തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് സമരത്തെ സ്വയം നിരാകരിച്ച് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റേതായി കേരള കൗമുദി ഫ്ളാഷിൽ വന്ന അഭിമുഖം വിവാദത്തിൽ.
ബാർ കോഴക്കേസിൽ കെ.എം. മാണി കുറ്റവിമുക്തനാക്കപ്പെട്ടിരുന്നെങ്കിലും, അതിന്റെ പേരിൽ നിയമസഭയിൽ കൈയാങ്കളി വരെ സൃഷ്ടിച്ച സമരകോലാഹലങ്ങളെ ഇടതുമുന്നണി ഇതുവരെ തള്ളിപ്പറഞ്ഞിരുന്നില്ല. ആ നിലപാടിൽ നിന്നുള്ള വ്യതിയാനമാണ് കൺവീനറുടെ തുറന്നുപറച്ചിലിലൂടെ ഉണ്ടായതെന്നാണ് വ്യാഖ്യാനം.. എന്നാൽ, ഫ്ലാഷ് വാർത്ത അടിസ്ഥാനരഹിതമാണെന്നും ,താൻ പറഞ്ഞതിനെ ലേഖകൻ വളച്ചൊടിച്ചതാണെന്നും വ്യക്തമാക്കി ഇന്നലെ വിജയരാഘവൻ വാർത്താക്കുറിപ്പിറക്കി. കൺവീനർ തന്നോട് സംസാരിച്ചതിന്റെ ഓഡിയോ രേഖ കൈയിലുണ്ടെന്നാണ് ഫ്ലാഷ് ലേഖകൻ സായ് കൃഷ്ണയുടെ വിശദീകരണം.
"ബാർ കോഴക്കേസിൽ കെ.എം. മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനെതിരെ യു.ഡി.എഫ് ഭരണകാലത്ത് ഇടതുപക്ഷം സമരം നടത്തിയതെന്നായിരുന്നു വിജയരാഘവന്റെ പരാമർശം. അന്നത്തെ സമരം മാണിയെ ലക്ഷ്യമിട്ടായിരുന്നില്ല. യു.ഡി.എഫിനെതിരായിരുന്നു . മാണി യു.ഡി.എഫിൽ നിന്നത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ സമരം വേണ്ടിവന്നത്. അദ്ദേഹം ബാർ കോഴയിടപാട് നടത്തിയിട്ടില്ലെന്ന് പാർട്ടിക്ക് ബോദ്ധ്യമുണ്ടായിരുന്നു. നോട്ടെണ്ണുന്ന മെഷീൻ മാണിയുടെ വീട്ടിലുണ്ട് തുടങ്ങിയ ആരോപണങ്ങളുന്നയിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നു. അതൊക്കെ തെറ്റായിരുന്നുവെന്ന് ഞങ്ങൾക്ക് ബോദ്ധ്യമുണ്ടായിരുന്നു" ഫ്ലാഷിൽ വന്ന വിജയരാഘവന്റെ ഈ പരാമർശങ്ങൾ.
രാഷ്ട്രീയ സമരങ്ങളിലുള്ള ഇടതുമുന്നണിയുടെ ആത്മാർത്ഥതയെ ചോദ്യചിഹ്നമാക്കുന്നതും. ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നതുമാണ്. ഇതിന്റെ അപകടം തിരിച്ചറിഞ്ഞാണ് വിജയരാഘവൻ വിശദീകരണവുമായി രംഗത്തെത്തിയത്. കെ.എം. മാണിയുടെ രാജിയോളമെത്തിച്ച സംഭവവികാസങ്ങളാണ് ഇടതുസമരങ്ങളുടെ ഫലമായി ഉണ്ടായത്.
സി.പി.എം മാപ്പ് പറയണം: ഉമ്മൻ ചാണ്ടി
. എൽ.ഡി.എഫ് കൺവീനറുടെ വെളിപ്പെടുത്തൽ കെ.എം. മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് ചൂണ്ടിക്കാട്ടിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.എം.മാണിയുടെ കുടുംബത്തോടും ജനങ്ങളോടും സി.പി.എം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
സർക്കാരിന്റെ വിജിലൻസ് അന്വേഷിച്ച് കേസിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. മുൻ ഡി.ജി.പി ശങ്കർ റെഡ്ഢിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞ വസ്തുതകളും മാണിയുടെ നിരപരാധിത്വം തെളിയിക്കുന്നതായി. എന്നാൽ , ഇടതുമുന്നണിക്ക് തിരഞ്ഞെടുപ്പ് കാലത്തോളം അത് രാഷ്ട്രീയായുധവുമായി. ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ നടത്തിയ അന്വേഷണത്തിലും മാണി കുറ്റക്കാരനല്ലെന്നാണ് കണ്ടത്. അതിന് ശേഷം മാണിയെ ഇടതുപാളയത്തിലെത്തിക്കാനുള്ള സി.പി.എം നീക്കവുമുണ്ടായി. ഇപ്പോൾ മാണിയുടെ മകൻ ജോസ് കെ.മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് വിഭാഗം ഇടതിലേക്ക് ചേക്കേറാനൊരുങ്ങി നില്പാണ്.
മാപ്പ് പറയേണ്ടത് ഉമ്മൻ ചാണ്ടി: വിജയരാഘവൻ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ നടത്തിയത് യു.ഡി.എഫിന്റെ അഴിമതിക്കെതിരായ രാഷ്ട്രീയ സമരമാണെന്നും, അത് ശരിയായിരുന്നുവെന്നാണ് ഇപ്പോഴും കരുതുന്നതെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പ്രസ്താവിച്ചു.
ബാർ കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും കൂട്ടരുമാണ്. മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തെ ദുർബലനാക്കാനുള്ള ഉമ്മൻചാണ്ടിയുടെ ഗൂഢാലോചനയാണ്. .മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടത് ഉമ്മൻചാണ്ടിയാണ്.
കെ.എം.മാണി അന്തരിച്ചതിനാൽ അദ്ദേഹവുമായി ബന്ധപ്പെട്ട് അത്തരമൊരു ചർച്ച നടത്തുന്നത് ശരിയല്ലെന്നാണ് കേരളകൗമുദി ഫ്ളാഷ് ലേഖകനോട് പറഞ്ഞത്. അതിനെ, ബാർ കോഴയ്ക്കെതിരായ സമരത്തെ താൻ നിരാകരിച്ചതായി വളച്ചൊടിക്കുകയായിരുന്നു. എൽ.ഡി.എഫിനും സർക്കാരിനുമെതിരെ ആസൂത്രിതമായി നടത്തിവരുന്ന നുണപ്രചാരണങ്ങളുടെ ഭാഗമാണിതെന്നും വിജയരാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |