തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ രൂപീകരിച്ച കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടിയുടെ അപ്പലേറ്റ് ട്രൈബ്യൂണലിൽ മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസും (ടെക്നിക്കൽ) നിയമസഭാ മുൻ സെക്രട്ടറി വി.കെ.ബാബു പ്രകാശും (ജുഡീഷ്യൽ) അംഗങ്ങളാകും. വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഈ മാസം എട്ടിന് ഓൺലൈനായി നടന്ന അഭിമുഖത്തിൽ ടെക്‌നിക്കൽ വിഭാഗത്തിൽ പത്തു പേരും ജുഡീഷ്യൽ വിഭാഗത്തിൽ എട്ടു പേരും പങ്കെടുത്തിരുന്നു. ഓരോ വിഭാഗത്തിലും രണ്ടു പേരുകൾ വീതമാണ് ഹൈക്കോടതി ജഡ്ജി സി.ടി.രവികുമാർ, ഹൗസിംഗ് സെക്രട്ടറി ഡോ.എ. ജയതിലക്, നിയമസെക്രട്ടറി പി.കെ.അരവിന്ദബാബു എന്നിവർ അംഗങ്ങളായ സമിതി തിരഞ്ഞെടുത്തത്. ടെക്നിക്കൽ വിഭാഗത്തിൽ വത്സൻ മൂലക്കാട്, ജുഡീഷ്യൽ വിഭാഗത്തിൽ റാം ബാബു എന്നിവരായിരുന്നു മറ്റുരണ്ടു പേരുകൾ. വിരമിച്ച ഹൈക്കോടതി ജഡ്ജി പി.ഉബൈദിനെ ട്രൈബ്രൂണൽ ചെയർമാനായി നിയമിച്ചിരുന്നു.
എന്നാൽ, റിയൽ എസ്റ്റേറ്റ് അതോറിട്ടിയിൽ ഒരംഗത്തെ നിയമിച്ചിട്ടില്ല. പി.എച്ച്. കുര്യൻ ചെയർമാനായ അതോറിട്ടിയിൽ പ്രീത പി.മേനോൻ, പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയർ മാത്യു.സി.ഫ്രാൻസിനെ എന്നിവരെ അംഗങ്ങളാക്കിയിരുന്നു.ഗവ.സെക്രട്ടറിയ്ക്ക് തുല്യമായ യോഗ്യത തനിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മാത്യു.സി.ഫ്രാൻസിസ് സ്വയം പിൻമാറി. ഇതോടെയാണ് ഒഴിവുണ്ടായത്. പ്രീത പി.മേനോന്റെ യോഗ്യത സംബന്ധിച്ച് ഹൈക്കോടതിയിൽ കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |