമായി എത്തിയിട്ടും ചിഞ്ചുവിനെ അംഗീകരിക്കാൻ ഇവർ തയ്യാറായില്ല. ഇതിന്റെ പേരിൽ തിരുവല്ലം സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. ഇതോടെ കുഞ്ഞിനെ വേണ്ടെന്നുവയ്ക്കാൻ ഉണ്ണിക്കൃഷ്ണൻ ചിഞ്ചുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് ചിഞ്ചു അംഗീകരിച്ചില്ല. കുഞ്ഞ് ജനിച്ച ശേഷവും ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ പിതൃത്വത്തിൽ തനിക്ക് വിശ്വാസമില്ലെന്ന് ഇയാൾ ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |