മോസ്‌കോ: കഴിഞ്ഞ ചൊവ്വാഴ്ച തകർന്ന് വീണ റഷ്യൻ സുഖോയ് യുദ്ധ വിമാനം വെടിവച്ചിട്ടത് മറ്റൊരു റഷ്യൻ പോർ വിമാനത്തിന്റെ പൈലറ്റാണെന്ന് റിപ്പോർട്ട്. പരിശീലനത്തിനിടെ അബദ്ധത്തിൽ വിമാനം വെടിവച്ചിടുകയായിരുന്നുവെന്നാണ് റഷ്യൻ മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് യൂറേഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ചൊവ്വാഴ്ച മോസ്‌കോയുടെ വടക്കുകിഴക്കൻ ടവർ മേഖലയിലെ കുവ്ഷിൻസ്‌കി ജില്ലയിൽ വ്യോമ കേന്ദ്ര പരിധിയിൽ ഡോഗ് ഫൈറ്റ് പരിശീലനം നടത്തുമ്പോഴാണ് റഷ്യൻ വ്യോമസേനയുടെ സുഖോയ് 30 വിമാനം തകർന്ന് വീണത്. സൈനിക പരിശീലനത്തിനിടെ വിമാനം വനമേഖലയിലാണ് തകർന്നു വീണത്. എന്നാൽ, വെടിയേറ്റ് തകർന്ന വിമാനത്തിൽ നിന്ന് പൈലറ്റ് സുരക്ഷിതമായി സീറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടു.
സൈനികാഭ്യാസത്തിനിടെ റഷ്യൻ പോർവിമാനത്തെ മറ്റൊരു വിമാനം ആകാശത്ത് നിന്ന് വെടിവയ്ക്കുകയായിരുന്നു എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സു 35 പോർവിമാനത്തിന്റെ പൈലറ്റാണ് അബദ്ധത്തിൽ സു 30 എസ്.എം വെടിവച്ചിട്ടത്.
ഗൺ ക്യാമറകളിൽ നിന്നും ഇതിന്റെ തെളിവുകൾ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. സു 35 പോർവിമാനത്തിൽ ഘടിപ്പിച്ച തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. പോർവിമാനത്തിലെ തോക്ക് ലോഡാണെന്ന കാര്യം പൈലറ്റിന് അറിയില്ലായിരുന്നു എന്നാണ് പറന്നത്. ഡിസിമിലർ എയർ കോംബാറ്റ് ട്രെയിനിംഗ് എക്സർസൈസ് സമയത്തായിരുന്നു അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |