പണ്ടേയ്ക്കുപണ്ടേ മനുഷ്യനെ പല വിഭാഗങ്ങളായി തരംതിരിക്കുന്നതിന്റെ അടിസ്ഥാനഘടകം തൊഴിൽ ആയിരുന്നു. ഇന്ത്യയിൽ ജാതിവ്യവസ്ഥ രൂപപ്പെട്ടതിന്റെ മൂലകാരണം തന്നെ തൊഴിൽപരമായ വിഭാഗീയതയും വിവേചനവുമായിരുന്നു.
ഇൻഫർമേഷൻ വിപ്ലവത്തിലധിഷ്ഠിതമായ ഒരു ലോകവ്യവസ്ഥ രൂപപ്പെട്ടിട്ടുപോലും തൊഴിൽപരമായ ഈ വിവേചനം ഇപ്പോഴും കുറയുന്നില്ല എന്നതാണ് വസ്തുത. തൊഴിൽപരമായ അസ്തിത്വമാണ് സമൂഹത്തിൽ ഇപ്പോഴും ഒരു വ്യക്തിയുടെ സ്ഥാനം നിർണയിക്കുന്നത്. ആ വ്യക്തിയുടെ സ്വഭാവവൈശിഷ്ട്യമോ വ്യക്തിപരമായ ക്രിയാത്മകതയോ ആശയവിനിമയശേഷിയോ വേണ്ടവണ്ണം പരിഗണിക്കാതെ തൊഴിലിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴും തരം തിരിവ് നടത്തുന്നുണ്ട്. ഈ അവസ്ഥമാറി വ്യക്തിയെ ഒരു കേവല മനുഷ്യനായി പരിഗണിക്കമ്പോൾ മാത്രമേ സമത്വസുന്ദരമായ ഒരു സമൂഹം സൃഷ്ടിക്കാൻ കഴിയൂ. ഈ ഒരു കാഴ്ചപ്പാട് പല പാശ്ചാത്യരാജ്യങ്ങളിലും ഉള്ളതുകൊണ്ടാണ് അവർക്ക് പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. എല്ലാ തൊഴിലിനും മഹത്വമുണ്ടെന്ന് ജോലിയെ ആരാധിക്കണമെന്നു പഠിപ്പിച്ച ഒരു മനുഷ്യൻ ഇന്ത്യയിലുണ്ടായിരുന്നു. അതെ! മഹാത്മാഗാന്ധിതന്നെ. തൊഴിൽ ഏതായാലും മനുഷ്യൻ നന്നായിരുന്നാൽ മതി എന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രവർത്തിയിലുമുണ്ടായിരുന്ന സന്ദേശം. മഹാത്മാഗാന്ധിയുടെ ആദർശം ജനങ്ങളിൽ ആവേശമുണർത്തിയെങ്കിലും അത് ഒരു തുടർപ്രക്രിയയായി മാറിയില്ല. ഗാന്ധിജി ടോയ്ലറ്റ് വൃത്തിയാക്കിയ കഥകളൊക്കെ നാം കേട്ടിട്ടുണ്ട്. ഏതു തൊഴിലിനും പ്രാധാന്യമുണ്ടെന്നും ഒന്നും നിസാരമായി കാണരുതെന്നും അദ്ദേഹം പഠിപ്പിച്ച പാഠം നാം എന്നേ മറന്നു.
തൊഴിലിനോട് ഗാന്ധിജിയുടെ കാഴ്ചപ്പാട് എന്തെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം ഉണ്ട്. ഒരിക്കൽ ഗാന്ധിജിയും ലാലാ ലജ്പത്റായിയും കൂടി ഒരു പ്രമുഖനേതാവായിരുന്ന ശിവപ്രസാദ് ഗുപ്തയുടെ വീട്ടിൽ അതിഥിയായി താമസിക്കുകയായിരുന്നു. താമസത്തിന്റെ ആദ്യ ദിവസം ലാലാ ലജ്പത്റായി എന്ന ലാലാജി അവിടത്തെ കുളിമുറിയിൽ കയറി നന്നായി കുളിച്ചു. കുളിച്ചശേഷം അദ്ദേഹം പുതിയ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തു. താൻ ധരിച്ചിരുന്ന മുഷിഞ്ഞ വസ്ത്രങ്ങൾ കുളിമുറിയുടെ മൂലയ്ക്ക് മാറ്റിയിടുകയും ചെയ്തു.
പിറ്റേദിവസം രാവിലെ തന്റെ മുറിയിലെ കട്ടിലിൽ കണ്ടകാഴ്ച അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു. കഴിഞ്ഞദിവസം കട്ടിലിൽ മാറ്റിയിട്ട വസ്ത്രങ്ങൾ അലക്കിത്തേച്ച് ഭംഗിയായി മടക്കി കട്ടിലിൽ വച്ചിരിക്കുന്നു. അദ്ദേഹത്തിന് തന്റെ ആതിഥേയനോട് അത്യധികം സ്നേഹവും ആദരവും തോന്നി. ചെറിയ കാര്യങ്ങളിൽ പോലും ശിവപ്രസാദ് ഗുപ്ത പ്രകടിപ്പിക്കുന്ന ശ്രദ്ധയിൽ അദ്ദേഹത്തിന് വലിയ ബഹുമാനം ഉണ്ടായി. സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് നിരന്തരം യാത്ര നടത്തിയിരുന്ന ലാലാജിയുടെ കൈയിൽ മുഷിഞ്ഞ വസ്ത്രങ്ങളുടെ ഒരു ഭാണ്ഡം തന്നെ ഉണ്ടായിരുന്നു. അദ്ദേഹം അത്യധികം വിനയത്തോടെ ഗുപ്തയോട് ചോദിച്ചു എന്റെ കൈയിൽ കുറേ വസ്ത്രങ്ങൾ അലക്കാനായി ഉണ്ട്. ഏതെങ്കിലും അലക്കുകാരെ കൊണ്ട് അത് അലക്കിത്തരാനുള്ള ഏർപ്പാട് ചെയ്യാൻ അങ്ങേയ്ക്ക് കഴിയുമോ?''
''തീർച്ചയായും ലാലാജി...""
ലാലാജിയെ പോലെ മഹാനായ വ്യക്തിയുടെ ഈ ചെറിയ കാര്യം പോലും സാധിച്ചുകൊടുക്കാൻ കഴിയുന്നത് ഗുപ്ത വലിയ കാര്യമായാണ് കണ്ടത്. അങ്ങനെ പിറ്റേദിവസം ലാലാജിയുടെ വസ്ത്രങ്ങൾ എല്ലാം അലക്കിത്തേച്ച് മുറിയിൽ ഭംഗിയായി അടുക്കിവച്ചിരുന്നു. അദ്ദേഹത്തിന് വലിയ സന്തോഷമായി. അവിടത്തെ താമസം കഴിഞ്ഞ് പിരിയാൻനേരം ലാലാജി തന്റെ വസ്ത്രങ്ങൾ അലക്കിയ ഭൃത്യൻ ആരാണെന്നു ചോദിച്ചു. അദ്ദേഹം ഭൃത്യന് ടിപ്പ് കൊടുക്കാൻ നല്ലൊരു തുക കൈയിൽ എടുത്തുവയ്ക്കുകയും ചെയ്തു.
''ഹേയ്, അതിന്റെ ഒന്നും ആവശ്യമില്ല. അതൊക്കെ അവരുടെ ഡ്യൂട്ടി അല്ലേ?''
ഗുപ്ത പറഞ്ഞു.
''നോ... അങ്ങനെ അല്ല. അവരുടെ സേവനത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. എന്റെ സന്തോഷത്തിനായി ഇതവർക്ക് കൊടുത്തേ പറ്റൂ.""
അങ്ങനെ ഗുപ്ത തന്റെ ഭൃത്യരെ വിളിച്ച് ആരാണ് ഈ വസ്ത്രം അലക്കിയതെന്നു ചോദിച്ചു. അവർ എല്ലാവരും പറഞ്ഞു. തങ്ങളല്ല, ഈ വസ്ത്രങ്ങൾ അലക്കിയതെന്ന്.
''പിന്നെ ആരാണ് ഈ വസ്ത്രങ്ങൾ അലക്കിത്തേച്ച് ഭംഗിയായി അടുക്കിവച്ചത് ?
''ദേ... അവിടെ നിൽക്കുന്ന അദ്ദേഹമാണ് ഇതൊക്കെ അലക്കിയത്. ലാലാജിയുടെ കൂടെ അദ്ദേഹത്തിന്റെ മുറിയിൽ താമസിച്ചിരുന്ന അതിഥി.""
കഴിഞ്ഞദിവസം ഈ വസ്ത്രങ്ങളൊക്കെ നനച്ച് അയയിൽ ഉണക്കാൻ വിരിക്കുന്നത് ഞാൻ കണ്ടു, ഒരു ഭൃത്യൻ പറഞ്ഞു. ലാലാജിയും ഗുപ്തയും അത്ഭുതസ്തബ്ധരായിപോയി. മറ്റൊരാളുടെ മുഷിഞ്ഞ വസ്ത്രം അലക്കുന്നത് മഹനീയമായ ഒരു പ്രവൃത്തിയാണെന്ന് ഗാന്ധിജി പ്രവൃത്തിയിലൂടെ തെളിയിക്കുകയായിരുന്നു. അലക്കുകാരുടെ തൊഴിലിന്റെ മഹത്വം ഉയർത്തിപ്പിടിക്കാനും സ്വന്തം ജോലികൾ സ്വന്തമായി തന്നെ നിർവഹിക്കുന്നതാണുചിതം എന്ന് തെളിയിക്കാനുമാണ് ഗാന്ധിജി ആ ദൗത്യം നിസംശയം നിർവഹിച്ചത്. മാലിന്യത്തെ അകറ്റി വിശുദ്ധമാക്കുന്ന ജോലിയാണ് അലക്കുകാരുടേത്. അത് ആദരിക്കപ്പെടേണ്ട തൊഴിലാണെന്ന് ഭംഗ്യന്തരേണ പറയുകയായിരുന്നു ഗാന്ധിജി. തൊഴിൽ എന്തുമായിക്കൊള്ളട്ടെ... അത് സമൂഹത്തിന്റെ വികസനത്തിന് അത്യാവശ്യം തന്നെയാണ്. അങ്ങനെ തൊഴിലിനെ മാനിക്കുന്ന സംസ്കാരമാണ് മഹത്തരമായ സംസ്കാരമെന്ന് അറിഞ്ഞു തുടങ്ങുമ്പോൾ നാം നമ്മുടെ വിജയപാതയിൽ എത്തി എന്നുറപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |