''ഞങ്ങൾ എല്ലാം സംസാരിച്ചിരുന്നു. അവൾ പറഞ്ഞതുപോലെയാണ് എന്റെ ജീവിതം ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്""... അകാലത്തിൽ വേർപിരിഞ്ഞ പ്രിയതമയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടോമിൻ തച്ചങ്കരി മനസ് തുറക്കുന്നു...
ആറുമാസം മുമ്പ് അമ്മ മരിച്ചു. ഒരു വർഷം മുമ്പ് ഭാര്യയും. ഈ ലോകത്ത് എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ചവർ. എന്നിൽ ഏറ്റവും സ്വാധീനം ചെലുത്തിയവർ. ഭാര്യയോട് എന്റെ അമ്മ കഴിഞ്ഞിട്ടേ നീയുള്ളുവെന്ന് ഞാൻ പറയുമായിരുന്നു.അപ്പോൾ അമ്മ എന്നെ തല്ലാൻ ഓങ്ങുമായിരുന്നു. എന്റെ എല്ലാ നേട്ടങ്ങളിലും ആനന്ദിച്ചവർ.അവർ രണ്ടുപേരെയുമായിരുന്നു ഞാനീ ലോകത്ത് ഏറ്റവും സ്നേഹിച്ചിരുന്നത്. അവർക്കായിരുന്നു എന്റെ എല്ലാ സമ്പാദ്യവും നേട്ടങ്ങളും സമർപ്പിച്ചിരുന്നത്. ഇപ്പോൾ ഡി.ജി.പി പദവിയി്ലെത്തുമ്പോൾ അവർ ഇരുവരും ഇല്ല എന്നത് എറ്റവും വേദനാകരമാണ്.ഞാൻ ഈ പദവിയിലെത്തുമെന്ന് അവർ ഇരുവർക്കും അറിയാമായിരുന്നു.
''എന്നാണെടാ നീ ഡി.ജി.പിയാകുന്നതെന്ന് അമ്മ ചോദിക്കുമായിരുന്നു "" -ടോമിൻ തച്ചങ്കരി സംസാരിക്കുകയായിരുന്നു.സംസ്ഥാനത്തെ ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ടോമിൻ ഇപ്പോൾ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. ഏത് പദവി വഹിച്ചാലും അവിടെ തന്റേതായ ഒരു മാർക്ക് പതിപ്പിക്കാൻ തച്ചങ്കരിക്കു കഴിയാറുണ്ട്. കെ.എസ്.ആർ.ടി.സി യുടെ ചുമതല വഹിച്ചപ്പോൾ അവിടെ കൈക്കൊണ്ട തീരുമാനങ്ങൾ വലിയ ജനസമ്മിതി നേടിയിരുന്നു.
എല്ലാം അമ്മയുടെ സ്വാധീനം
അമ്മ അദ്ധ്യാപികയും ഹെഡ്മിസ്ട്രസുമായിരുന്നു.ഞങ്ങൾ അഞ്ചു മക്കളുടെയും പഠന കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധിച്ചത് അമ്മയായിരുന്നു. അമ്മയുടെ പരിചരണവും സംരക്ഷണവുമാണ് ഞങ്ങൾ സഹോദരങ്ങളെയെല്ലാം ഇന്നത്തെ നിലയിലാക്കിയത്. തച്ചങ്കരിയിൽ ജോസഫ് തോമസിനും തങ്കമ്മ ജോസഫിനും അഞ്ച് മക്കൾ. മൂത്ത മകൻ ടോജോ അമേരിക്കയിലാണ്. മൂത്തമകൾ ടെസ്സ് ന്യൂസിലാൻഡിലും. മറ്റൊരു മകൻ ടിസ്സാൻ ബിസിനസ്സിലാണ്. ഇളയ മകൾ ടിജിയും ന്യൂസിലാൻഡിൽ. ടോമിനാണ് ഇളയ മകൻ. ടോമിനും ഭാര്യ അനിതയ്ക്കും രണ്ട് മക്കൾ.മേഘയും കാവ്യയും.അനിതയുള്ളപ്പോഴെ ഇരുവരുടെയും വിവാഹം നടത്തി.ഇപ്പോൾ ഒരാൾ കാനഡയിലും മറ്റൊരാൾ ബംഗളൂരുവിലുമാണ്. തന്റെ മൂത്ത സഹോദരൻ ടോജോയാണ് ടോമിനെ സിവിൽ സർവ്വീസ് പരിശീലനത്തിനായി ഡൽഹിയിലേക്ക് അയച്ചത്.തനിക്ക് ഐ.പി.എസ് കിട്ടിയതിന്റെ മുഴുവൻ ക്രെഡിറ്റും ജ്യേഷ്ഠൻ ടോജോയ്ക് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറയും.
സംഗീതം അച്ഛനിൽ നിന്ന്
അച്ഛൻ ( ഞങ്ങൾ പപ്പയെന്നാണ് വിളിച്ചിരുന്നത് ) സംഗീതത്തിന്റെയാളായിരുന്നു. ഹാർമോണിയവും ബുൾബുളുമടക്കം മിക്ക ഉപകരണങ്ങളും വായിക്കും.എന്നാൽ മക്കളാരും സംഗീത താത്പര്യം കാട്ടാതിരുന്നതിൽ വലിയ സങ്കടമായിരുന്നു.അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം വീട്ടിലെ മേശമേൽ ഞാൻ കൊട്ടി. പപ്പയ്ക്ക് വലിയ സന്തോഷമായി. നീ സംഗീതജ്ഞനാകുമെന്ന് പറഞ്ഞ് എന്നെ തബല പഠിക്കാൻ വിട്ടു.അവിടെ നിന്നാണ് ഞാൻ പിന്നെ ട്രിപ്പിൾ ഡ്രം, ജാസ് ഡ്രം, ഗിത്താർ, കീ ബോർഡൊക്കെ പഠിച്ചത്.സംഗീത ഉപകരണങ്ങളെല്ലാം പഠിച്ചു. വെസ്റ്റേൺ മ്യൂസിക് ട്രൂപ്പുണ്ടാക്കി. ഇംഗ്ളീഷ് പാട്ടൊക്കെ പാടിയിരുന്നു.
ഭാര്യയും സംഗീതജ്ഞ
എന്റെയും ഭാര്യ അനിതയുടേയും താത്പ്പര്യത്തിലാണ് കൊച്ചിയിൽ റെക്കോർഡിംഗ് സ്റ്റുഡിയോ തുടങ്ങിയത്.അനിത പിയാനോയിൽ എയ്റ്റ്ത്ത് ഗ്രേഡായിരുന്നു. വീട്ടിൽ ഗ്രാന്റ് പിയാനോ ഉണ്ടായിരുന്നു. നന്നായി വായിക്കും .പുല്ലാങ്കുഴലും വായിച്ചിരുന്നു.ശരിക്കും നൈസർഗികമായ സംഗീതത്തിന്റെയാളായിരുന്നു. ഒരു റോയൽ സ്റ്റൈലുണ്ടായിരുന്നു. എന്നെ വിമർശിച്ചവർ പോലും അവരെക്കുറിച്ച് നല്ല വാക്കുകളെ പറയുമായിരുന്നുള്ളു. പാചക വിദഗ്ധ ലക്ഷ്മിനായർ ഒരിക്കൽ പറഞ്ഞു.അനിതയുമൊത്ത് മുമ്പ് ഹോസ്റ്റലിൽ താമസിച്ചെന്നും അന്നേ റോയൽ ലേഡിയെന്നായിരുന്നു വിളിച്ചിരുന്നതെന്നും.
ഇരുമ്പ് വിലയ്ക്ക് വിൽക്കുന്നു
കൊച്ചിയിൽ റയാൻ സ്റ്റുഡിയോ തുടങ്ങിയപ്പോൾ അന്ന് മദ്രാസിലായിരുന്ന നല്ലൊരു പങ്ക് റെക്കോർഡിംഗും കേരളത്തിലേക്ക് വന്നിരുന്നു. പിന്നെ ഒരു സി.ഡി റെയ്ഡും മറ്റും ഉണ്ടായപ്പോൾ താഴേക്കു പോയി. അനിത മരിച്ചതോടെ സ്റ്റുഡിയോ നിർത്തി.നോക്കി നടത്താൻ ആരുമില്ല.ആരെയെങ്കിലും ഏൽപ്പിക്കാമെന്ന് നോക്കി പക്ഷേ ആരും മുന്നോട്ടു വന്നില്ല.വെറുതെയിടാനും പറ്റില്ല. വൈദ്യുതി ചാർജ്ജൊക്കെ കൂടി ലക്ഷങ്ങൾ നൽകണം. ഉപയോഗിച്ചില്ലെങ്കിലും ഫിക്സഡ് ചാർജ് ഉണ്ടല്ലോ. അങ്ങനെയാണ് ഇരുമ്പ് വിലയ്ക്ക് കിലോക്കണക്കിൽ വിറ്റു തുടങ്ങിയത്. ഇപ്പോൾ പകുതിയും വിറ്റു.ഹൈ എൻഡ് മ്യൂസിക് സിസ്റ്റം ഉണ്ടായിരുന്നു.അത് മാത്രം ഞാനെടുത്ത് എന്റെ മുറിയിൽ വച്ചു.
അനിത വേഗം പോയി
കാൻസർ വന്നു കൃത്യം ഒരു വർഷത്തിനുള്ളിൽ അനിത പോയി. നല്ല എക്സർസൈസ് ചെയ്തിരുന്നു.മിക്കപ്പോഴും വെജിറ്റേറിയനായിരുന്നു.തികച്ചും അപ്രതീക്ഷിതമായിട്ടാണ് അസുഖം വന്നത്. ട്രിപ്പിൾ നെഗറ്റീവ് കാറ്റഗറിയായിരുന്നു. മരിക്കുമെന്ന് അനിതയ്ക്ക് അറിയാമായിരുന്നു. ആദ്യം ബ്രെസ്റ്റ് കാൻസറായിട്ടാണ് വന്നത്. അത് റിമൂവ് ചെയ്തെങ്കിലും പിന്നീട് സ്പ്രെഡ് ചെയ്തു.അക്കാലത്ത് ഞാൻ എറണാകുളത്ത് തന്നെയുണ്ടായിരുന്നു.കുട്ടികളും. എനിക്ക് എറണാകുളത്ത് നിൽക്കാനുള്ള പോസ്റ്റിംഗ് കിട്ടി.അതിൽ സർക്കാരിനോട് നന്ദിയുണ്ട്.
എല്ലാം അനിത പറഞ്ഞതുപോലെ
ഞങ്ങൾ എല്ലാം സംസാരിച്ചിരുന്നു. അവൾ പറഞ്ഞതുപോലെയാണ് എന്റെ ജീവിതം ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അമ്മയേയും ഭാര്യയേയും അടക്കം ചെയ്തത് ഒരു സ്ഥലത്താണ്.ഇപ്പോൾ കൊവിഡ് കാലമായതിനാൽ ആളുകൾ അധികം വരാറില്ല.കല്ലറയിൽപ്പോയി കുറെനേരം ഇരിക്കും.വലിയൊരു ആശ്വാസമാണത്.
കുടുംബത്തെ നോക്കണം
എന്റെ മാത്രം കാര്യമല്ല. മിക്ക പൊലീസ് ഓഫീസർമാരുടെയും കാര്യമാണ്.സമയമൊക്ക നോക്കിയല്ലല്ലോ ജോലി. പിന്നെ സീനിയർ ഓഫീസർമാർ പറയുന്നതൊക്കെ കേട്ട ജോലി ചെയ്യണം.എന്നാലേ നല്ല പോസ്റ്റുകൾ കിട്ടുകയുളഉു.അങ്ങനെ പല പല ടെൻഷനുമായിട്ടായിരിക്കും വീട്ടിലേക്ക് ചെല്ലുന്നത്. ഭാര്യ എപ്പോഴും നമ്മളെ വീട്ടിൽ കാത്തിരിക്കും. ആദ്യമൊക്കെ അവർ അറ്റാക്ക് ചെയ്യും. പിന്നെ അവർ സാഹചര്യങ്ങളുമായി താദാത്മ്യംപ്രാപിക്കും.മക്കളായി കുടുംബമായി അവർ അങ്ങ് ഒതുങ്ങും. പിന്നെ റിട്ടയർമെന്റിനു ശേഷമാണ് നല്ല സമയം കിട്ടുന്നത്. ഒപ്പം ചെലവഴിക്കാൻ ഒരുപാട് സമയം കിട്ടും. അതുവരെ കുട്ടികളുടെ പഠനവും വീട്ടുകാര്യങ്ങളുമൊക്കെയായി അവർ ചെലവഴിക്കും.എല്ലാ വീടുകളിലും കുട്ടികളുടെ പഠനമൊക്കെ അമ്മമാരാണ് നോക്കുന്നത്.അല്ലെന്ന് ആരു പറഞ്ഞാലും ഞാൻ സമ്മതിക്കില്ല.പക്ഷേ കുട്ടികൾക്ക് അച്ഛനോടായിരിക്കും ഇഷ്ടം. പാടിയ രക്ഷകാ എന്നു തുടങ്ങുന്ന ഗാനമടക്കം നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്ന ടോമിൻ തച്ചങ്കരി ഇപ്പോൾ സംഗീതരംഗത്ത് സജീവമല്ല. എന്നാൽ അദ്ദേഹത്തിന്റെ പാട്ടുകൾ യൂ ട്യൂബിലൂടെ ലക്ഷക്കണക്കിന് ശ്രോതാക്കൾ കേൾക്കുന്നുണ്ട്.അതിലൂടെ അപ്രതീക്ഷിതമായ ഒരു വരുമാനവും കിട്ടുന്നുണ്ട്.
സംഗീതം മാർക്കറ്റ് ഓറിയന്റഡായി
ഇപ്പോൾ മ്യൂസിക് ചെയ്യുന്ന പലരും നല്ല സംഗീതാസ്വദകരാണെന്ന് എനിക്ക് തോന്നുന്നില്ല.മാർക്കറ്റിനു വേണ്ടിയാണല്ലോ ചെയ്യുന്നത്. ഞാൻ പാലക്കാട് എസ്.പിയായിരിക്കുമ്പോൾ ഒരിക്കൽ മഹാ സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരോട് ചോദിച്ചു. ഏറ്റവും മികച്ച ഗായകനാരാണെന്ന്.യേശുദാസെന്ന മറുപടിയാണ് പ്രതീക്ഷിച്ചതെങ്കിലും അപ്പോൾ അടുത്തിരുന്ന് ഓരിയിട്ട ഒരു നാടൻപട്ടിയെ ചൂണ്ടി ആ ശബ്ദം എത്ര മധുരമാണെന്ന് അദ്ദേഹം പറഞ്ഞു. അന്നത് എനിക്കൊരു തമാശയായി തോന്നിയെങ്കിലും പിന്നീട് ആലോചിപ്പോൾ പ്രകൃതിയിൽ എത്ര മനോഹരമായ സംഗീതമുണ്ടെന്ന് മനസിലായി.അതൊക്കെ നാച്വറൽ സംഗീതമാണ്.ഇന്ന് സിന്തറ്റിക് സംഗീതമല്ലേ.ഒരർത്ഥത്തിൽ സംഗീതത്തെ ഉണ്ടാക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റാനെ കഴിയുകയുള്ളൂ.ഇപ്പോൾ അനന്തമായ സാദ്ധ്യതകളാണ്.അത്രയും സോഫ്റ്റ് വെയറുകൾ അല്ലേ.സോഫ്റ്റ് വെയർ തന്നെ ആയിരക്കണക്കിന് ഓപ്ഷനുകൾ നൽകും.മുമ്പ് പല്ലവിക്കുശേഷം അനുപല്ലവി ആലോചിക്കും.ഇപ്പോൾ അതിന്റെ ആവശ്യമില്ല.ടെക്നോളജിയുടെ സഹായമില്ലാതെ ആർക്കും ഗ്രേറ്റാവാനാവില്ല. ഉദാഹരണത്തിന് ഇളയരാജയേയും എ.ആർ.റഹ്മാനെയും വിളിച്ചാൽ ഇളയരാജ ഓപ്പണായി സംഗീത സംവിധാനം നിർവഹിക്കും.പക്ഷേ റഹ്മാൻ ഓപ്പണായി ചെയ്യില്ല.രണ്ടുപേരും ഇന്നെവിടെ നിൽക്കുന്നു. റഹ്മാൻ ആധുനിക സഗീത വിദ്യയെ പൂർണ്ണമായി ഉപയോഗിച്ചു. ഇളയരാജ നിന്നിടത്ത് നിന്നു.ഇളയരാജ ഗ്രേറ്റാണെന്ന് നമ്മൾക്കറിയാം,എന്നാൽ പുതിയ തലമുറ എത്രമാത്രം അത് മനസിലാക്കുന്നു.
ലഹരിയുടെ മായികതയിൽ
നിർഭാഗ്യവശാൽ കലാലോകത്തിലെ വലിയൊരു പങ്ക് ആൾക്കാർ ലഹരിയുടെ പിടിയിലമരുന്നു. തങ്ങൾ വർക്ക് ചെയ്യുന്ന മേഖലയിൽ വലിയ നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ ലഹരി സഹായിക്കുമെന്ന് അവർ കരുതുന്നു. മദ്യത്തിന്റെ കാര്യമല്ല പറയുന്നത്. ഡ്രഗ്സ് ഉൾപ്പെടെ മാരകമായ ലഹരി വസ്തുക്കൾ.ആദ്യം നല്ല സ്റ്റിമുലേഷനൊക്കെ ഉണ്ടാകുമെങ്കിലും പിന്നീട് അഡിക്ടാവുകയും സർഗശേഷി തന്നെ നശിച്ച് ആരോഗ്യത്തേയും ദോഷകരമായി ബാധിക്കും. ജീവിതം തന്നെ നശിക്കുകയാണ്. കേരളത്തിലും ഇത് വ്യാപകമായിട്ടുണ്ട്. മയക്കുമരുന്നിലും വ്യാജൻ സജീവമാണ്. ഇത് വലിയ കുഴപ്പമുണ്ടാകും.
ചൈൽഡ് പോർണോഗ്രഫിയാണ് മറ്റൊരു വില്ലൻ. അടുത്തകാലത്തായി കേരള പൊലീസ് ഇത് ശരിയായി ട്രാക്ക് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇത് കാണുന്നത് കുറ്റകരമാണ്. മോണിട്ടർ ചെയ്യാൻ അന്താരാഷ്ട്ര ഏജൻസീസ് ഉണ്ട്.ക്രൈംബ്രാഞ്ച്മേധാവിയായിരിക്കുമ്പോൾ ഞങ്ങൾ പ്രത്യേക വിംഗുണ്ടാക്കി. വീടുകളിൽ ബന്ധുക്കളിൽ നിന്ന് കുട്ടികളോട് മോശമായ പെരുമാറ്റം ഉണ്ടാകുന്ന കേസുകളും കൂടി വരികയാണെന്ന് ടോമിൻ തച്ചങ്കരി പറഞ്ഞു.
ലോക് നാഥ് ബെഹ്റ സ്ഥാനമൊഴിയുമ്പോൾ സംസ്ഥാനത്തെ ക്രമസമാധാന പാലന ചുമതലയുള്ള ഡി.ജി.പിയായി ടോമിൻ തച്ചങ്കരി വരുമെന്ന് കരുതപ്പെടുന്നു.അദ്ദേഹത്തോട് അതേക്കുറിച്ച് ചോദിച്ചാൽ 'അതൊക്കെ സർക്കാർ തീരുമാനിക്കും " എന്ന മറുപടിയാകും ലഭിക്കുക.എന്നാൽ കേരള പൊലീസിലെ സമർത്ഥരായ ഓഫീസർമാരിൽ ഒരാളായ അദ്ദേഹത്തെ സുപ്രധാന പദവിയിലേക്ക് നിയോഗിക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന് നിസംശയം പറയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |