തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്സ്- ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ കരാർ നിയമനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ,കാലാവധി പുതുക്കുന്നതിനുമായി അഞ്ചംഗ ഉദ്യോഗസ്ഥതല സമിതിയെ നിയോഗിച്ചു.
ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്ക് പ്രോജക്ടിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയത് വിവാദമായ പശ്ചാത്തലത്തിലാണിത്. വകുപ്പിന് കീഴിലെ ഓരോ പ്രോജക്ടിന്റെയും ആവശ്യകതയ്ക്ക് അനുസരിച്ചുള്ള ഭാവി നിയമനങ്ങൾ സമിതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിരിക്കും. നിയമിതരാവുന്നവരുടെ പ്രവർത്തനവും വെവ്വേറെ വിലയിരുത്തും. സ്ഥാപന മേധാവികളാവും സമിതി കൺവീനർമാർ.
ഇലക്ട്രോണിക്സ്- ഐ.ടി വകുപ്പ് സെക്രട്ടറിയാണ് സമിതിയുടെ പൊതുവായ ചെയർമാൻ. വകുപ്പ് അഡിഷണൽ സെക്രട്ടറി അല്ലെങ്കിൽ ജോയിന്റ് സെക്രട്ടറി, സ്റ്റേറ്റ് ഇ-ഗവേണൻസ് മിഷൻ ടീം മേധാവി, ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പ് പ്രതിനിധി എന്നിവർ അംഗങ്ങളും. സമിതിയുടെ അനുമതിയുണ്ടെങ്കിലേ കരാർ കാലാവധി നീട്ടൂ. കാലാവധി നീട്ടുന്നത് സംബന്ധിച്ച് ഡയറക്ടർബോർഡ് തീരുമാനത്തിന്റെ കുറിപ്പ് സഹിതം സ്ഥാപനമേധാവി റിപ്പോർട്ട് സമർപ്പിക്കണം. കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവർ പുതുതായി നിയമനം നേടുന്ന സമയത്തും കാലാവധി നീട്ടുമ്പോഴും ബന്ധപ്പെട്ട സ്ഥാപനവുമായി ധാരണാപത്രത്തിൽ ഒപ്പിടുന്നത് സ്ഥാപന മേധാവി ഉറപ്പാക്കണമെന്നും ഐ.ടി വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡിഷണൽ സെക്രട്ടറി കെ. മുഹമ്മദ് വൈ. സഫിറുള്ള ഉത്തരവിൽ വ്യക്തമാക്കി.
അതേസമയം, കരാർ ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കേണ്ട ധനവകുപ്പിന്റെ പ്രതിനിധികളെ സമിതിയിൽ നിന്ന് ഒഴിവാക്കിയത് ചർച്ചയായിട്ടുണ്ട്. ഐ.ടി വകുപ്പിലെ അനധികൃത നിയമനങ്ങളെക്കുറിച്ചന്വേഷിക്കാൻ ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ,ആ പരിശോധന ഏതാണ്ട് നിലച്ച മട്ടാണ്. പിൻവാതിൽ നിയമനങ്ങളെക്കുറിച്ചന്വേഷിക്കാനാവശ്യപ്പെട്ട് പ്രതിപക്ഷനേതാവും സർക്കാരിന് കത്ത് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |