തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് ഭരണം വന്നാൽ മുസ്ലിംലീഗിന് ആധിപത്യമുള്ള സർക്കാരുണ്ടാക്കാൻ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമടക്കമുള്ള വർഗീയശക്തികളുമായി ലീഗ് കൂട്ടുകെട്ടുണ്ടാക്കുകയാണെന്നും ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് അതിന് മുൻകൈയെടുക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം സംസ്ഥാനസമിതി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമിയടക്കമുള്ളവരുടെ സ്വാധീനം ലീഗിൽ പ്രകടമാകുന്നു. ഹാദിയ സോഫിയ പള്ളി മ്യൂസിയം വിവാദത്തിൽ ലീഗ് നേതാവിന്റെ ലേഖനം ഇതാണ് വ്യക്തമാക്കുന്നത്. കെ.സി.ബി.സി എതിർത്തിട്ടും കോൺഗ്രസ് മിണ്ടിയില്ല. ലീഗിന്റെ അജൻഡയ്ക്കനുസരിച്ചാണ് കോൺഗ്രസും നീങ്ങുന്നത്.
സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർഭരണം കിട്ടുമെന്ന് വന്നപ്പോൾ അതിനെ അട്ടിമറിക്കാൻ വലതുപക്ഷകക്ഷികളുടെ വിശാലസഖ്യമുണ്ടാക്കാനാണ് ശ്രമം. വീണ്ടും ഇടതുപക്ഷം വന്നാൽ യു.ഡി.എഫിന് നിലനില്പില്ലെന്ന് ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടി തുറന്നുപറഞ്ഞത് പുറത്തുവന്നു. അതിന്റെ ഭാഗമായാണ് ബി.ജെ.പി ശക്തിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ബി.ജെ.പിയുമായി ചേർന്നും മുന്നണിയുണ്ടാക്കാമെന്ന ചിന്തയുമായി രംഗത്തുവന്നത് കുഞ്ഞാലിക്കുട്ടിയാണ്. ദൂരവ്യാപകമായ പ്രത്യാഘാതം ഇതുണ്ടാക്കും. കാസർകോട്ട് 150കോടിയുടെ കുംഭകോണം ലീഗിന്റെ ഉന്നതനേതാക്കൾ നടത്തിയതോടെ മുഖം വികൃതമായിട്ടുണ്ട്. വഖഫ് ഭൂമി തട്ടിപ്പും നടന്നു. മുസ്ലിംവിഭാഗത്തിലെ ആരെങ്കിലും അതിന് കൂട്ടുനിൽക്കുമോ? ഇതേക്കുറിച്ചെല്ലാം അന്വേഷിച്ച് ശക്തമായ നടപടി സർക്കാരെടുക്കണം. സ്വർണക്കടത്ത് കേസിൽ പിടിയിലായവരിൽ ഒട്ടേറെ പേർ ലീഗുമായി ബന്ധപ്പെട്ടവരാണ്.
പാർലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ ആദ്യമായി നിലപാടെടുത്ത പിണറായി സർക്കാരിനോട് മതന്യൂനപക്ഷങ്ങൾക്കിടയിൽ മതിപ്പുണ്ടായി. പൗരത്വരജിസ്റ്റർ കേരളത്തിൽ നടപ്പാക്കില്ലെന്ന ആർജവത്തോടെയുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ദേശീയതലത്തിൽ ചർച്ചയായി. ഇതോടെ ലീഗ് നേതൃത്വം കൂടുതൽ പരിഭ്രാന്തരായി.
കേന്ദ്രസർക്കാർ പൊതുമേഖലകൾ വിറ്റുതുലച്ചിട്ടും കോർപ്പറേറ്റുകൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലേക്ക് കടന്നുകയറാനാകുന്നില്ല. ഈ സാഹചര്യത്തിൽ ഇടതുസർക്കാരിനെ അട്ടിമറിക്കാൻ കോർപ്പറേറ്റുകൾ ഇടപെടുകയാണ്. അതിനായി കോൺഗ്രസ്, ബി.ജെ.പി സമരങ്ങൾക്ക് എല്ലാ സഹായങ്ങളും അവരൊരുക്കുന്നു. വൻതോതിൽ പണമിറക്കി കോർപ്പറേറ്റ് മാദ്ധ്യമങ്ങളും ഇറങ്ങിയിരിക്കുകയാണ്.
കൊവിഡിന്റെ മറവിൽ ജനാധിപത്യമര്യാദകൾ ലംഘിച്ച് പാർലമെന്റിൽ കേന്ദ്രസർക്കാർ കർഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ ബില്ലുകൾ പാസ്സാക്കിയപ്പോൾ ലോക്‌സഭയിൽ യു.ഡി.എഫിന്റെ 19 എം.പിമാർ ബി.ജെ.പിയുടെ ബി ടീമായാണ് പ്രവർത്തിച്ചത്. രാജ്യസഭയിൽ ഗുലാംനബി ആസാദിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ലോക്‌സഭയിൽ നടത്താനവർ തയാറായില്ല. ഇടതുപക്ഷത്തിനൊപ്പം സഹകരിച്ചിരുന്നെങ്കിൽ വലിയ പ്രതിഷേധമാകുമായിരുന്നു. 19 യു.ഡി.എഫ് എം.പിമാരും ബി.ജെ.പിയുമായി ചേർന്ന് കേരളത്തിലെ കർഷകരെയും തൊഴിലാളികളെയും വഞ്ചിച്ചു. ഇതെല്ലാം തുറന്നുകാട്ടിയുള്ള പ്രചരണം സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |